തിരുവനന്തപുരം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് വട്ടപ്പാറ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം മുന്‍പ് പതിനാറുകാരിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടിയാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം തുറന്നു പറയുകയായിരുന്നു. ആളില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു ലൈംഗിക പീഡനമെന്നും പൊലീസ് പറയുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ കൊല്ലം പൂയപ്പള്ളിയിൽ 17കാരിയെ 12ഓളം പേർ ചേർന്നു പീഡിപ്പിച്ചു. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതൽ വെളിയം കുടവട്ടൂർ സ്വദേശിനിയായ പതിനേഴുകാരിയെ കാണാതായി. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ കേസിൽ ഇതുവരെ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ നാലുപേരെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വർക്കലയിലുണ്ടെന്ന് മനസിലായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. വർക്കലയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ പെൺകുട്ടി തിരികെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് ഒരു കൌൺസിലറുടെ സഹായത്തോടെ പെൺകുട്ടിയിൽനിന്ന് വിവരം ആരായാൻ ശ്രമിച്ചതിൽനിന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇൻസ്റ്റാഗ്രാം വഴിയുള്ള ബന്ധങ്ങളിലൂടെയാണ് പെൺകുട്ടിയെ കുടുക്കിയതെന്ന് പൊലീസ് മനസിലാക്കി.
നല്ലില പഴങ്ങാലം ഉത്രാടം വീട്ടിൽ ഹൃദയ് എന്ന യുവാവുമായി പെൺകുട്ടി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഹൃദയ് തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ഹൃദയ് പീഡിപ്പിച്ചശേഷം മറ്റു 11ഓളം പേർ കൂടി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഹൃദയ് ഉൾപ്പടെ നാലുപേരെ ഫെബ്രുവരി ഒന്നിന് പൂയപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. പഴങ്ങാലം അമ്പിപ്പൊയ്ക, കോഴിക്കാൽ പുത്തൻ വീട്ടിൽ റഫീഖ്(22), പള്ളിമൺ ജെ. പി നിവാസിൽ ജയകൃഷ്ണൻ(22), മുട്ടയ്ക്കാവ് സ്വദേശി അഭിജിത്ത് (21) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Also Like- ലൈംഗിക പീഡനം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചു; കുത്തിക്കൊലപ്പെടുത്താനും ശ്രമം
കേസിൽ മൂന്നുപേരെ കൂടി ഇന്ന് പൊലീസ് അറസ്റ്റു ചെയ്തു. ഇനിയും അഞ്ചോളം പേർ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്. ഐമാരായ രാജൻ ബാബു, സന്തോഷ് കുമാർ, എഎസ്ഐ രാജേഷ്, അനിൽ കുമാർ, ഗോപ കുമാർ, സിപിഒ ബിജു വർഗീസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Pocso, Rape, Sexual abuse, Thiruvananthapuram, പോക്സോ, ലൈംഗിക പീഡനം