Pocso Case| ഐസ്ക്രീം നൽകി എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്
- Published by:Rajesh V
- news18-malayalam
Last Updated:
കുടുംബശ്രീ പ്രവർത്തകരുടെ ഇടപെടലാണ് കേസിന് സഹായകമായത്.
തൃശൂർ: അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Rape Case) പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. തളിക്കുളം സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
2012 ഡിസംബർ മാസത്തിലാണ് സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് വീട്ടുകാർ അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയെങ്കിലും ഭയം കാരണം കുട്ടി വിഷയം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് പ്രതിയുടെ കുട്ടിയുടെ കൂടെ കളിക്കാൻ പോകാതിരുന്നതിനെ തുടർന്ന് കുട്ടിയോട് നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് വിഷയം കുട്ടിയുടെ വീട്ടുകാർ അറിയുന്നത്.
advertisement
വീട്ടുകാർ പൊലീസില്‍ പരാതി കൊടുക്കാതെ മൂടിവെച്ചു. പിന്നീട് കുട്ടിയോട് അയൽവാസികളായ കുടുംബശ്രീ പ്രവർത്തകർ ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. പിന്നാലെ കുടുംബശ്രീ പ്രവർത്തകർ ഇടപെട്ട് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ 2013 മാർച്ചിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് ബിനോയ് ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
advertisement
വാടാനപ്പിളളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ടി സി രാമനാഥൻ രജിസ്റ്റർ ചെയ്ത കേസ്സിൽ വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ ടി സലിലകുമാർ ആണ് ഈ കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വാടാനപ്പിളളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സിപിഒ ധനീഷ്. സി ഡി, വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സി പി ഒ അനൂപ് എന്നിവരും പ്രവർത്തിച്ചിരുന്നു.
Location :
First Published :
February 02, 2022 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso Case| ഐസ്ക്രീം നൽകി എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്