കോഴിക്കോട്: വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ (Bindu Ammini) കഴിഞ്ഞ ദിവസം മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ്. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
'ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്റെ നേരെയായി', ബിന്ദു അമ്മിണി പറയുന്നു.
ബിന്ദു അമ്മിണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോയില്‍ കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് അക്രമി ധരിച്ചിരിക്കുന്നത്. അടുത്ത വീഡിയോയില്‍ ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നതും അവര്‍ തിരിച്ചു പ്രതിരോധിക്കുന്നതും കാണാം. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
Also Read- Accident| മലപ്പുറം താനൂരിൽ പിതാവും പത്തുവയസുകാരി മകളും ട്രെയിൻ തട്ടി മരിച്ചു
ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദുവിന് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചുവീഴ്ത്തിയിരുന്നു. മനഃപൂർവം ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് അന്ന് നല്‍കിയ പരാതിയില്‍ ബിന്ദു പറഞ്ഞിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ദിവസങ്ങളോളം അവർ ആശുപത്രിയിലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bindu ammini, Kozhikode