കൊച്ചി: നടിയെ ആക്രമിച്ച കേസ് (Actress Attack Case) അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് (Dileep) അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ (Kerala High Court). പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യത്തിലും ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് കേസ് പരിഗണിക്കുന്നത്.
ദിലീപിന്റെ സഹോദരന്‍ പി അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടിയന്തരമായി തീരുമാനമെടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം.
ജാമ്യാപേക്ഷ വൈകുന്ന ഓരോ ദിവസവും ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്ന് ദിലീപും അറസ്റ്റിൽനിന്ന് സംരക്ഷണം ഉള്ളതിനാൽ ഓരോ ദിവസവും തെളിവുകൾ നശിപ്പിക്കുകയാണെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യപേക്ഷ തള്ളണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് പ്രോസിക്യൂഷൻ.
കേരളത്തിൽ ഇതുവരെ ഒരു പ്രതിക്കും ലഭിക്കാത്ത പരിഗണനയാണ് ഈ കേസിൽ ദിലീപിന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നത് എന്നുമാണ് ദിലീപിന്റെ ആക്ഷേപം. ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിക്ക് കൈമാറിയ ആറ് മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യത്തിലും കോടതി തീരുമാനമെടുക്കും. കോടതിയുടെ മേൽനോട്ടത്തിൽ ഫോറൻസിക് പരിശോധന നടത്തണം എന്നുള്ളതാണ് ദിലീപിന്റെ ആവശ്യം.
കേരളത്തിലെ ഫോറൻസിക് ലാബുകളിൽ പരിശോധന നടത്തുന്നതിനെയും ദിലീപ് എതിർക്കുന്നു. എന്നാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറണം എന്നതാണ് പ്രോസിക്യൂഷൻ ആവശ്യം. സംസ്ഥാനത്തിനകത്ത് ഫോറൻസിക് പരിശോധന നടത്തരുതെന്ന പ്രതികളുടെ നിലപാട് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ വിമർശിക്കുന്നു. കേസിലെ എല്ലാ വശങ്ങളും പരിഗണിച്ച് ജാമ്യാപേക്ഷയിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.