നോയിഡ: ചികിത്സയ്ക്കായി കാത്തിരുന്ന ക്ഷമ നശിച്ച യുവാവ് ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ദാദ്രി മേഖലയിൽ ഡെന്‍റൽ ക്ലിനിക് നടത്തുന്ന ഡോ.അജയ് ഘോഷ് ശർമ്മയ്ക്കാണ് (45) കുത്തേറ്റത്. അക്രമവുമായി ബന്ധപ്പെട്ട് ജർച്ച സ്വദേശിയായ മുഹമ്മദ് കുമൈൽ എന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടുത്ത പല്ലുവേദനയെ തുടർന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുമൈൽ ഡെന്‍റിസ്റ്റിനെ കാണാനെത്തിയത്. എന്നാൽ തിരക്കുള്ളതിനാൽ കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പ് സമയം നീണ്ടതോടെ ഇയാൾ ഡോക്ടറുമായി വാക്കു തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ യുവാവ് കത്തിയെടുത്ത് ഡോക്ടറെ ആക്രമിച്ചു. പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് കുമൈലിനെ കസ്റ്റഡിയിലെടുത്തു.
'ശനിയാഴ്ച പതിനൊന്ന് മണിയോടെയാണ് കുമൈൽ ഡോക്ടറെ കാണാനെത്തിയത്. കുറച്ച് സമയം അവിടെ കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ക്ഷമനശിച്ച യുവാവ് ഡോക്ടറുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് കത്തിയെടുത്ത് നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. കൂർത്ത കത്തിവച്ചുള്ള കുത്തിൽ ഇയാൾക്ക് സാരമായ പരിക്കുണ്ട്' ഡെപ്യൂട്ടി കമ്മീഷണർ വിശാൽ പാണ്ഡെ അറിയിച്ചു.
കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിലായി. മലപ്പുറം വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43) ആണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന എടപ്പരുത്തി സിന്ധു (42), മകന്‍ അഭിരാം (ആറ്) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഒരു ചെവി അറ്റുതൂങ്ങിയ നിലയിലാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ സിന്ധുവിനെയാണ് പ്രിയേഷ് ആദ്യം വെട്ടിയത്. ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്‍റെ നിലവിളി കേട്ടാണ് മകൻ ഉണർന്നത്. ഇതോടെ പ്രിയേഷ് മകനു നേരെ തിരിഞ്ഞു. കൈയിൽ വെട്ടേറ്റ അഭിരാം കുതറിമാറി ഓടി രക്ഷപെടുകയായിരുന്നു. അഭിരാം ഓടി സമീപമുള്ള മുരളിയുടെ വീട്ടിലെത്തി ഉറക്കെ നിലവിളിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ പ്രദേശവാസികള്‍ ചേര്‍ന്നാണ് പ്രിയേഷിനെ കീഴ്പ്പെടുത്തിയത്. ഇയാളെ പിന്നീട് തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.