കൊച്ചി: ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ വധശ്രമത്തിന് കേസെടുത്തു. മട്ടാഞ്ചേരി ചെറളായി സ്വദേശി സുധീറിനെതിരെ ഫോർട്ട് കൊച്ചി പോലീസാണ് കേസ് എടുത്തത്. അനുസരണ പഠിപ്പിക്കാനാണ് മകനെ മർദ്ദിച്ചതെന്നാണ് സുധീറിന്‍റെ മൊഴി.
വർഷങ്ങളായി കുട്ടിയെ സുധീർ ഉപദ്രവിക്കാറുണ്ടെന്നാണ് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞത്. ഈ മകൻ തനിക്ക് ഒരു ഭാരമാണെന്ന് ഇയാൾ പറയാറുണ്ടെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. അനുസരണക്കേട് കാട്ടിയപ്പോൾ ശിക്ഷിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഓട്ടോ ഡ്രൈവറാണ് സുധീർ. മദ്യപിച്ചെത്തുമ്പോഴെല്ലാം അരിശം തീർക്കുന്നത് കുട്ടിയെ ഉപദ്രവിച്ചാണെന്ന് പോലീസ് പറഞ്ഞു.
ദൃശ്യങ്ങളിൽനിന്ന് മർദ്ദനത്തിന് രൂക്ഷത എല്ലാവർക്കും ഒറ്റനോട്ടത്തിൽ വ്യക്തമാകും. കുട്ടിയെ വടി കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയാണ് ഇയാൾ. ഇതിനു ശേഷം വീട്ടിലുള്ളവരുടെ ഇടപെടലിനെ തുടർന്ന് വടി നീക്കി. തുടർന്ന് കൈ കൊണ്ടു മർദ്ദനം തുടങ്ങി. എന്നിട്ടും മതിയാകാതെ കുട്ടിയെ തല കുത്തിച്ച്നിർത്തുകയും കുട്ടിയുടെ കാലുകളിൽ ആഞ്ഞ് ചവിട്ടുകയും ചെയ്യുന്നുണ്ട്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് ഇയാൾ കുട്ടിക്ക് നേരെ പലപ്പോഴും ആക്രമണം അഴിച്ചുവിടുന്നത്.
Also Read- എറണാകുളത്ത് ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് കസ്റ്റഡിയിൽ
വീട്ടുകാർ തടയാൻ ശ്രമിക്കുമ്പോൾ അവരെയും മർദ്ദിക്കും. ഇയാളുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് പരിമിതമായ രീതിയിൽ മാത്രമേ അയൽപക്കകാരും ഇടപെടുന്നത്.
വധശ്രമത്തിന് പുറമെ കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരവും പ്രതിയ്ക്കെതിരെ കേസുണ്ട്. കുട്ടിക്കാലം മുതൽ മർദ്ദിച്ചെന്ന അമ്മയുടെ മൊഴി പ്രകരാമാണ് ജെ ജെ അക്ട് കൂടി എടുത്തിട്ടുള്ളത്.
മാനസിക വെല്ലുവിളി നേരിടുന്ന മകനോട് കാട്ടുന്ന ക്രൂരതയുടെ തെളിവുകൾ പുറത്ത് വന്നതോടെയാണ് പോലീസ് നടപടി എടുത്തത്. വർഷങ്ങളായി തുടരുന്ന മർദ്ദനം സഹിക്കാൻ കഴിയാതെ വന്നതോടെ അമ്മ തന്നെയാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. മർദ്ദനത്തിന് ദൃശ്യങ്ങൾ ഇന്നലെ ഒരു ദിവസം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ പരക്കെ പടർന്നു. ഒട്ടനവധി പേർ ഷെയർ ചെയ്യുകയും ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .തുടർന്ന് മുഖ്യധാരാ മാധ്യമങ്ങളിലും മർദ്ദനം വാർത്തയായി മാറി. പോലീസ് സേനയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും ആരൊക്കെയോ ഈ ദൃശ്യങ്ങൾ എത്തിക്കുകയും ചെയ്തു. തുടർന്നാണ് പൊലീസ് നടപടികളിലേക്ക് കടന്നത്.തുടർന്ന് ഫോർട്ട് കൊച്ചി പൊലീസ് ചെറളായിക്കടവ് സ്വദേശി സുധീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ വിഷയത്തിൽ കടുത്ത നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി സാമൂഹ്യ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി പ്രവർത്തിച്ചു കൊണ്ടിരുന്ന പല സ്കൂളുകളും കോവിഡ് സാഹചര്യത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വീടുകളിലേക്ക് ഈ കുട്ടികൾ ഒതുങ്ങി പോകുന്നതോടെ ഇവർക്ക് നേരിടേണ്ടിവരുന്ന അവഗണനയുടെയും പീഡനങ്ങളുടെയും ഉദാഹരണമാണ് മട്ടാഞ്ചേരി നടന്നതെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. സ്പെഷ്യൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attempted murder case, Autism, Brutally beat, Crime news, Kerala police, Kochi