വിവാഹാലോചന നിരസിച്ചതിന് പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍
- Published by:Amal Surendran
- news18-malayalam
Last Updated:
പ്രതി നേരത്തെ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് ആഗ്രഹത്തോടെ വീട്ടിൽ ചെന്നിരുന്നു.
മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് നാടകീയ സംഭവം റിപ്പോർട്ട് ചെയ്തത്. ഇടുക്കി കണയങ്കവയൽ മതമ്പ കപ്പലുമാക്കൽ വീട്ടിൽ കുഞ്ഞുമോൻ മകൻ വിശാഖ് (21) നെയാണ് മുണ്ടക്കയം പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പെൺകുട്ടിയുടെ അമ്മയെയാണ് ഇയാൾ ആക്രമിച്ചത്.
മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്ത പ്രതി വിശാഖിനെ കോടതിയിൽ ഹാജരാക്കി. പ്രതി നേരത്തെ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് ആഗ്രഹത്തോടെ വീട്ടിൽ ചെന്നിരുന്നു. എന്നാൽ വിവാഹാലോചനയോട് പെണ്‍കുട്ടിയുടെ വീട്ടുകാർ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് പെൺകുട്ടിയുടെ അമ്മയെ കൊല്ലാൻ ശ്രമിച്ചത് എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കേസിൽ അറസ്റ്റിലായ വിശാഖ് കഴിഞ്ഞ ദിവസം വെളുപ്പിനെ പെൺകുട്ടിയുടെ വീടിന് പുറകുവശത്ത് പതുങ്ങിയിരുന്ന് അമ്മ പുറത്തിറങ്ങിയ തക്കം നോക്കി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കൾ ഓടിക്കൂടിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടാനായത്. ഇതിനുശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
advertisement
മുണ്ടക്കയം എസ്എച്ച്ഓ ഷൈൻ കുമാർ എ, എസ്.ഐ മാരായ അനീഷ് പി. എസ്, അനൂപ് കുമാർ, മാമൻ വി. എബ്രഹാം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ രേഖ റാം,നൂറുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Location :
First Published :
Aug 16, 2022 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹാലോചന നിരസിച്ചതിന് പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍






