സരിതയുടെ നിയമനത്തട്ടിപ്പ്: അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ; തട്ടിപ്പിന് ഇരയായതിൽ ഡിവൈഎഫ്ഐ പ്രവർത്തകരും
സരിതയുടെ നിയമനത്തട്ടിപ്പ്: അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ; തട്ടിപ്പിന് ഇരയായതിൽ ഡിവൈഎഫ്ഐ പ്രവർത്തകരും
നിയമന തട്ടിപ്പിൽ സരിതയ്ക്കെതിരായ പരാതിയിൽ കേസെടുത്തെങ്കിലും പൊലീസ് തുടർ നടപടിയെടുത്തിട്ടില്ല.
Saritha s nair
Last Updated :
Share this:
തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖകൾ ചമച്ച് ലക്ഷക്കണക്കിനു രൂപയുടെ നിയമന തട്ടിപ്പു നടത്തിയ സരിത എസ്. നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ എംഡി സർക്കാരിന് കത്ത് നൽകി. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു നൽകി സാമ്പത്തിക തട്ടിപ്പു നടത്തിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ മുഖേനയാണ് എക്സൈസ് വകുപ്പിന് എംഡി കത്തു നൽകിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. ബെവ്കോ എംഡി ജി.സ്പർജൻ കുമാറാണ് സർക്കാരിന് കത്ത് നൽകിയത്.
നിയമന തട്ടിപ്പിൽ സരിതയ്ക്കെതിരായ പരാതിയിൽ കേസെടുത്തെങ്കിലും നെയ്യാറ്റിൻകര പൊലീസ് തുടർ നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞമാസം എട്ടിനാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കുന്നത്തുകാൽ പഞ്ചായത്തിലെ ഇടതു സ്ഥാനാർഥി ടി.രതീഷ്, ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികൾ. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ ബെവ്കോയിൽ ഉന്നത ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണവുമായി പരാതിക്കാരൻ രംഗത്തെത്തിയിട്ടുണ്ട്. ബെവ്കോ ഉദ്യോഗസ്ഥയായ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരിൽ പണം വാങ്ങിയെന്നാണ് പരാതിക്കാരനായ അരുണിന്റെ മൊഴി. പിന്നീട് മീനാകുമാരിയെ വിളിച്ചെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണമെന്നും അരുൺ പറയുന്നു. ഇക്കാര്യം അരുൺ സരിതയെ അറിയിച്ചു. ഇതിനു പിന്നാലെ മീനാകുമാരി അരുണിനെ വിളിച്ച് താൻ പറഞ്ഞകാര്യം എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞതെന്നു ചോദിച്ചതായും അരുൺ മൊഴി നല്‍കിയിട്ടുണ്ട്.
ഇരുപത് പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. 2018 ഡിസംബറിലാണു തട്ടിപ്പ് ആരംഭിച്ചത്. രതീഷും ഷാജുവും പണം വാങ്ങിയെങ്കിലും ജോലി ലഭിക്കാത്തതിനാൽ യുവാക്കൾ പ്രശ്നമുണ്ടാക്കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന മുഖവുരയോടെയാണു സരിത വിളിച്ചതെന്നു യുവാക്കള്‍ പറയുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.