• HOME
 • »
 • NEWS
 • »
 • crime
 • »
 • ഝാർഖണ്ഡിൽ ബിജെപി നേതാവിന്‍റെ മകൾ മരിച്ച നിലയിൽ; ബലാത്സംഗ-കൊലപാതകമെന്ന് കുടുംബം

ഝാർഖണ്ഡിൽ ബിജെപി നേതാവിന്‍റെ മകൾ മരിച്ച നിലയിൽ; ബലാത്സംഗ-കൊലപാതകമെന്ന് കുടുംബം

വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഝാർഖണ്ഡിൽ പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പലാമു ജില്ലയിൽ പങ്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബുധാബർ സ്വദേശിനിയായ പതിനാറുകാരിയെയാണ് ഒരു മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെ ഒരു പ്രാദേശിക ബിജെപി നേതാവിന്‍റെ മകളാണ് പെൺകുട്ടി. ഇയാളുടെ അഞ്ച് മക്കളിൽ മൂത്ത കുട്ടിയാണിത്.

  ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. ഇതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് അന്വേഷണം തുടരുന്നതിനിടെ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

  കുട്ടിയുടെ ഒരു കണ്ണ് ചൂഴ്ന്നെടുത്ത നിലയിലാണ്. ഇതിന് ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ക്രൂര മർദ്ദനത്തിന് ഇരയായതായും സംശയിക്കുന്നുണ്ട്. ഇതിന് ശേഷം ഒരു തുണി ഉപയോഗിച്ച് മരത്തിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

  Also Read-Shocking| കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല; സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ചവെച്ച് ഭർത്താവ്; ബലാത്സംഗ കേസിൽ മൂന്നു പേർ പിടിയിൽ

  സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ ട്രേസ് ചെയ്ത് പ്രദീപ് കുമാർ സിംഗ് ധാനുക് എന്ന 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹിതനായ ഈ യുവാവിനെയാണ് കേസിൽ മുഖ്യപ്രതിയായി സംശയിക്കുന്നത്. ഇയാളും കൂട്ടാളികളും ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

  പെൺകുട്ടിയെ പ്രതികൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമെ ഇതൊരു ബലാത്സംഗ- കൊലപാതകമാണോ എന്ന കാര്യം ഉറപ്പിക്കാൻ സാധിക്കു എന്നാണ് എസ്പി സഞ്ജീവ് കുമാർ അറിയിച്ചിരിക്കുന്നത്.  'കേസിൽ സാധ്യമായ എല്ലാവശങ്ങളും പരിശോധിച്ച് വരികയാണ്. പെൺകുട്ടിക്ക് ഒരാളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് പ്രാഥമിക തെളിവുകൾ നൽകുന്ന സൂചന. കുട്ടിയുടെ കുടുബം ഈ ബന്ധത്തെ എതിർത്തിരുന്നു. ഇതിനെച്ചൊല്ലി പെൺകുട്ടിയും കുടുംബവും തമ്മിൽ കുറച്ച് ദിവസം മുമ്പ് വലിയ തർക്കം നടന്നിരുന്നുവെന്ന് വിവരമുണ്ട്. ഇതിനുശേഷമാണ് കുട്ടിയെ കാണാതായത്' എസ്പി വ്യക്തമാക്കി.

  അതേസമയം സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്നറിയിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടി മരിച്ച ദുഃഖത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ പൊലീസിന് സാധിക്കുന്നില്ലെങ്കിൽ പാർട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്നാണ് ഝാർഖണ്ഡ് ബിജെപി വക്താവ് പ്രതുൽ ഷാഹ്ദിയോ അറിയിച്ചത്.
  Published by:Asha Sulfiker
  First published: