അമ്മയെ അസഭ്യം പറഞ്ഞതിന് അയൽവാസിയെ കൊലപ്പെടുത്തി സഹോദരന്മാർ
- Published by:Sneha Reghu
- news18-malayalam
Last Updated:
രാത്രി നടന്ന സംഭവം പിറ്റേ ദിവസം രാവിലെയായിരുന്നു പുറത്തറിഞ്ഞത്
പാലക്കാട്: അമ്മയെ അസഭ്യം പറഞ്ഞതിന് അയൽവാസിയെ സഹോദരന്മാർ മദ്യലഹരിയിൽ കൊലപ്പെടുത്തി. മുണ്ടൂർ കുമ്മംകോട് വീട്ടിൽ മണികണ്ഠൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്മാരായ വിനോദ് (46), ബിനിഷ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തങ്ങളുടെ അമ്മയെ അസഭ്യം പറഞ്ഞതിനെ ഇരുവരും ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്. ഇഷ്ടികയും ഓടും ഉപയോഗിച്ചായിരുന്നു മണ്കണ്ഠനെ സഹോദരങ്ങൾ ആക്രമിച്ചത്. മണികണ്ഠന്റെ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. രാത്രി നടന്ന സംഭവം പിറ്റേ ദിവസം രാവിലെയായിരുന്നു പുറത്തറിഞ്ഞത്.
മദ്യപിച്ച് അയൽ വീട്ടുകാർ തമ്മിൽ സ്ഥിരം തർക്കമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂലിപ്പണിക്കാരനായ മണികണ്ഠൻ തനിച്ചാണ് താമസിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം കൂടിയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അജിത്കുമാർ, മണ്ണാർക്കാട് സിഐ സി. സുന്ദരൻ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
Location :
Palakkad,Kerala
First Published :
March 27, 2025 10:11 PM IST