സ്വർണം കടത്താൻ ദമ്പതിമാർ; കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് 2 കിലോഗ്രാം സ്വർണമിശ്രിതം
- Published by:Sarika KP
- news18-malayalam
Last Updated:
കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്തുവാനാണ് ഈ ദമ്പതികൾ ശ്രമിച്ചത്.
സ്വർണ്ണം കടത്താൻ എല്ലാ മാർഗങ്ങളും പരീക്ഷിക്കുകയാണ് സ്വർണ്ണക്കടത്ത് സംഘം. കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് പരിശോധന കുറവാകും എന്ന പരിഗണന ദുരുപയോഗം ചെയ്യാനായിരുന്നു കള്ളക്കടത്ത് സംഘത്തിൻറെ ശ്രമം. കൊടുവള്ളി എളേറ്റിൽ സ്വദേശികളായ ദമ്പതികളായ പുളിക്കിപൊയിൽ ഷറഫുദ്ധീനും (44) ഭാര്യ നടുവീട്ടിൽ ഷമീനയും (37) ആണ് സ്വർണ്ണം കടത്താൻ ശ്രമിച്ച് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി ദുബായിൽ നിന്നും സ്‌പൈസ്ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികൾ ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഏകദേശം 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണമിശ്രിതം ആണ് ഇരുവരിൽ നിന്നും കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത് .
ഷറഫുദ്ധീൻ തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽനിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ ഈ ദമ്പതികളുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം രണ്ടുപേർക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.
advertisement
ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളോടോത്ത് ദുബായിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോഴാണ് ഈ കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്തുവാനാണ് ഈ ദമ്പതികൾ ശ്രമിച്ചത്. ഷമീനയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ സ്വർണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഷറഫുദ്ധീൻ താനും സ്വർണം ഒളിപ്പിച്ചു വച്ചു കൊണ്ടുവന്നിട്ടുണ്ടെന്നു ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.
advertisement
ജോയിന്റ് കമ്മിഷണർ ഡോ. എസ്. എസ്. ശ്രീജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർമാരായ ഷോളി പി. ഐ., പ്രവീൺകുമാർ കെ. കെ., സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണൻ, ടി. എൻ. വിജയ, എം. ചെഞ്ചുരാമൻ, സ്വപ്ന വി. എം., ഇൻസ്‌പെക്ടർമാരായ നവീൻ കുമാർ, ഇ .രവികുമാർ , ധന്യ കെ. പി. ഹെഡ് ഹവൽദാർ ഇ. ടി. സുരേന്ദ്രൻ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.
Location :
Kozhikode,Kozhikode,Kerala
First Published :
May 17, 2023 11:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വർണം കടത്താൻ ദമ്പതിമാർ; കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് 2 കിലോഗ്രാം സ്വർണമിശ്രിതം