യുദ്ധത്തിനിടെ ഇറാനിൽ ഇന്റർനെറ്റ് നിരോധനം; 99 ശതമാനം ആളുകൾക്കും ഇന്റർനെറ്റില്ല
- Published by:Nandu Krishnan
- news18-malayalam
Last Updated:
സമീപകാലത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് നിരോധനങ്ങളിൽ ഒന്നാണ് ഇറാനിലേത്
ബോംബുകൾ വർഷിക്കുകയും സംഘർഷം രൂക്ഷമാവുകയും ചെയ്യുന്നതിനിടയിൽ, ലോകവുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കുന്ന തരത്തിലുള്ള ഇന്റർനെറ്റ് നിരോധനം നേരിടുകയാണ് ദശലക്ഷക്കണക്കിന് ഇറാനികൾ. യുദ്ധകാലത്തെ ഒരു മുൻകരുതൽ നടപടിയായി ആരംഭിച്ച ഈ നിയന്ത്രണം ഇപ്പോൾ ആഴ്ചകളായി തുടരുകയാണ്. ജനങ്ങളുടെ സുരക്ഷ, വിവര കൈമാറ്റത്തിന്മേലുള്ള നിയന്ത്രണം എന്നിവയെ സംബന്ധിച്ച് വലിയ ആശങ്കകളാണ് ഇൻ്റർനെറ്റ് നിരോധനം ഉയർത്തുന്നത്.
സമീപകാലത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് നിരോധനങ്ങളിൽ ഒന്നാണ് ഇറാനിലേത്. ഇന്റർനെറ്റ് ലഭ്യത സാധാരണ നിലയുടെ 1 മുതൽ 4 ശതമാനം വരെയായി കുറഞ്ഞുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള നിരീക്ഷണ ഗ്രൂപ്പുകൾ പറയുന്നു. ഫെബ്രുവരി അവസാനത്തിൽ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് നിരോധനം തുടങ്ങിയത്. നിയന്ത്രണങ്ങൾ ഇപ്പോഴും കർശനമായി തുടരുകയാണ്. ഏകദേശം 99 ശതമാനം ഇറാനികൾക്കും ഇപ്പോൾ ഇന്റർനെറ്റ് ലഭ്യമല്ലെന്ന് ഇന്റർനെറ്റ് ശൃംഖലയുടെ പ്രവർത്തനം വിലയിരുത്തുന്ന കെന്റിക് എന്ന കമ്പനിയുടെ ഡയറക്ടർ ഡഗ് മഡോറി വ്യക്തമാക്കി.
advertisement
തന്ത്രപ്രധാനമായ വിവരങ്ങൾ ചോരുന്നത് തടയാനും പ്രതിഷേധക്കാരുടെ ഏകോപനം ഇല്ലാതാക്കാനും യുദ്ധസമയത്തെ വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനുമാണ് അധികൃതർ നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സാധാരണ ജനങ്ങൾക്ക് ജീവൻരക്ഷാ വിവരങ്ങളും ആശയവിനിമയ സൗകര്യങ്ങളും നിഷേധിക്കുന്നത് അവരെ കൂടുതൽ അപകടത്തിലാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, വിയോജിപ്പുകളെ അടിച്ചമർത്തുന്നതും ക്രൂരതകൾ മറച്ചുവെക്കുന്നതും ഇറാൻ സർക്കാരിന്റെ പതിവുരീതിയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. അതേസമയം, സുരക്ഷാ കാരണങ്ങളാലാണ് ഇത്തരമൊരു നടപടിയെന്നും ഏതൊരു രാജ്യവും യുദ്ധസമയത്ത് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്റർനെറ്റ് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തി.
advertisement
നിരോധനമുണ്ടെങ്കിലും ജനങ്ങൾ ആശയവിനിമയത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്തുന്നുണ്ട്. മിക്കവയും പിടിച്ചെടുക്കപ്പെട്ടെങ്കിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപകരണങ്ങൾ ചിലർ ഉപയോഗിക്കുന്നതായാണ് വിവരം. റേഡിയോകളും ലാൻഡ്‌ലൈനുകളും മറ്റ് അനൗദ്യോഗിക ശൃംഖലകളും വിവര കൈമാറ്റത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് വളരെ പരിമിതവും അപകടസാധ്യതയുള്ളതുമാണ്. സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള ആശയവിനിമയ ശൃംഖലകൾ ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ നൽകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതോടെ കുടുംബാംഗങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനോ, അടിയന്തര വിവരങ്ങൾ ലഭ്യമാക്കാനോ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ മാധ്യമപ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും വിവരങ്ങൾ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഇറാനിൽ നിന്നുള്ള ശബ്ദങ്ങൾ നിശബ്ദമാക്കപ്പെടുമ്പോൾ പുറത്തുനിന്നുള്ള പ്രചാരണങ്ങൾ വർദ്ധിക്കുന്നത് തെറ്റായ വിവരങ്ങൾ പടരാൻ കാരണമാകുന്നു. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഇറാനികൾക്ക് സർക്കാർ നിയന്ത്രണത്തിലുള്ള നെറ്റ്‌വർക്കുകളെയും സന്ദേശമയയ്‌ക്കൽ സേവനങ്ങളെയും മാത്രം ആശ്രയിക്കേണ്ടി വരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 19, 2026 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യുദ്ധത്തിനിടെ ഇറാനിൽ ഇന്റർനെറ്റ് നിരോധനം; 99 ശതമാനം ആളുകൾക്കും ഇന്റർനെറ്റില്ല









