ഓൺലൈനിൽ പണം നൽകി 'വിസ്കി' വാങ്ങാൻ ശ്രമിച്ചു; കസ്റ്റംസ് ഉദ്യോഗസ്ഥന് നഷ്ടമായത് 39000 രൂപ !!
- Published by:Asha Sulfiker
- news18-malayalam
Last Updated:
മടിച്ചാണെങ്കിലും കാർഡിന്‍റെ സിവിവി നമ്പറും ബാങ്ക് അയച്ച OTP നമ്പറും വൈൻ ഷോപ്പ് ജീവനക്കാരന് പറഞ്ഞു കൊടുത്തു
മുംബൈ: ഒരു വിസ്കി വാങ്ങാൻ ശ്രമിച്ച് പതിനായിരക്കണക്കിന് രൂപ പറ്റിക്കപ്പെട്ട് ഉദ്യോഗസ്ഥൻ. മുംബൈയിലെ 56 കാരനായ ഒരു കസ്റ്റംസ് ഇൻസ്പെക്ടറാണ് അതിവിദഗ്ധമായി പറ്റിക്കപ്പെട്ടത്. ഇയാളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആഴ്ചകൾക്ക് മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് നേരത്തെ ഇറങ്ങിയ ഉദ്യോഗസ്ഥൻ ഒരു ഹോട്ടലിൽ ചായ കുടിക്കുന്നതിനായി കയറിയിരുന്നു. ഇതിനിടയിലാണ് വിസ്കി വാങ്ങണമെന്ന കാര്യം ഓര്‍ത്തത്. തുടര്‍ന്ന് ഒരു സുഹൃത്തിനെ വിളിച്ച് ഏറ്റവും അടുത്തു തന്നെയുള്ള ഒരു വൈൻ ഷോപ്പിലെ ഫോണ്‍ നമ്പർ ചോദിച്ചു. സുഹൃത്ത് ഒരു പരിചയക്കാരനിൽ നിന്ന് നമ്പർ വാങ്ങി നൽകുകയും ചെയ്തു. ഉദ്യോഗസ്ഥൻ വൈൻ ഷോപ്പിലേക്ക് വിളിച്ചു. ഫോൺ എടുത്തയാളോട് വൈൻ ഷോപ്പാണോയെന്ന് ചോദിച്ചപ്പോൾ അനുകൂല മറുപടിയും ലഭിച്ചു.
advertisement
'ഒരു കുപ്പി വിസ്കി പായ്ക്ക് ചെയ്ത് വയ്ക്കാൻ ഷോപ്പ് ജീവനക്കാരനോട് ആവശ്യപ്പെട്ടപ്പോൾ ഓണ്‍ലൈൻ പെയ്മെന്‍റ് മാത്രമെ സ്വീകരിക്കു എന്നാണ് മറുപടി ലഭിച്ചത്. ക്രെഡിറ്റ് /ഡെബിറ്റ് കാർഡ് ഉണ്ടോയെന്നും അയാൾ ചോദിച്ചു. തുടർന്ന് ക്രെഡിറ്റ് കാർഡ് വഴി പെയ്മെന്‍റ് നടത്താൻ തീരുമാനിച്ചു. അയാൾ ചോദിച്ച എല്ലാ വിവരങ്ങളും നല്‍കി' പൊലീസിന് നൽകിയ മൊഴിയിൽ ഉദ്യോഗസ്ഥൻ പറയുന്നു. മടിച്ചാണെങ്കിലും കാർഡിന്‍റെ സിവിവി നമ്പറും ബാങ്ക് അയച്ച OTP നമ്പറും വൈൻ ഷോപ്പ് ജീവനക്കാരന് പറഞ്ഞു കൊടുത്തുവെന്നും ഇയാള്‍ പറയുന്നു. തൊട്ടു പിന്നാലെ അക്കൗണ്ടില്‍ നിന്ന് 2730 രൂപ കുറഞ്ഞതായി മെസേജ് വന്നു. ഉദ്യോഗസ്ഥൻ ഇരിക്കുന്ന സ്ഥലത്ത് തന്നെ വിസ്കി എത്തിച്ചു നൽകാമെന്നും ജീവനക്കാരൻ അറിയിച്ചു.
advertisement
ഇതിനായി കാത്തിരിക്കുന്നതിനിടെയാണ് 'വൈൻ ഷോപ്പിൽ' നിന്നും വീണ്ടും ഒരു കോള്‍ വരുന്നത്. നേരത്തെയുള്ള പേയ്മെന്‍റ് പേജ് തങ്ങളുടെ സെര്‍വറിൽ ഓപ്പണായി കിടക്കുകയാണെന്നും ഉദ്യോഗസ്ഥന്‍റെ എല്ലാവിവരങ്ങളും അതിലുണ്ടെന്നുമാണ് ഇയാൾ പറഞ്ഞത്. ഇത് ക്ലോസ് ചെയ്യുന്നതിനായി ബാങ്കില്‍ നിന്നും പുതിയ OTP വല്ലതും വന്നിട്ടുണ്ടെങ്കിൽ പറഞ്ഞു തരണമെന്നുമായിരുന്നു അറിയിച്ചത്. ഇത് വിശ്വസിച്ച് പോയ ഉദ്യോഗസ്ഥൻ പുതിയ OTP വിവരങ്ങളും പറഞ്ഞു കൊടുത്തു. തൊട്ടു പിന്നാലെ അക്കൗണ്ടിൽ നിന്നും 36,084 രൂപ കുറഞ്ഞതായി മെസേജ് വന്നു. ഇതോടെയാണ് പറ്റിക്കപ്പെട്ടുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന് ബോധ്യമായത്.
advertisement
ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ആദ്യത്തെ ഇടപാട് ഗുരുഗ്രാമിലാണ് നടന്നതെന്ന് മനസിലായി. രണ്ടാമത്തെ ഇടപാട് മുംബൈയിലും. ഓൺലൈൻ പർച്ചേസിനായാണ് ഇത്രയും വലിയ തുക വിനിയോഗിച്ചതെന്നും വ്യക്തമായി. രണ്ട് ദിവസം മുമ്പാണ് ഉദ്യോഗസ്ഥന്‍റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Location :
First Published :
September 17, 2020 9:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓൺലൈനിൽ പണം നൽകി 'വിസ്കി' വാങ്ങാൻ ശ്രമിച്ചു; കസ്റ്റംസ് ഉദ്യോഗസ്ഥന് നഷ്ടമായത് 39000 രൂപ !!