ഉണ്ണിയപ്പ ചട്ടിക്കുള്ളിലും ഈന്തപ്പഴക്കുരുവിനുള്ളിലും സ്വർണം; കരിപ്പൂരിൽ കസ്റ്റംസിന്റെ സ്വർണവേട്ട
- Published by:Naseeba TC
- news18-malayalam
Last Updated:
പെർഫ്യൂം കുപ്പിയിൽ കലര‍്ത്തിയും സ്വർണം കടത്താൻ ശ്രമം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ സ്വർണവേട്ട. ജീൻസിനുള്ളിലും ഈന്തപ്പഴക്കുരുവിന് ഉള്ളിലും സുഗന്ധ ദ്രവ്യരൂപത്തിലും ഇലക്ട്രിക് ഉണ്ണിയപ്പ ചട്ടിക്ക് ഉള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം ആണ് കസ്റ്റംസ് പിടികൂടിയത്. മസ്കറ്റിൽ നിന്നും വന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി ഷറഫുദ്ദീൻ ആണ് ജീൻസിലും ഈന്തപ്പഴക്കുരുവിൻ്റെ ഉള്ളിലും സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
1192 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇയാൾ ജീൻസിനുള്ളിൽ ഒളിപ്പിച്ചത്. മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വേർതിരിച്ചു എടുത്തപ്പോൾ 402 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. 25 ലക്ഷം രൂപയോളം മൂല്യം ആണ് വിപണിയിൽ ഇതിന് കണക്കാക്കുന്നത്.
ഇതിന് പുറമെ, ചോക്ലേറ്റ് മിഠായി കവറിൽ പൊതിഞ്ഞ ഈന്തപ്പഴ കുരുവിന് ഇടയിലും സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചിരുന്നു. 20 കഷ്ണങ്ങളായി 141 ഗ്രാം സ്വർണം ആണ് ഇയാൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത്. ഇതിൻ്റെ മൂല്യം 9 ലക്ഷം രൂപയോളം വരും.
advertisement
രണ്ടാമത്തെ കേസിൽ, സുഗന്ധ ദ്രവ്യ കുപ്പിയിൽ സ്വർണം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് വന്ന കുമ്പള സ്വദേശി അബ്ദുൾ ലത്തീഫ് ആണ് കസ്റ്റംസിൻ്റെ പിടിയിൽ ആയത്. പരിശോധനയ്ക്കിടെയാണ് ഇയാളുടെ ബാഗേജിൽ ഉണ്ടായിരുന്ന 6 സുഗന്ധദ്രവ്യ കുപ്പികൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് തുറന്ന് ഉള്ളിലെ ദ്രാവകം രാസപരിശോധന നടത്തി. സ്വർണം ലയിപ്പിച്ച രാസലായനിയാണ് ഇതെന്ന് കണ്ടത്തി. 83 ഗ്രാം സ്വർണം ആണ് വേർ തിരിച്ചെടുത്തത്. ഈ സ്വർണത്തിൻ്റെ മൂല്യം 5.5 ലക്ഷം രൂപയോളം വരും.
advertisement
ഇലക്ട്രിക് ഉണ്ണിയപ്പം മേക്കറിന് ഉള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1500 ഗ്രാം സ്വർണം ആണ് മൂന്നാമത്തെ കേസായി ഡി ആർ ഐയുടെ സഹായത്തോടെ കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായിൽ നിന്ന് വന്ന കോഴിക്കോട് പെരുവയൽ സ്വദേശിനി ബീന മുഹമ്മദ് ആസാദ് ആണ് സ്വർണം ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. 95 ലക്ഷം രൂപ ആണ് ഈ സ്വർണത്തിൻ്റെ വിപണി മൂല്യം കണക്കാക്കുന്നത്.
Location :
Malappuram,Kerala
First Published :
January 21, 2024 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉണ്ണിയപ്പ ചട്ടിക്കുള്ളിലും ഈന്തപ്പഴക്കുരുവിനുള്ളിലും സ്വർണം; കരിപ്പൂരിൽ കസ്റ്റംസിന്റെ സ്വർണവേട്ട