തിരുവനന്തപുരം: തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍(Doctor) ചമഞ്ഞ് രോഗിയെ ചികിത്സിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം. സംഭവത്തില്‍ അറസ്റ്റിലായ(Arrest) നിഖില്‍(22) രോഗിയുടെ രക്ത സാമ്പിളുകളില്‍(Blood Samples) വെള്ളം ചേര്‍ത്തെന്ന് പൊലീസ് പറഞ്ഞു. ഒന്നാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ വിഴിഞ്ഞം സ്വദേശി റിനുവിന്റെ രക്തസാമ്പിളിലാണ് വെള്ളം ചേര്‍ത്തത്.
പരിശോധാ ഫലം വന്നപ്പോള്‍ രക്ത ഘടകങ്ങളുടെ അളവില്‍ വലിയ വ്യത്യാസങ്ങള്‍ കണ്ടു. വൃക്ക തകരാറിലാണെന്ന് റിനുവിനെ തെറ്റിദ്ധരിപ്പിച്ച് നിഖില്‍ തുടര്‍ചികിത്സയ്ക്കായി പണം വാങ്ങുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷമാണ് നിഖില്‍ വാര്‍ഡില്‍ എത്തിയിരുന്നത്. പരിശോധനാഫലത്തില്‍ കുഴപ്പങ്ങളുണ്ടെന്ന് പറഞ്ഞ് അടിക്കടി റിനുവിനെ ആശങ്കപ്പെടുത്തിയിരുന്നു.
ദിവസവും വാര്‍ഡിലെ ഓരോരുത്തരോടും രോഗവിവരങ്ങള്‍ ചോദിച്ച ശേഷമേ നിഖില്‍ മടങ്ങൂ. എന്തെങ്കിലും സഹായം വേണ്ടവര്‍ക്ക് അത് ചെയ്ത് കൊടുക്കും. ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു നിഖിലിന്റെ പെരുമാറ്റം. താന്‍ ഡെര്‍മറ്റോളജി വിഭാഗത്തിലെ പി.ജി. വിദ്യാര്‍ഥിയാണെന്നാണ് നിഖില്‍ എല്ലാവരോടും പറഞ്ഞിരുന്നത്.
ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും തുടര്‍പഠനത്തിനായി 80,000 രൂപയും വാങ്ങി. ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയില്‍ സഹായത്തിനെത്തിയത്.
പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജനെ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചു.
നിഖിലിനെതിരേ ആള്‍മാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി മെഡിക്കല്‍ കോളേജ് സി.ഐ. പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇന്ന് ആശുപത്രി ലാബിലെ ജീവനക്കാരെ വിളിപ്പിക്കും. രക്ത സാംപിളില്‍ മറ്റ് കൃത്രിമത്വം നടത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്നും മെഡിക്കല്‍കോളജ് പൊലീസ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.