നാല് വര്‍ഷം മുമ്പാണ് ആസാമിലെ ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിന് സമീപം വയോധികയുടെ മൃതദേഹം തലയറുത്ത നിലയിൽ കണ്ടെത്തിയത്. ഈ കേസിലെ അഞ്ച് പ്രതികൾ ഇപ്പോൾ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കാമാഖ്യ ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ജയ് ദുര്‍ഗ ക്ഷേത്രത്തിന്റെ പടിക്കെട്ടിലാണ് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാമാഖ്യ ദേവിക്ക് ‘നരബലി’യായാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്.
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരനായ പ്രദീപ് പഥക് (52) ആണ് കേസിലെ മുഖ്യ പ്രതിയെന്ന് ഗുവാഹത്തി പോലീസ് കമ്മീഷണര്‍ ദിഗന്ത ബോറ പറഞ്ഞു.
മധ്യപ്രദേശിലെ ജബല്‍പൂരിലെ ക്ഷേത്രത്തില്‍ നിന്ന് അറസ്റ്റിലായ മാതാപ്രസാദ് പാണ്ഡെ (50), ഗുവാഹത്തിയില്‍ നിന്നുള്ള സുരേഷ് പാസ്വാന്‍ (56), ഗുവാഹത്തിയിലെ ഭൂതനാഥ് ശ്മശാനത്തില്‍ പൂജ നടത്തുന്ന കനു ആചാരി എന്ന കനു താന്ത്രിക് (62), രാജു ബാബ എന്നറിയപ്പെടുന്ന ഭയ്യാറാം മൗറേയ (60) എന്നിവരാണ് മറ്റ് പ്രതികള്‍.
ക്ഷേത്രത്തിൽ എല്ലാ വര്‍ഷവും നടക്കുന്ന അംബുബാച്ചി ഉത്സവം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. അംബുബാച്ചി ഉത്സവത്തില്‍ പങ്കെടുക്കാനായി ഗുവാഹത്തിയിലെത്തിയ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ നിന്നുള്ള 64 കാരിയായ ശാന്തി ഷായാണ് ദാരുണമായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് സമീപം തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയെതുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ശാന്തിയുടെ മകന്‍ സുരേഷ് ഷാ ആണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പൂര്‍ത്തിയാക്കാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിനായിട്ടുള്ള അസം പോലീസിന്റെ തുടര്‍ച്ചയായ നീക്കത്തിന്റെ ഭാഗമായി ഈ വര്‍ഷം കേസ് വീണ്ടും പരിഗണിക്കുകയുണ്ടായി. അങ്ങനെയാണ് നാല് വര്‍ഷത്തിന് ശേഷം പ്രതികളെ പിടികൂടിയത്.
‘അന്വേഷണത്തില്‍, കാമാഖ്യ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി പ്രതികൾ നരബലി നടത്തിയതായി കണ്ടെത്തി. പ്രദീപ് പഥക്കിന് ചില താന്ത്രിക് വിശ്വാസങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍, നാഗ സാധു, 11 വര്‍ഷം മുമ്പ് ജൂണ്‍ 18 നാണ് മരിച്ചത്. തന്റെ സഹോദരന്റെ ഓര്‍മ്മയ്ക്കായി അതേ ദിവസം പ്രദീപ് കപാലി പൂജ നടത്താന്‍ ആഗ്രഹിച്ചിരുന്നു’ ബോറ പറഞ്ഞു.
ഇതനുസരിച്ച് പ്രദീപ് ഒരു സന്യാസിക്കൊപ്പം ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഗുവാഹത്തിയിലേക്ക് പോയി, ഇരയ്ക്കും മറ്റ് രണ്ട് സ്ത്രീകള്‍ക്കും ഒപ്പം പശ്ചിമ ബംഗാളില്‍ നിന്നുള്ള മറ്റൊരു സന്യാസിയെ അവിടെ വെച്ച് ഇവര്‍ കണ്ടുമുട്ടിയതായി പോലീസ് പറയുന്നു.
‘ഇവര്‍ ഭൂതനാഥില്‍ ഒത്തുകൂടി നരബലി ആസൂത്രണം ചെയ്തു. ജൂണ്‍ 18ന് രാവിലെ അവര്‍ ഒരു കത്തി വാങ്ങി, അറസ്റ്റിലായവരെല്ലാം ഉള്‍പ്പെടെ 12 പേരുടെ സാന്നിധ്യത്തില്‍ അര്‍ദ്ധരാത്രിയിലാണ് നരബലി നടത്തിയെന്ന്’ ബോറ പറഞ്ഞു.
സംഭവ സമയത്ത് ഇവര്‍ എല്ലാവരും മദ്യപിച്ചിരുന്നു. വയോധികയെ മദ്യലഹരിയിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കാമാഖ്യ പരിസരത്തെ ജയ് ദുര്‍ഗാ മന്ദിറിന്റെ ഗോവണിപ്പടിയില്‍ വെച്ച് വയോധികയെ തലയറത്ത് കൊലപ്പെടുത്തുകയായിരുന്നു. 2019ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. പ്രതികൾ അറസ്റ്റിലായ വിവരം ഇന്നലെയാണ് പോലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assam, Crime news, Guwahati, Human sacrifice