HOME » NEWS » Crime » FOUR ARRESTED AFTER ATTACK AT WOMANS HOUSE IN ERATTUPETTA AR

യുവതിയുടെ വീടാക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഈരാറ്റുപേട്ടയിൽ നാലുപേർ അറസ്റ്റിൽ

പൊലീസിനു നേരെ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേരെ പിടികൂടാനുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി എസ്ഐമാരുടെ നേതൃത്വത്തിൽ നാല് സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്

News18 Malayalam | news18-malayalam
Updated: January 28, 2021, 7:57 PM IST
യുവതിയുടെ വീടാക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഈരാറ്റുപേട്ടയിൽ നാലുപേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ യുവതിയുടെ വീടാക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഇതിൽ ഒരാൾ പൊലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച് കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനാണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുക്കളും വട്ടക്കയം സ്വദേശികളുമായ സിനാജ് (38), അമ്മൻ എന്നു വിളിക്കുന്ന സഹിൽ(29), സിദാൻ(22) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരുടെ അറസ്റ്റുരേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സഹൽ മയക്കുമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്നും പൊലീസ് പറയുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവിനെ അപായപ്പെടുത്തുമെന്നു പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി തെക്കേക്കര സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും എതിർ കക്ഷികൾ എത്തിയിരുന്നില്ല. പൊലീസ് സ്റ്റേഷനിൽനിന്ന് വീട്ടിലേക്കു മടങ്ങിയപ്പോഴാണ് യുവതിയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. പ്രതികൾ സംഘം ചേർന്നും ആക്രമണം അഴിച്ചു വിടുകയും, വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർക്കുകയും ചെയ്തു.

You May Also Like- 'പാന്‍റിന്‍റെ സിപ് അഴിക്കുന്നതു ലൈംഗിക അതിക്രമമല്ല'; ബോംബെ ഹൈക്കോടതി

സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാൽ അക്രമികൾ പൊലീസ് സംഘത്തിനു നേരെ തിരിയുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഉൾപ്പടെ പൊലീസിനെ തടഞ്ഞു വെക്കുന്ന സ്ഥിതിയുണ്ടായി. അതിനിടെയാണ് പൊലീസുകാർക്കു നേരെ അക്രമമുണ്ടായത്. സംഭവത്തിൽ എസ്ഐ ജോസഫ് ജോർജിനു പരുക്കേറ്റു.

കൂടുതൽ ആളുകൾ തടിച്ചു കൂടുകയും ഇരു വിഭാഗങ്ങൾ ആയി തിരിഞ്ഞു ഏറ്റുമുട്ടുകയും ചെയ്തതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് അക്രമികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ശ്രമിച്ച മുപ്പതോളം പേരെ പൊലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയ കേസിൽ ചേന്നാട് കവല സ്വദേശി മുഹമ്മദ് അലി(47)യെയാണ് എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐ എം.എച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്.

You May Also Like- യൂട്യൂബിലൂടെ ഹാക്കിങ് പഠിച്ചു; ആദ്യം ഹാക്ക് ചെയ്തത് അച്ഛന്റെ ഇ-മെയിൽ; പത്ത് കോടി ആവശ്യപ്പെട്ട് അഞ്ചാം ക്ലാസുകാരൻ

പൊലീസിനു നേരെ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേരെ പിടികൂടാനുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി എസ്ഐമാരുടെ നേതൃത്വത്തിൽ നാല് സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. നഗരസഭാ കൗൺസിലർമാരായ അൻസർ പുള്ളോലി, അനസ് പാറയിൽ എന്നിവരും കേസിൽ പ്രതികളാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.
Published by: Anuraj GR
First published: January 28, 2021, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories