ബെംഗളുരൂ: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ ബെംഗളൂരുവിൽ നിന്നും പിടികൂടി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ്, ഓരാഴ്ചയായി ഒളിവിലായിരുന്ന പ്രതികളെ എൻ.ഐ.എ വലയിലാക്കിയത്. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ‌് പ്രതികളെ കുടുക്കിയതെന്നാണ് വിവരം.
സന്ദീപിനൊപ്പം കുടുംബസമേതമാണ് സ്വപ്ന ബെംഗളൂരുവിലേക്ക് മുങ്ങിയത്. ഇതിനിടെ സ്വപ്നയുടെ മകൾ സഹപാഠിയെ ഫോണിൽ വിളിച്ചു. ഇതാണ് അന്വേഷണത്തിന് സഹായകമായതെന്നാണ് സൂചന. ഈ നമ്പർ പിന്തുടർന്നാണ് എൻ.ഐ.എ സംഘം പ്രതികളെ പിടികൂടിയത്. ഇതിനായി ബെംഗളുരൂ പൊലീസിന്റെ സഹായം തേടിയതായും വിവരമുണ്ട്.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് NIA കസ്റ്റഡിയിൽ [NEWS] ട്രിപ്പിൾ ലോക് ഡൗണും അതിർത്തിയിൽ കർശന പരിശോധനയും; സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടതെങ്ങനെ? [NEWS]
കൊച്ചിയിലായിരുന്ന പ്രതികൾ വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് വിവരം. എന്നാൽ ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തി കടക്കാൻ പ്രതികൾ ഉന്നതരുടെ സഹായം ലഭിച്ചിരുന്നോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രതികളെ ഞായറാഴ്ച കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലെത്തിക്കും. നിലവിൽ നാലു പ്രതികൾക്കെതിരെയാണ് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.