• HOME
  • »
  • NEWS
  • »
  • crime
  • »
  • മയക്കുമരുന്ന് കേസിൽ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസില്‍ മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം; എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

മയക്കുമരുന്ന് കേസിൽ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസില്‍ മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം; എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചു വീണ്ടും നിയമ നടപടികൾ ആരംഭിക്കുന്നതിനു ഉത്തരവ് തടസമല്ലെന്നും ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ നിർദേശിച്ചു.

  • Share this:

    കൊച്ചി: മയക്കുമരുന്ന് കടത്ത് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. കേസിന്‍റെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. മന്ത്രിക്കെതിരായ ആരോപണം ഗുരുതരമെന്ന് വിലയിരുത്തിയ കോടതി, സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ റദ്ദാക്കിയത്. സംഭവത്തില്‍ പോലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന ആന്റണി രാജുവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

    ലഹരി കടത്ത് കേസിലെ തൊണ്ടിമുതലായ പ്രതി ഉപയോഗിച്ചിരുന്ന  അടിവസ്ത്രം മാറ്റി, കൃത്രിമം കാട്ടി കേസ് അട്ടിമറിച്ചെന്ന ആരോപണമായിരുന്നു ആന്റണി രാജുവിന് എതിരെ ഉയര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തത് സാങ്കേതികമായി ശരിയല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചു വീണ്ടും നിയമ നടപടികൾ ആരംഭിക്കുന്നതിനു ഉത്തരവ് തടസമല്ലെന്നും ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ നിർദേശിച്ചു.

    Also Read – മന്ത്രി ആന്റണി രാജു തൊണ്ടി മാറ്റിയ കേസ്; വേഗത്തിൽ വിചാരണ പൂര്‍ത്തിയാക്കണമന്ന ഹര്‍ജി ഹൈക്കോടതിയില്‍

    കേസ് രജിസ്റ്റർ ചെയ്തതിലെ അപാകതയും ,നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്ത കേസിൽ കുറ്റപത്രം സ്വീകരിച്ച വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്താണ് മന്ത്രി ആന്റണി രാജു കോടതിയെ സമീപിച്ചത്.

    Also Read- മയക്കുമരുന്ന് കേസിൽ തിരുവനന്തപുരം കോടതിയിൽ അണ്ടർവെയർ മാറ്റിയെന്ന് ഇന്‍റര്‍പോളിന്‍റെ കത്ത്

    1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. കേസിലെ ആരോപണങ്ങൾ നീതിനിർവഹണ സംവിധാനത്തെ ബാധിക്കുന്നതായതിനാൽ ഇക്കാര്യത്തിൽ ഹൈക്കോടതി തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ടന്നും കോടതി പറഞ്ഞു പ്രതികളായ മന്ത്രി ആന്റണി രാജു ,കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു ഹർജി നൽകിയത്. പ്രതികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി വിജയഭാനു ,എസ് രാജീവ് എന്നിവർ ഹാജരായി .

    Published by:Arun krishna
    First published: