കൊച്ചി: ലൈംഗിക പീഡന കേസുകളിൽ ( Sexual Harassment)കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് (Anez Anzare)ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അനീസ് അൻസാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. ബുധനാഴ്ച മുതൽ നാലുദിവസം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. നാല് കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
നാലു കേസുകളിലും ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം. പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം. അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. മേക്കപ്പ് സ്റ്റുഡിയോയിൽ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് നാല് കേസുകളാണ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പ് ചെയ്യുന്നതിനിടയിൽ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനീസ് അൻസാരി ഒളിവിൽ പോയി.
Also Read-
മലപ്പുറത്ത് പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ഇയാൾ രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ടായിരുന്നു. ദുബായിലും ഇയാൾക്ക് മേക്കപ്പ് സ്റ്റുഡിയോയുണ്ട്. രാജ്യത്തെ എയർപോർട്ടുകളിൽ ലുക്കൗട്ട് സർക്കുലർ കൊടുക്കാൻ പൊലീസ് ഒരുങ്ങുമ്പോഴാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നേടിയത്.
അതേസമയം പരാതി നൽകുന്ന സ്ത്രീകൾ ആദ്യം സോഷ്യൽമീഡിയയിൽ ഇത് പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ പൊലീസ് രംഗത്തു വന്നിരുന്നു. അനിസ് അൻസാരി ഒളിവിൽ പോയതും ഇതുമൂലമാണെന്ന നിലപാടിലായിരുന്നു പൊലീസ്. പാലാരിവട്ടം പൊലീസ് മൂന്ന് കേസുകളാണ് അനീസ് അൻസാരിക്ക് എതിരെ രജിസ്റ്റർ ചെയ്തത്.
Also Read-
സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; പ്രതി മുഹമ്മദ് നിഷാമിന് ജാമ്യമില്ല; ഹർജി സുപ്രീം കോടതി തള്ളി
സോഷ്യൽ മീഡിയകളിൽ പരാതി പറഞ്ഞ യുവതികൾ ആദ്യം പോലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ പരാതിയുടെ സ്വഭാവം മനസ്സിലാക്കി പോലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് ബന്ധപ്പെടുകയും ഇമെയിൽ വഴി അവർ പരാതി അയക്കുകയും ആയിരുന്നു.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി അറിയപ്പെടുന്ന ഇയാൾക്ക് കേരളത്തിലും ദുബായിലും ഉൾപ്പെടെ സ്ഥാപനങ്ങളുണ്ട്. മേക്കപ്പ് സാധനങ്ങളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഓൺലൈൻ വിൽപ്പന ശൃംഖലയും ഇയാളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.