നവവധുവിന് 'ആഭിചാര പീഡനം'; മദ്യംകുടിപ്പിച്ചു, ബീഡിവലിപ്പിച്ചു; ഭര്‍ത്താവും മന്ത്രിവാദിയുമടക്കം അറസ്റ്റില്‍
- Published by:Sarika N
- news18-malayalam
Last Updated:
യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്ന ഭർതൃമാതാവിന്റെ ആരോപണമാണ് പീഡനങ്ങളിലേക്ക് വഴിവെച്ചത്
കോട്ടയം: പെരുംതുരുത്തിയിൽ ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന വ്യാജേന ആഭിചാരക്രിയ നടത്തി യുവതിക്ക് ക്രൂരപീഡനം. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് യുവതിയെ വിധേയയാക്കിയെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും ഉള്‍പ്പെടെ 3 പേരെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ കുട്ടന്റെ മകന്‍ ശിവദാസ് (54) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് പീഡനത്തിനിരയായ യുവതിയും അഖിൽദാസും. ഇവർ അഖിലിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്ന ഭർതൃമാതാവിന്റെ ആരോപണമാണ് പീഡനങ്ങളിലേക്ക് വഴിവെച്ചത്. ഭർതൃവീട്ടുകാർ ഇടപാട് ചെയ്തതനുസരിച്ച്, നവംബർ രണ്ടിന് തിരുവല്ല മുത്തൂർ സ്വദേശിയായ ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി ശിവദാസും ഇവരുടെ വീട്ടിലെത്തി.
നവംബർ രണ്ടിന് പകൽ 11 മണിമുതൽ രാത്രി ഒമ്പതുമണിവരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകളാണ് ആ വീട്ടിൽ നടന്നത്. ക്രിയകൾക്കിടെ യുവതിക്ക് മദ്യം നൽകിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. കൂടാതെ യുവതിയുടെ ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു. ചടങ്ങുകൾ അവസാനിച്ചതോടെ യുവതിയുടെ മാനസികനില തകരാറിലായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യുവതിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്.
advertisement
പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒന്നാംപ്രതിയായ ശിവദാസനെ തിരുവല്ല മുത്തൂർ ഭാഗത്തുനിന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിനുശേഷം ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്നു. കേസിലെ കൂട്ടുപ്രതികളായ അഖിൽദാസിന്റെ മാതാവും മറ്റുള്ളവരും ഇപ്പോഴും ഒളിവിലാണ്. മണർകാട് എസ്എച്ച്ഒ അനില്‍ ജോര്‍ജ്, എസ്‌ഐമാരായ ആഷ് ടി. ചാക്കോ, രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർമാരായ അനൂപ്, വിജേഷ്, സുബിന്‍ പി. സജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Location :
Kottayam,Kottayam,Kerala
First Published :
November 08, 2025 9:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നവവധുവിന് 'ആഭിചാര പീഡനം'; മദ്യംകുടിപ്പിച്ചു, ബീഡിവലിപ്പിച്ചു; ഭര്‍ത്താവും മന്ത്രിവാദിയുമടക്കം അറസ്റ്റില്‍


