കേരളത്തെ നടുക്കിയ
കൂടത്തായി കൂട്ടക്കൊലപാതകം അത്രപെട്ടെന്ന് ആരും മറന്നിരിക്കാൻ ഇടയില്ല. സംസ്ഥാനത്തെ കൊലപാതകേസുകളുടെ ചരിത്രത്തിൽ തന്നെ വേറിട്ട ഒന്നായിരുന്നു കൂടത്തായിയിലേത്. ജോളി എന്ന സ്ത്രീ വിദഗ്ധമായി ആസൂത്രണം ചെയ്ത് വർഷങ്ങളുടെ ഇടവേളകളിൽ നടപ്പാക്കിയ കൊലപാതകമെന്നതാണ് കൂടത്തായിയെ വേറിട്ടതാക്കുന്നത്. കാസർകോട്
ബളാലിലെ കൊലപാതകത്തിനും കൂടത്തായി കേസിനും സമാനതകളേറെയാണ്.
സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതകങ്ങളായിരുന്നു കൂടത്തായിയിലേത്. ജോളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ
ആൽബിൻ തന്റെ കുടുംബത്തെ ഒന്നാകെ വകവരുത്താൻ പദ്ധതി തയാറാക്കിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജോളിയെ പോലെ കൃത്യമായ പ്ലാനിങ്ങോടെ കൊല നടത്താനാണ് ആൽബിനും ശ്രമിച്ചത്. കൂട്ട ആത്മഹത്യ എന്ന് വരുത്തിത്തീർക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ പൊലീസിന്റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുടുംബസ്വത്ത് തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയാണെന്ന് 22 കാരനായ പ്രതി സമ്മതിച്ചത്.
മുൻപും പല രീതികൾ തെരഞ്ഞെടുത്തെങ്കിലും അവയൊക്കെ പാളുമെന്ന് കണ്ടതോടെ ഉപേക്ഷിച്ചു. പിന്നീട് മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിലാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കൊല ചെയ്യാമെന്ന് ഉറപ്പിച്ചത്. പതിനാറുകാരി വിഷം കലർന്ന ഐസ്ക്രീം കഴിച്ച് മരിച്ചതിന് പിന്നിൽ 22 കാരനായ സഹോദരൻ ആൽബിനാണെന്ന് പൊലീസ് മനസിലാക്കിയത് ദിവസങ്ങൾക്ക് ശേഷമാണ്.
കഴിഞ്ഞ മുപ്പതാം തീയതി അമ്മയെയും അനുജത്തിയെയും കൊണ്ട് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിച്ചു. രാത്രി എല്ലാവരും കഴിച്ച് ബാക്കി ഐസ്ക്രീം ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ബാക്കിയായ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചു. ആദ്യം ആരോഗ്യനില വഷളായ 16കാരി വിദഗ്ധ ഓഗസ്റ്റ് അഞ്ചിന് മരിച്ചു. പിന്നാലെ അച്ഛൻ ബെന്നിയും ഗുരുതരാവസ്ഥയിലായി. കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, മകൻ മാത്രം ബാക്കിയായി എന്ന രീതിയിലൊരു തിരക്കഥയായിരുന്നു ആൽബിൻ ഒരുക്കിയത്.
മഞ്ഞപ്പിത്തം വന്നാണ് ആൻ മേരി മരിച്ചതെന്ന് ബന്ധുക്കൾ തുടക്കത്തിൽ വിശ്വസിച്ചത്. ഐസ്ക്രീം കുറച്ചുമാത്രം കഴിച്ചതിനാൽ അമ്മയ്ക്കും ആൽബിനും ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. കുട്ടിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് വ്യക്തമായി. സംശയം ആദ്യം പലരിലേക്കും നീണ്ടെങ്കിലും ഒടുവിൽ ഇത് ആൽബിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടത്തിയ ക്രൂരകൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.
കുടുംബസ്വത്തായി നാലരയേക്കർ ഭൂമിയാണ് ആൽബിന്റെ കുടുംബത്തിനുള്ളത്. ലഹരിക്കടിമയായിരുന്നു ആൽബിൻ. തന്റെ ഇഷ്ടാനുസരണം ജീവിക്കാൻ കുടുംബം തടസ്സമാണെന്ന് കണ്ടതോടെയാണ് കൂട്ടക്കൊല മെനയാൻ ആൽബിൻ തീരുമാനിച്ചത്. എല്ലാവരെയും വകവരുത്തി നാലരയേക്കർ ഭൂ സ്വത്തും തട്ടിയെടുത്ത് വിറ്റ് നാട് വിടാമെന്നായിരുന്നു കണക്കുകൂട്ടിയത്. പ്രതിക്ക് സോഷ്യൽ മീഡിയ വഴി നിരവധി യുവതികളുമായി സൗഹൃദമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ആരെങ്കിലോടും കൊലപാതക തിരക്കഥ ആൽബിൻ പങ്കുവെച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.