കായംകുളത്തെ ദമ്പതികളുടെ മരണം; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
സുഷമയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച പാടുണ്ട്. കൂടാതെ വാരിയെല്ല് പൊട്ടിയിട്ടുമുണ്ട്
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയ സംഭവം ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ, ഭാര്യ സുഷമ എന്നിവരെയാണ് മരിട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് വീടിനു സമീപത്തെ പുളിമരത്തിൽ സുധനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
രാവിലെ മുതൽ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു. തിരച്ചിലിനോടുവിൽ വൈകുന്നേരം അഞ്ചോടെ സമീപത്തെ കുളത്തിൽ നിന്നും സുഷമയുടെ മൃതശരീരം കണ്ടെത്തിയിരുന്നു. സംഭവത്തിൽ കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. ഇതേതുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് സുഷമയുടെ മരണം കൊലപാതകമാണെന്നും സുധൻ തൂങ്ങിമരിച്ചതാണെന്നും കണ്ടെത്തിയിരിക്കുന്നത്.
സുഷമയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച പാടുണ്ട്. കൂടാതെ വാരിയെല്ല് പൊട്ടിയിട്ടുമുണ്ട്. സുഷമ വീട്ട് ജോലികൾ ചെയ്തും സുധൻ കൂലിപ്പണി ചെയ്‌തുമാണ് ജീവിതം പുലർത്തിയിരുന്നത്. മദ്യപാനിയായ സുധൻ ദിവസവും മദ്യപിച്ച് പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പൊലീസും പറയുന്നു. സുധൻ മുൻപും പലപ്പോഴും സുഷമയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട് എന്നും പൊലീസ് പറയുന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതോടുകൂടി മൃതദേഹങ്ങൾ പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Location :
Kayamkulam,Alappuzha,Kerala
First Published :
January 27, 2025 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കായംകുളത്തെ ദമ്പതികളുടെ മരണം; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്