Drugs| വണ്ടിയിൽ MDMA ഒളിപ്പിച്ചുവെച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗവും കൂട്ടാളികളും പിടിയിൽ; തിരക്കഥയൊരുക്കിയത് കാമുകനൊപ്പം ജീവിക്കാൻ
- Published by:Rajesh V
- news18-malayalam
Last Updated:
സയനൈഡ് നൽകി ഭർത്താവിനെ കൊല്ലാനുള്ള നീക്കം പേടി കാരണം ഉപേക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടായ സംശയമാണ് യഥാർത്ഥ പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്
ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ ശ്രമിക്കുകയും അത് പരാജയപ്പെട്ടപ്പോൾ മയക്കുമരുന്ന് കേസിൽ (Drug Case) കുടുക്കുകയും ചെയ്ത സംഭവത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ഇടുക്കി (Idukki) വണ്ടൻമേട്ടിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ എബ്രഹാം (33), സഹായികളായ ഷാനവാസ് (39), ഷെഫിൻഷാ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11ാം വാർഡായ അച്ചൻകാനത്ത് നിന്ന് എൽഡിഎഫ് പ്രതിനിധിയായാണ് സൗമ്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിനെയാണ് ഇരുചക്രവാഹനത്തിൽ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് കുടുക്കാൻ ഭാര്യ സൗമ്യ എബ്രഹാം ശ്രമിച്ചത്. ഈ മാസം 22നായിരുന്നു സംഭവം. ഡിവൈഎസ്പിക്കും സിഐക്കും തോന്നിയ സംശയമാണ് സംഭവത്തിലെ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
വണ്ടൻമേട് ഇൻസ്പെക്ടറും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് സുനിൽ വർഗീസിന്റെ ഇരുചക്രവാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ യാതൊരു വിവരങ്ങളും ലഭിച്ചില്ല. പിന്നാലെയാണ് സുനിലിനെ ആരെങ്കിലും കുടുക്കിയതായിരിക്കുമോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്ക് തോന്നിയത്.
advertisement
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സുനിലിനെ ഒഴിവാക്കാൻ ഭാര്യ സൗമ്യ വിദേശത്തുള്ള കാമുകൻ വിനോദും ഇയാളുടെ സുഹൃത്ത് ഷാനവാസുമായി ചേർന്ന് നടത്തിയ പദ്ധതിയാണെന്ന് കണ്ടെത്തിയത്. മാനസികമായി ഭർത്താവിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന സൗമ്യ തന്റെ ഭർത്താവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഈ കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഈ മാസം 18ന് മറ്റു വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയാറ്റിൽ വെച്ച് എംഡിഎംഎ സൗമ്യക്ക് കൈമാറി. പിന്നീട് സൗമ്യ ഇത് ഭർത്താവിന്റെ ഇരുചക്രവാഹനത്തിൽ വെച്ചു. വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. വിദേശത്തേക്ക് പോയ കാമുകൻ വിനോദും മറ്റുള്ളവരും ചേർന്ന് വാഹനത്തിൽ മയക്കുമരുന്ന് ഉണ്ടെന്ന രഹസ്യവിവരം പൊലീസിനും മറ്റ് ഇതര ഏജൻസികൾക്കും കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുനിലിന്റെ വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തുന്നത്.
advertisement
കൊലപ്പെടുത്താൻ ആലോചിച്ചു; പരാജയപ്പെട്ടപ്പോൾ അഴിക്കുള്ളിലാക്കാൻ തിരക്കഥയൊരുക്കി
കഴിഞ്ഞ ഒരു വർഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാനായി സുനിലിനെ ഒഴിവാക്കാൻ ഇരുവരും പല പദ്ധതികളും തയാറാക്കി. സുനിലിനെ ആദ്യം വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകിയോ കെലപ്പെടുത്താനായിരുന്നു ആലോചിച്ചത്. എന്നാൽ പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഈ നീക്കത്തിൽ നിന്ന് പിന്മാറി.
ഇടയ്ക്കിടെ വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി വിനോദ് വന്നുപോകാറുണ്ട്. വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ മുറി എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഇരുവരും ഗൂഢാലോചന നടത്തിയത്. അതിനു ശേഷം 18ന് സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറി. പിന്നാലെ വിനോദ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു.
advertisement
എംഡിഎംഎ കേസിൽ ശിക്ഷിക്കപ്പെട്ടാൽ 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. ഇതു മനസ്സിലാക്കിയാണ് സുനിലിനെ ഒഴിവാക്കാൻ സൗമ്യയും കാമുകനും ചേർന്ന് തിരക്കഥ തയാറാക്കിയത്.
വിനോദിനെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പൊലീസ്. പിടിയിലായ ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45,000 രൂപയ്ക്ക് വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തതെന്നും പൊലീസ് കണ്ടെത്തി.
advertisement
ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വണ്ടൻമേട് ഐപി വി എസ് നവാസ് ഇടുക്കി ഡാൻസാഫ് അംഗങ്ങളായ ജോഷി, മഹേശ്വരൻ, അനൂപ്, ടോം എന്നിവരും കട്ടപ്പന ഡിവൈഎസ്പിയുടെ ടീമംഗങ്ങളായ എസ് ഐ സജിമോൻ ജോസഫ്, സിപിഒമാരായാ ടോണി ജോൺ വികെ അനീഷ്, വണ്ടൻമേട് പൊലീസ് സ്‌റ്റേഷനിലെ ഐപി വി.എസ്. നവാസ്, എസ്ഐമാരായ എബി ജോർജ്, ജയ്സ് ജേക്കബ്,റജിമോൻ കൂര്യൻ, സിനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മൃദുല ജി, ഷിബു പിഎസ്, എഎസ്ഐമാരായ വേണുഗോപാൽ , മഹേഷ് പി വി എന്നിവർ ചേർന്ന് ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
Location :
First Published :
February 25, 2022 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Drugs| വണ്ടിയിൽ MDMA ഒളിപ്പിച്ചുവെച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗവും കൂട്ടാളികളും പിടിയിൽ; തിരക്കഥയൊരുക്കിയത് കാമുകനൊപ്പം ജീവിക്കാൻ