• HOME
  • »
  • NEWS
  • »
  • crime
  • »
  • ആറുവർഷം പൊലീസിനെ വട്ടംകറക്കിയ 'ആസാമീസ് സുകുമാര കുറുപ്പ്' പിടിയിൽ

ആറുവർഷം പൊലീസിനെ വട്ടംകറക്കിയ 'ആസാമീസ് സുകുമാര കുറുപ്പ്' പിടിയിൽ

സുഹൃത്തിനെ കൊന്നശേഷം പ്രതി തന്റെ വസ്ത്രങ്ങൾ കൊല്ലപ്പെട്ടയാളെ അണിയിച്ച ശേഷം മരണപ്പെട്ടത് താനാണെന്നു വരുത്തി തീർത്ത് രക്ഷപ്പെടുകയായിരുന്നു

  • Share this:
തൃശൂർ: കുറുപ്പ് മോഡൽ കൊലപാതകം നടത്തി മുങ്ങിനടന്ന ആസാമീസ് സ്വദേശി ആറുവർഷത്തിന് ശേഷം പിടിയിൽ. 2016 മെയ് 10ന് തൃശൂർ മാളയിൽ വീട്ടുജോലിക്കായെത്തിയ ആസാമീസ് സ്വദേശി ഉമാനന്ദ്നാഥിനെ കൊലപ്പെടുത്തിയശേഷം പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന മനോജ് ബോറയാണ് ഇപ്പോൾ പിടിയിലായത്.

സംഭവത്തെ കുറിപ്പ് പൊലീസ് പറയുന്നത് ഇങ്ങനെ - 2016 മെയ് പത്ത് രാത്രിയാണ് തൃശൂർ മാള പുത്തൻചിറ പിണ്ടാണിയിലെ പുരുഷോത്തമന്റെ വീടിന് സമീപത്തെ പറമ്പിൽ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ നിലയിൽ ഉമാനന്ദ്നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. പുരുഷോത്തമന്റെ വീട്ടിൽ ജോലിക്കായി എത്തിയ അസം സ്വദേശികളായിരുന്നു ഉമാനന്ദ് നാഥും മനോജ് ബോറയും. സംഭവത്തിന് ശേഷം കൂടെ താമസിച്ചിരുന്ന മനോജ് ബോറയെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് നേരെ ആസ്സാമിലേക്ക് പോയി.

സുകുമാരക്കുറിപ്പിന്റേതിനു തുല്യമായ കുടിലബുദ്ധിയാണ് പ്രതി കൊലപാതക ശേഷം പ്രാവർത്തികമാക്കിയത്. സുഹൃത്തിനെ കൊന്നശേഷം പ്രതി തന്റെ വസ്ത്രങ്ങൾ കൊല്ലപ്പെട്ടയാളെ അണിയിച്ച ശേഷം മരണപ്പെട്ടത് താനാണെന്നു വരുത്തി തീർത്ത് രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടത് മനോജ് ബോറയെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. പിന്നീട് ഡി.എൻ എ ടെസ്റ്റ് നടത്തിയപ്പോഴാണ് കൊല്ലപ്പെട്ടത് ഉമാനന്ദ് ആണെന്നു തിരിച്ചറിയുന്നത്.

Also Read- സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി; നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ

ബോറയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്, ചെന്നൈയിലും മറ്റും ഇയാൾ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ, മരണപ്പെട്ട ഉമാനന്ദിന്റെ മൊബൈൽ ഫോൺ അസമിലെ ബിശ്വനാഥ് ജില്ലയിൽ ഒരു സ്ത്രീ ഉപയോഗിക്കുന്നതായി കണ്ടെത്തി. അവർക്ക് ഫോൺ കൈമാറിയത് അവരുടെ കാമുകനും.

ബാംഗ്ലൂരിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന കാമുകനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ തന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് മനോജ് ബോറയെന്ന വിവരം ലഭിച്ചു. പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം നാലുതവണ ആസാമിൽ പോയെങ്കിലും പരാജയപ്പെടുകയായിരുന്നു. മനോജ് ബോറയുടെ ആറ് സഹോദരീ സഹോദരൻമാരുടെയും ഒരു വർഷത്തെ ഫോൺ വിവരങ്ങൾ വിശദമായി പരിശോധിക്കവെ ഇയാളുടെ സഹോദരനായ സീമന്ത് ബോറയുടെ നമ്പറിലേക്ക് കോട്ടയത്തെ ഒരു കടയിൽ നിന്ന് 2016 ജൂലൈയിൽ എടുത്ത ഒരു സിംകാർഡിൽ നിന്ന് സ്ഥരിമായി കോളുകൾ വരുന്നതായി കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി.

Also Read- എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി

കൊലപാതകം നടന്ന് രണ്ട് മാസത്തിന് ശേഷം കോട്ടയത്ത് നിന്ന് സിം കാർഡ് എടുത്തിരുന്നതിനാൽ ഇയാൾ കേരളത്തിൽ തുടരാനുളള സാധ്യത പോലീസ് മനസിലാക്കി. കൊടുങ്ങല്ലൂർ, പാലക്കാട് ഭാഗങ്ങളിൽ അന്വേഷിച്ചെത്തിയ പോലീസിനെ കബളിപ്പിച്ച് കളളപ്പേരിൽ ജോലി ചെയ്തിരുന്ന ഇയാൾ കൊടുങ്ങല്ലൂരിൽ നിന്ന് കടന്നു. സ്വന്തം തിരിച്ചറിയൽ രേഖകൾ ഒരിടത്തും ഉപയോഗിക്കാതെയും കെ.വൈ.സി രേഖകൾ അപ്ഡേറ്റ് ചെയ്യാതെയും ബുദ്ധിപൂർവ്വം വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന മനോജ് ബോറയെ കണ്ടെത്തുന്നത് പോലീസ് വെല്ലുവിളിയായി ഏറ്റെടുത്തു. ഇതിനായി 2021 ൽ പ്രത്യേക അന്വേഷണസംഘം തന്നെ രൂപീകരിച്ചു.

സംസ്ഥാനത്താകമാനം ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ലിസ്റ്റ്, ആവാസ് പോർട്ടലിലെ വിവരങ്ങൾ, ക്രൈം ഇൻ ഇന്ത്യ പോർട്ടൽ എന്നിവ പരിശോധിച്ച് വിശദമായ അന്വേഷണം തുടർന്നു. 2016 ൽ അസമിലെ ബിശ്വനാഥ് ചരിയിലെ ബാങ്കിൽ നൽകിയിരുന്ന മനോജ് ബോറയുടെ അതേ പാൻ നമ്പർ ഉപയോഗിച്ച് മാളയിലെ ബ്രാഞ്ചിൽ തുടങ്ങിയിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് 2020, 2021 വർഷങ്ങളിൽ പണം നിക്ഷേപിച്ചതായും ഉടനടി പിൻവലിച്ചതായും കണ്ടെത്താൻ കഴിഞ്ഞു. ആറ് തവണ മാത്രം പണമിടപാട് നടന്ന ഈ ബാങ്ക് അക്കൗണ്ടും അതിൽ നൽകിയിരുന്ന ഫോൺ നമ്പരും പിന്തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ പ്രവർത്തനരഹിതമായ ഫോൺ നമ്പരായിരുന്നു അക്കൗണ്ടിൽ നൽകിയിരുന്നത്.
അടുത്ത ബന്ധുക്കളുടേത് ഉൾപ്പെടെ ശേഖരിച്ച 105 ഫോൺനമ്പറുകളിൽ - കേരളത്തിൽ ഉപയോഗിക്കുന്നത്, സ്ഥിരമായി വിളിക്കുന്നത് എന്നിങ്ങനെ തരം തിരിച്ച് പോലീസ് നിരന്തര നിരീക്ഷണം തുടർന്നു. ഇതിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നൽകിയിരുന്ന വിലാസത്തിൽ C/O മനോജ് ബോറ എന്ന് കണ്ടെത്തിയതോടെ അസമിലെ എ.റ്റി.എം കൗണ്ടറുകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു.

ഒടുവിൽ പ്രതി വലയിൽ

തുടക്കം മുതൽ മനംമടുക്കാതെ പലഘട്ടങ്ങളിൽ അഞ്ചു സംഘങ്ങളുടെ അന്വേഷണം ഒടുവിൽ ഫലപ്രാപ്തിയിലേക്ക്. ഗുവാഹത്തിക്കടുത്തുളള സ്ഥാപനത്തിൽ വ്യാജപേരിൽ ജോലി ചെയ്യുകയായിരുന്ന ഇയാളെ മാള പോലീസ് അവിടെ എത്തി അറസ്റ്റ് ചെയ്തു. പല ഘട്ടങ്ങളിലായി അന്വേഷണം പുരോഗമിച്ചിരുന്നെങ്കിലും ബന്ധുകളുമായും സുഹൃത്തുക്കളുമായും യാതൊരു ബന്ധവുമില്ലാതെയും മൊബൈൽ ഫോൺ ഉപയോഗിക്കാതെയും സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും ശ്രദ്ധിച്ച പ്രതി പിടക്കപ്പെടാനുള്ള എല്ലാ വഴികളും അടച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. സ്വന്തം നാട്ടിൽ നിന്ന് 400 കിലോമീറ്ററോളം ദൂരെയാണ് അവസാനം പ്രതി താമസിച്ചിരുന്നത്. അപൂർവ്വമായി പുറത്തിറങ്ങിയരുന്നുള്ളു. അതും ഇരുട്ടു വീണ ശേഷം അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രം.

മാള പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സജിൻ ശശി.വി, സബ്ബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ.വി.പി, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർമാരായ ജോബ്.സി.എ, സുധാകരൻ.കെ.ആർ, എസ്.സി.പി.ഒ മാരായ ജീവൻ.ഇ.എസ്, ബിനു.എം.ജെ എന്നിവരാണ് കുറ്റവാളിയെ വിടാതെ പിന്തുടർന്ന് പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ.
Published by:Rajesh V
First published: