മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിലായി. മലപ്പുറം എം.വി.ഐയും മഞ്ചേരി കാരക്കുന്ന് സ്വദേശിയുമായ സി. ബിജുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ സി. ബിജു ഒളിവിൽ പോയിരുന്നു. എന്നാൽ വയനാട്ടിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ നവംബർ 17നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. മലപ്പുറത്ത് വെച്ച് നടന്ന ഡ്രൈവിങ് ടെസ്റ്റിനിടെ ബിജു, വാഹനത്തിനുള്ളിൽവെച്ച് യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. കൂടാതെ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയും ചെയ്തു.
ഡ്രൈവിങ് ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ യുവതി ഉദ്യോഗസ്ഥനെതിരെ മലപ്പുറം വനിതാ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴിയെടുത്ത പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു. ഇതിന് പിന്നാലെയാണ് ബിജു ഒളിവിൽ പോയത്.
Also Read- അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം; 11 വർഷം മുമ്പ് കടലിൽ തള്ളിയിട്ട് കൊന്നെന്ന് കാമുകൻ
വയനാട്ടിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.