തിരുവനന്തപുരം: തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയായ വിദ്യാർത്ഥിനിയുടെ ദുരൂഹമരണത്തെ തുടര്‍ന്നുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്. കുട്ടി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു അടക്കം വിധേയമാക്കപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ദുരൂഹത ഉണർത്തുന്നത്. പീഡനത്തെത്തുടര്‍ന്നുള്ള ആഴത്തിലുള്ള മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്നാകാം തലച്ചോറിൽ രക്തസ്രാവമുണ്ടായതായെന്ന വിലയിരുത്തലാണ് റിപ്പോർട്ടിലുള്ളത്.
എന്നാൽ, ലഹരി മരുന്ന് ഉപയോഗം കുടുംബം പൂര്‍ണമായി തള്ളിക്കളയുകയാണ്. അങ്ങനെ കുട്ടിയുടെ ശരീരത്തില്‍ ലഹരിയുടെ അംശമുണ്ടെങ്കില്‍ മരണദിവസം ആരെങ്കിലും ബലമായോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും രീതിയിലോ ലഹരി നല്‍കിയോ എന്ന സംശയവും കുടുംബം ഉയര്‍ത്തുന്നുണ്ട്. പൊലീസുകാരന്റെ മകളാണ് മരിച്ചത് എന്നതും ഗൗരവം വർധിപ്പിക്കുന്നു. പഠിക്കാനും മിടുക്കിയായിരുന്നു.
മാര്‍ച്ച് 30ന് സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ വീട്ടിലെ ശൗചാലയത്തില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു. വസ്ത്രം മാറി വരാം എന്ന് പറഞ്ഞു വീട്ടില്‍പ്പോയി മടങ്ങിവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയപ്പോള്‍ കുഴഞ്ഞുവീണു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. തലയ്ക്ക് ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു. പിന്നീട് പെണ്‍കുട്ടി ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. അബോധാവസ്ഥയിലായിരുന്ന കുട്ടി ഏപ്രിൽ ഒന്നിന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പെണ്‍കുട്ടിയെ കുറിച്ച് അറിയാവുന്നവർക്കെല്ലാം നല്ല അഭിപ്രായമാണ്. എന്നാൽ ഏവരെയും ഞെട്ടിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ക്ലാസില്‍ ഏറ്റവും പ്രസരിപ്പോടെ പെരുമാറുന്ന പെണ്‍കുട്ടി എന്നാണു അധ്യാപകർ പറയുന്നത്. സ്റ്റുഡന്റ്സ് പൊലീസിലടക്കം സജീവം. കുട്ടിയുടെ മരണം തന്നെ അവിശ്വസനീയം, അതിലും അവിശ്വസനീയമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും. ഇതാണ് പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള പൊതുപ്രതികരണം.
ആദ്യം അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ലൈംഗികപീഡന വകുപ്പുകള്‍കൂടി ചേര്‍ക്കുകയായിരുന്നു. പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേടായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Drug abuse, Kerala police, Rape case