കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഭവത്തില്‍ തീവ്രവാദ ബന്ധം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
Also Read- എലത്തൂർ തീവെപ്പ്: ‘പ്രതി ഷാരൂഖ് സൈഫി തീവ്ര ആശയങ്ങൾ പിന്തുടരുന്നയാൾ’: എഡിജിപി എം.ആർ. അജിത് കുമാർ
പ്രതി ഷാരൂഖ് സൈഫിയ്‌ക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. തീവെപ്പിന് പിന്നാലെ തന്നെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി ഷാരൂഖ് സൈഫി ലക്ഷ്യമിട്ടത് ട്രെയിന്‍ അട്ടിമറിയും കൂട്ടക്കൊലപാതകവുമെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Also Read- കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സൈഫിയ്ക്ക് ഭീകരവാദ ബന്ധം സ്ഥിരീകരിച്ചു
എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ മറ്റു രണ്ടു കോച്ചുകളില്‍ നിരീക്ഷണം നടത്തിയശേഷമാണ് ഷാരൂഖ് ഡി-1 കോച്ചില്‍ എത്തിയത്. തുടര്‍ന്ന് ഇതിലും ഏറെനേരം നിരീക്ഷിച്ച് അവിടെത്തന്നെ ആക്രമണം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ കസ്റ്റഡികാലാവധി അവസാനിച്ച ഷാരൂഖ് സൈഫിയെ കോടതി റിമാന്‍ഡ് ചെയ്തു. ഷാരൂഖിനെ വിയ്യൂര്‍ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റും. അന്വേഷണസംഘം കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചിരുന്നില്ല.
ഈ മാസം 20 വരെയാണ് പ്രതിയെ റിമാൻഡിൽ വിട്ടിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ഓപ്പൺ കോടതിയിൽ ഹാജരാക്കിയ ഷാരൂഖിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതിനുശേഷം ആണ് മജിസ്ട്രേറ്റിന്റെ ചേമ്പറിൽ എത്തിച്ചത്. പ്രതിക്കെതിരെ യുഎപിഎ ചുമത്താൻ ഇടയായ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire in Train, Kerala police, NIA, Police custody, Train attack case, Train fire, UAPA