Kaviyoor Case | കവിയൂര്‍ കേസില്‍ വി.ഐ.പി ഇല്ല: ഇനിയും അന്വേഷിക്കാൻ കഴിയില്ലെന്ന് സി.ബി.ഐ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നാല് തവണ അന്വേഷിച്ചിട്ടും ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ കണ്ടെത്താനായിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
കൊച്ചി: കവിയൂർ പീഡനക്കേസിൽ വി.ഐ.പികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം അന്വേഷിച്ച് തള്ളിയതെന്ന് സി.ബി.ഐ. നാലു തവണ അന്വേഷിച്ച കേസ് ഇനിയും അന്വേഷിക്കാനില്ലെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ട വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സി.ബി.ഐ നാലാം തവണയും സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരം സി.ബി.ഐ. കോടതി കവിയൂര്‍ കൂട്ടആത്മഹത്യാക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. നാല് തവണ അന്വേഷിച്ചിട്ടും ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ കണ്ടെത്താനായിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
പെണ്‍കുട്ടി മരണത്തിന് മുമ്പ് വീട് വിട്ട് പോയിട്ടില്ല. ലതാ നായര്‍ പെണ്‍കുട്ടിയെ ഒരിടത്തും കൊണ്ടുപോയിട്ടില്ല. ഇക്കാര്യങ്ങള്‍ നുണപരിശോധന നടത്തി സ്ഥിരീകരിച്ചതാണ്. കേസില്‍ വി.ഐ.പികൾ ഇല്ലെന്നും വി.ഐ.പി. ആരോപണം അന്വേഷിച്ച് തള്ളിയതാണെന്നും സി.ബി.ഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
advertisement
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും സി.ബി.ഐ. പറയുന്നു. ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ കണ്ടെത്താനായിട്ടില്ല. സംഭവം നടന്ന് ഏറെനാള്‍ കഴിഞ്ഞാണ് കേസ് സി.ബി.ഐ.ക്ക് കിട്ടിയത്. അതിനാല്‍ ഡി.എന്‍.എ. സാമ്പിളുകള്‍ കണ്ടെത്താനായില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനോ ബന്ധുക്കളോ ആകാമെന്ന സംശയമാണ് സി.ബി.ഐ. ഇപ്പോഴും ഉന്നയിക്കുന്നത്. ചില മൊഴികളുടെ അടിസ്ഥാനത്തില്‍ സംശയമുന അച്ഛനിലേക്കാണെന്നും എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ലെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നു.
2004 സെപ്റ്റംബര്‍ 28-നാണ് കവിയൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി.
Location :
First Published :
August 20, 2020 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kaviyoor Case | കവിയൂര്‍ കേസില്‍ വി.ഐ.പി ഇല്ല: ഇനിയും അന്വേഷിക്കാൻ കഴിയില്ലെന്ന് സി.ബി.ഐ