• HOME
  • »
  • NEWS
  • »
  • crime
  • »
  • 35000 രൂപയുടെ വിദേശ നായക്കുട്ടിയെ ഉൾപ്പടെ നിരവധി മോഷണങ്ങൾ; കുപ്രസിദ്ധ മോഷ്ടാവും രണ്ട് കൂട്ടാളികളും പിടിയിൽ

35000 രൂപയുടെ വിദേശ നായക്കുട്ടിയെ ഉൾപ്പടെ നിരവധി മോഷണങ്ങൾ; കുപ്രസിദ്ധ മോഷ്ടാവും രണ്ട് കൂട്ടാളികളും പിടിയിൽ

പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് നായക്കുട്ടിയെ തിരുവല്ലയിലുള്ള ബന്ധുവിനെ വിറ്റതായി കണ്ടെത്തിയത്

  • Share this:

    കൊല്ലം: 35000 രൂപയുടെ വിദേശ നായക്കുട്ടിയെ ഉൾപ്പടെ നിരവധി മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവും രണ്ട് കൂട്ടാളികളും അറസ്റ്റിലായി. ഓടനാവട്ടം തുറവൂർ അജയമന്ദിരത്തിൽ ശ്രീകുമാർ(27), അഞ്ചൽ, വക്കംമുക്ക് സനീഷ് ഭവനിൽ സനീഷ്(19), അഞ്ചൽ അലയമൺ തടത്തിൽ രാഹുൽ(20) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

    വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് മധു എന്നയാളുടെ വീട്ടിൽനിന്ന് 35000 രൂപ വിലയുള്ള ചൈനീസ് ഇനത്തിൽപ്പെട്ട വിദേശ നായക്കുട്ടിയെയും 20 കിലോയിലേറെ തൂക്കമുള്ള റബർ ഷീറ്റും പ്രതികൾ മോഷ്ടിച്ചിരുന്നു. റബർ ഷീറ്റ് വെളിയം പടിഞ്ഞാറ്റിൻകരയിലെ തന്നെ കടയിൽ പ്രതികൾ വിൽക്കുകയായിരുന്നു.

    കൂടുതൽ മോഷണ പരാതികൾ വന്നതോടെ പൂയപ്പള്ളി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യ മോഷ്ടാവ് ശ്രീകുമാർ ആണെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നീല മാരുതി ഓൾട്ടോ കാർ ഓടിച്ച് മോഷണത്തിനെത്തിയത് ശ്രീകുമാർ ആണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.

    ഇതേത്തുടർന്ന് ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് നായക്കുട്ടിയെ തിരുവല്ലയിലുള്ള ബന്ധുവിനെ വിറ്റതായി കണ്ടെത്തിയത്. കൂടാതെ ഓയൂർ കരിങ്ങന്നൂരിൽ 100 കിലോയോളം വരുന്ന റബർ ഷീറ്റ് മോഷ്ടിച്ചതും ശ്രീകുമാർ ആണെന്ന് വ്യക്തമായി. എന്നാൽ ഇവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

    Also Read- മോഷണത്തിന് ശേഷം മുട്ട ഓംലറ്റ് പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസിനെ സിസിടിവി കുടുക്കി

    കൂടുതൽ വിശദമായ അന്വേഷണത്തിൽ കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി അഞ്ചോളം ബൈക്കുകൾ മോഷ്ടിച്ചത് ശ്രീകുമാറും സനീഷുമാണെന്ന് പൊലീസ് കണ്ടെത്തി. മോഷ്ടിച്ച ബൈക്കുകൾ തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചുവിൽക്കുകയാണ് പ്രതികൾ ചെയ്തത്. ഇവരെ പിന്തുടർന്ന് പൊലീസ് പഴനിയിലെത്തി. ഇവിടെ അഞ്ചു ദിവസത്തോളം താമസിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികൾ വിദഗ്ദ്ധമായി പൊലീസിനെ കബളിപ്പിച്ച് പിടി നൽകാതെ കടന്നുകളഞ്ഞു.

    തുടർന്ന് തിരുവനന്തപുരത്തെത്തി മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന് ശ്രീകുമാർ ബൈക്ക് മോഷണം നടത്തി. അതിനിടെ ശ്രീകുമാർ വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതോടെ പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി സാഹസകമായി പിടികൂടിയെങ്കിലും ഇയാൾ വീണ്ടും പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞു. ഇവിടെനിന്ന് രക്ഷപെട്ട ശ്രീകുമാർ സനീഷിനൊപ്പം ചേർന്ന് വാഹനം മോഷ്ടിക്കുന്നതിനിടെ അഞ്ചൽ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു.

    കാർ, ബൈക്ക്, ഓട്ടോറിക്ഷ എന്നിവയുടെ പൂട്ട് നിമിഷങ്ങൾക്കകം തകർത്ത് മോഷണം നടത്തുന്നതിൽ വിദഗ്ദ്ധനാണ് ശ്രീകുമാർ. ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ വാഹനമോഷണ കേസുകളും വീട് കുത്തിത്തുറന്നുള്ള കവർച്ച കേസുകളും നിലവിലുണ്ട്. പ്രതികളെ മോഷണം നടത്തിയ സ്ഥലങ്ങളിലും മോഷണ മുതൽ വിറ്റ സ്ഥലങ്ങളിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അതിനുശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Published by:Anuraj GR
    First published: