മോഷണത്തിന് ശേഷം മുട്ട ഓംലറ്റ് പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസിനെ സിസിടിവി കുടുക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പണി പൂർത്തിയാക്കി പാലുകാച്ച് നടത്താനിരുന്ന വീട്ടിൽ ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ മതിൽ ചാടിക്കടന്നതിന് പിന്നാലെയാണ് മൊട്ട ജോസ് വലയിലായത്.
കൊല്ലം: ആൾതാമസമില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തിയ ശേഷം ഓംലെറ്റ് ഉണ്ടാക്കി കഴിക്കുന്ന പതിവുള്ള കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് എന്നറിയപ്പെടുന്ന കിളികൊല്ലൂർ മങ്ങാട് തുലയറ്റുവിള വീട്ടിൽ ജോസ് (51) പിടിയിലായി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പൊലീസ് വലയിലാകാതിരുന്ന ജോസിനെ ഒരു പുതിയ വീടിന്റെ സിസിടിവി കാമറയാണ് കുടുക്കിയത്.
തിരുമുല്ലവാരം വയലിൽ കാവ് ക്ഷേത്രത്തിന് സമീപം ആൾ താമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പണി പൂർത്തിയാക്കി പാലുകാച്ച് നടത്താനിരുന്ന വീട്ടിൽ ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ മതിൽ ചാടിക്കടന്നതിന് പിന്നാലെയാണ് മൊട്ട ജോസ് വലയിലായത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സെൻസർ സംവിധാനമുള്ള കാമറയ്ക്ക് മുന്നിൽ മൊട്ടജോസും മറ്റൊരാളും കടന്നതോടെ വീട്ടുടമയുടെ ഫോണിൽ സന്ദേശമെത്തി.
advertisement
വീട്ടുടമ ഉടൻ അയൽവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ വീടിന്റെ മതിൽ ചാടി രക്ഷപ്പെടാൻ ജോസ് ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പക്ഷെ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അനേകം മോഷണക്കേസുകളിൽ പ്രതിയായ മൊട്ട ജോസിനെ നേരത്തെ പരവൂർ പൊലീസ് പിടികൂടിയിരുന്നു. അന്ന് തെളിയിക്കപ്പെട്ട കേസുകളിലെ ശിക്ഷ കഴിഞ്ഞ് 2022 നവംബറിലാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷം ജോസ് വീണ്ടും മോഷണം തുടർന്നു.അങ്ങനെ കൊല്ലം വെസ്റ്റ് പൊലീസ് പരിധിയിൽ മനയിൽകുളങ്ങര വനിതാ ഐ.ടി.ഐയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്ന് 85,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങളും വിദേശ കറൻസികളും ഉൾപ്പെടെ കവർന്നു. തങ്കശേരിയിലെ വീട്ടിലും മോഷണ ശ്രമം നടത്തി. അവിടങ്ങളിലെ വിരലടയാളങ്ങളിൽ നിന്ന് മോഷ്ടാവ് ജോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഈ കേസുകളിൽ പൊലീസ് മൊട്ട ജോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൊട്ടാരക്കര ഗണപതി ക്ഷേത്രപരിസരത്തും കായംകുളത്ത് ബസുകളിലും കണ്ടതായി വിവരം ലഭിച്ചെങ്കിലും മൊട്ട ജോസിനെ പിടികൂടാനായില്ല.
advertisement
ആൾത്താമസമില്ലാതെ അടഞ്ഞു കിടക്കുന്ന വീടുകൾ തിരഞ്ഞെടുത്താണ് ജോസ് മോഷണം നടത്തിയിരുന്നത്. മിക്കവാറും അത്തരം വീടുകളിൽ മോഷണം നടത്തിയ ശേഷം മുട്ട ഓംലെറ്റ് ഉണ്ടാക്കി കഴിക്കുമായിരുന്നു. അങ്ങനെയാണ് ജോസിന് മൊട്ട ജോസ് എന്ന പേരു വീണത്. ആളില്ലാത്ത വീടുകളിൽ ഭക്ഷണം പാകം ചെയ്ത് കഴിച്ച് ദിവസങ്ങളോളം കഴിയുന്ന പതിവും ഉണ്ടായിരുന്നു. ജോസ് സാധാരണ ഒറ്റയ്ക്കാണ് മോഷണം നടത്തുന്നത്. തിരുമുല്ലവാരത്ത് വീട്ടിൽ എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നത് ജയിലിൽ വച്ച് പരിചയപ്പെട്ട ആളാണെന്നാണ് മൊട്ട ജോസിന്റെ വെളിപ്പെടുത്തൽ.
advertisement
ഇത്തവണ ജയിലിൽ നിന്ന് ഇറങ്ങിയ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മൊട്ട ജോസ് 25 ഓളം മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മോഷണം നടത്തിയ വീടുകൾ പലതും ജോസിന് അത്ര ഓർമ്മയില്ല എന്നാണ് സൂചന. അടയാളങ്ങൾ സഹിതം പൊലീസ് ചോദ്യം ചെയ്യുമ്പോൾ താൻ തന്നെയാണെന്ന് ജോസ് സമ്മതിക്കുന്നതിനാൽ ജോസാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്ന ജില്ലയ്ക്ക് പുറത്തുള്ള സ്റ്റേഷനുകളിലെ കേസുകളും കൊല്ലം വെസ്റ്റ് പൊലീസ് ശേഖരിച്ച് വരികയാണ്.
Location :
Kollam,Kerala
First Published :
March 02, 2023 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോഷണത്തിന് ശേഷം മുട്ട ഓംലറ്റ് പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസിനെ സിസിടിവി കുടുക്കി