13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കിയ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടര്‍; സംഭവം തൃശൂരിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
കണ്ടട്കറുടെ ക്രൂരതയില്‍ വയോധികന്‍റെ കഴുത്തിലെ എല്ലു പൊട്ടി, തലയിൽ ആറു തുന്നലിടേണ്ടിവന്നു
തൃശൂർ: 13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കിയ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടര്‍. ഹൃദ്രോഗിയായ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനാണ്(68) മർദനമേറ്റത്. സാരമായി പരുക്കേറ്റ പവിത്രൻ തൃശൂർ എലൈറ്റ് ആശുപത്രിയിലെ സിസിയുവിൽ ചികിത്സയിലാണ്. തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷാണ് പവിത്രനെ മർദിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം. തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പിൽ ഇറങ്ങാനായി കരുവന്നൂർ രാജ സ്റ്റോപ്പിൽ നിന്നാണു പവിത്രൻ ബസിൽ കയറിയത്.
10 രൂപ നൽകിയപ്പോൾ ടിക്കറ്റ് 13 രൂപയാണെന്നു പറഞ്ഞതോടെ കയ്യിൽ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നൽകുകയായിരുന്നു. ഇതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. പിന്നീടു ബാക്കി നൽകിയ തുകയിൽ കുറവു കണ്ട് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. കണ്ടട്കറുടെ ക്രൂരതയില്‍ പവിത്രന്റെ കഴുത്തിലെ എല്ലു പൊട്ടിയതായി ആശുപത്രി അധികൃതർ അറിയിച്ചു. തലയിൽ ആറു തുന്നലിടേണ്ടിവന്നു.
തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷിനെ ബസ് സഹിതം ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറങ്ങേണ്ടിടത്തു നിർത്താതിരുന്ന ബസ് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോൾ കണ്ടക്ടർ പവിത്രനെ ചവിട്ടി താഴെയിടുകയായിരുന്നെന്നു യാത്രക്കാർ പറഞ്ഞു. റോഡിൽ തലയിടിച്ചാണു വീണത്. പിന്നാലെ പുറത്തിറങ്ങിയ കണ്ടക്ടർ തല പിടിച്ചു കല്ലിൽ ഇടിക്കുകയും മർദനം തുടരുകയും ചെയ്തതായും സഹയാത്രികർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു കണ്ടക്ടറെ പിടിച്ചുമാറ്റിയത്. ഇവർ ബസ് തടഞ്ഞിടുകയും ചെയ്തു.
Location :
Thrissur,Kerala
First Published :
April 03, 2024 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കിയ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടര്‍; സംഭവം തൃശൂരിൽ