• HOME
 • »
 • NEWS
 • »
 • crime
 • »
 • കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച; കൊടി സുനിയുടെ പങ്കും അന്വേഷിക്കുന്നു

കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച; കൊടി സുനിയുടെ പങ്കും അന്വേഷിക്കുന്നു

കൊടി സുനിയുടെ സംഘത്തെ നേരിടാനാണ് ചെര്‍പ്പുള്ളശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നതെന്ന് മുബഷീര്‍ പൊലീസിന് മൊഴി നല്‍കിയതായി സൂചനയുണ്ട്.

കൊടി സുനി

കൊടി സുനി

 • Share this:
  കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ച നടത്തുന്ന ക്വട്ടേഷന്‍ സംഘം  ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെതാണെന്ന സംശയത്തില്‍ പൊലീസ്. അപകടം നടന്ന ദിവസം 15 വാഹനങ്ങള്‍ പല ഭാഗങ്ങളില്‍ കരിപ്പൂരെത്തിയതായി പൊലീസ് പറയുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണിത് പൊലീസ് തിരിച്ചറിഞ്ഞത്. കൊടി സുനിയുടെയും കാക്ക രഞ്ജിത്തിന്റെയും കീഴിലുള്ള സ്വര്‍ണ്ണ കവര്‍ച്ച നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

  മുമ്പും ഇത്തരം കവര്‍ച്ചകള്‍ കൊടി സുനിയും കാക്ക രഞ്ജിത്തും ജയിലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്ത സംഭവമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച്ച പിടിയിലായ മുബഷീറാണ് 15 പേരെ കവര്‍ച്ചയ്ക്ക് ഏകോപിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കൊടി സുനിയുടെ സംഘത്തെ നേരിടാനാണ് ചെര്‍പ്പുള്ളശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നതെന്ന് മുബഷീര്‍ പൊലീസിന് മൊഴി നല്‍കിയതായി സൂചനയുണ്ട്.

  ദുബൈയില്‍ നിന്ന് സ്വര്‍ണ്ണവുമായി സംഘം പുറപ്പെട്ടപ്പോള്‍ത്തന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവരം മറ്റ് സംഘങ്ങള്‍ക്കും ചോര്‍ന്ന് കിട്ടിയതോടെയാണ് 15 വാഹനങ്ങളില്‍ കവര്‍ച്ചക്കാരും കടത്തുകാരും കരിപ്പൂരിലെത്തിയതെന്നാണ് വിവരം. സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ സംഘമാണ് രാമനാട്ടുകരയില്‍ വച്ച് വാഹനപകടത്തില്‍ മരിച്ചത്.

  അപകടത്തില്‍പ്പെട്ട വാഹനത്തിന് പിന്നാലെയുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ടുപേരും ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തേക്ക് ഈ സ്വിഫ്റ്റ് കാര്‍ അമിത വേഗത്തില്‍ ഓടിച്ചുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ വാഹനത്തിലുള്ള രണ്ട് പേര്‍ കൊടിസുനിയുടെ ക്വട്ടേഷന്‍ സംഘമാണോയെന്ന സംശയമാണ് ബലപ്പെടുന്നത്. കണ്ണൂര്‍, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കൊടി സുനിയ്ക്കും എറണാകുളം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കാക്ക രഞ്ജിത്തിനും സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്ന ക്വട്ടേഷന്‍ സംഘങ്ങളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

  You may also like:അപകടത്തിനിരയായ സ്വർണ്ണക്കള്ളക്കടത്ത് സംഘം ഉപയോഗിച്ചത് വാട്സാപ്പ് കൂട്ടായ്മ

  അപകടത്തെ തുടര്‍ന്ന് അറസ്റ്റിലായ 8 ക്വട്ടേഷന്‍ സംഘാഗങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരുമായി ബന്ധപ്പെട്ട സ്വര്‍ണ കടത്ത് സംഘങ്ങളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് പോലീസിന്റെ അന്വേഷണം. രക്ഷപ്പെട്ട രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരെക്കുറിച്ചും സ്വര്‍ണം കൊള്ളയടിക്കാനെത്തിയവരെക്കുറിച്ചും കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍  പ്രത്യേക സംഘം സമഗ്ര അന്വേഷണം നടത്തുന്നത്.

  മൂന്നു വാഹനങ്ങളിലായി സ്വര്‍ണക്കടത്തുകാര്‍ക്ക് അകമ്പടി പോവാനെത്തിയ സംഘത്തിലെ എട്ട് പേരാണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുബഷിര്‍, സുഹൈല്‍ , ഹസന്‍,ഫൈസല്‍ ,ഫയാസ് , സലീം , ഷാനിദ്, മുസ്തഫ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. കൊടുവളളി കേന്ദ്രമായ സ്വര്‍ണ്ണക്കടത്തു സംഘത്തിന്റെ ക്വട്ടേഷന്‍ സ്വീകരിച്ചാണ് 15 അംഗ സംഘമെത്തിയത്.

  You may also like:മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: തൃശൂരിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ

  ഇവരില്‍  5 പേര്‍ അപകടത്തില്‍ മരിച്ചു.  2 പേര്‍ രക്ഷപ്പെട്ടു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കള്ളക്കടത്ത് സ്വര്‍ണം കൊടുവള്ളി ടീമിന്റെ കയ്യില്‍ എത്തിക്കുക എന്ന ദൗത്യം ആയിരുന്നു ചെര്‍പ്പുളശ്ശേരി സംഘത്തിന്. ഇതില്‍ കുറേക്കൂടി വ്യക്തത വരാന്‍ ഉണ്ടെന്നും ഈ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും പോലീസ് പറയുന്നു.

  സ്വര്‍ണ്ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയവരും കടത്തുകാരില്‍ നിന്ന് സ്വര്‍ണം കൊള്ളയടിക്കാനെത്തിയവരും കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള ന്യൂമാന്‍ ജംഗ്ഷനില്‍ ഏറ്റുമുട്ടിയതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് ന്യൂമാന്‍ ജംഗ്ഷനില്‍  നിന്ന് കണ്ണൂരിലെ സംഘത്തിലെ ഒരു വാഹനം കോഴിക്കോട് ഭാഗത്തേക്ക് പോയി. സ്വര്‍ണം ആ വാഹനത്തിലാണെന്ന ധാരണയില്‍ കവര്‍ച്ചാ സംഘത്തിലെ അഞ്ചു പേര്‍ ബൊലേറോ കാറില്‍ ഇവരെ പിന്തുടര്‍ന്നു.  യഥാര്‍ത്ഥത്തില്‍ കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടിച്ചെന്ന് മനസിലായതോടെ ചെര്‍പ്പുളശേരിക്കാര്‍  കരിപ്പൂരിലേക്ക് തിരിച്ചു. അതിവേഗത്തില്‍ മടങ്ങുകയായിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. അഞ്ചു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

  പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.

  ഐപിസി 399 പ്രകാരം  കൊളള നടത്താനാണ് ശ്രമിച്ചത് എന്ന രീതിയിലാണ് കേസെടുത്തിരിക്കുന്നത്. കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷെഫീക്കില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. TDY എന്ന പേരില്‍ വാട്ട്‌സ്ആപ് ഗ്രൂപ് രൂപീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്ത്തനം.

  പരാതിക്കാരില്ലെങ്കില്‍ പോലും തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ്  കേസെടുത്തത്. പിടിയിലായവരുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിരവധി വോയ്‌സ് ക്ലിപ്പുകളും സന്ദേശങ്ങളും വീഡിയോകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കവര്‍ച്ച നടത്താന്‍ സംഘം ലക്ഷ്യമിട്ടിരുന്നു എന്നത് ഇതിലൂടെ വ്യക്തമായിട്ടുണ്ട് എന്ന് മലപ്പുറം എസ് പി സുജിത് ദാസ് എസ് പറഞ്ഞു. രണ്ടര കിലോ സ്വര്‍ണവുമായി തിങ്കളാഴ്ച കസ്റ്റംസ് അറസ്റ്റു ചെയ്ത മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനേയും  സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
  Published by:Naseeba TC
  First published: