ബെംഗളൂരു: കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ അസുഖബാധിതയായ അമ്മയെ മകനും സുഹൃത്തും ചേര്‍ന്ന് പുഴയിലെറിഞ്ഞു കൊന്നു. യദ്രാമി താലൂക്കിലെ ബിരാല്‍ സ്വദേശിയായ രചമ്മ ശരബന്ന യലിമെലിയെയാണ് (61) മകന്‍ ഭീമശങ്കര്‍ യലിമെലി (38) ഭീമാ നദിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ അമ്മയെ ഷഹാപുരിലെത്തിയപ്പോള്‍ പുഴയിലേക്ക് എടുത്തെറിയുകയായിരുന്നു. ഭീമശങ്കറിനെയും സുഹൃത്ത് മുത്തപ്പയെയും ബി ഗുഡി പോലീസ് അറസ്റ്റ് ചെയ്തു. രചമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടതോടെ ഭീമശങ്കറിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഭീമശങ്കര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയ്ക്ക് അസുഖമായതിനാല്‍ വീട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നതായി ഭീമശങ്കര്‍ പോലീസിന് മൊഴി നല്‍കി. അമ്മയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഇതിനെചൊല്ലി ഭാര്യയുമായി പലതവണ വഴക്കുണ്ടായിട്ടുണ്ടെന്നും ഭീമശങ്കര്‍ പറഞ്ഞു.
Also read: Murder | പെരുമ്പാവൂരില്‍ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
Murder Case | പ്രണയ വിവാഹം എതിര്‍ത്ത പിതാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; മകന്‍ കുറ്റക്കാരനെന്ന് കോടതി
മംഗളൂരു: കാമുകിയെ വിവാഹം കഴിക്കുന്നത് എതിർത്ത അച്ഛനെ അടിച്ചുകൊന്നുവെന്ന (Murder) കേസില്‍ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബെൽത്തങ്ങാടി ഗാരാഡി മുഡ്യോട്ടുവിലെ ശ്രീധർ പൂജാരി(56)യാണ് കൊല്ലപ്പെട്ടത്. കേസില്‍ മകന്‍ ഹരീഷ് പൂജാരി(28)യെയാണ് മംഗളൂരു നാലാം നമ്പര്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ പിന്നീട് വിധിക്കും.
കഴിഞ്ഞവർഷം ജനുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹരീഷ് മറ്റൊരു ജാതിയിൽപ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു. അതിനെ എതിർത്ത അച്ഛന്‍ ശ്രീധർ പൂജാരി ഇവരെ വിവാഹം കഴിക്കാനും അനുവദിച്ചിരുന്നില്ല. മകളുടെ വിവാഹം ആദ്യം നടത്തണം എന്ന് ശ്രീധർ പറഞ്ഞതോടെ ഹരീഷ് കാമുകിയെ വീട്ടിൽനിന്ന് വിളിച്ചിറിക്കി മറ്റൊരു വീട്ടിൽ താമസമാക്കി.
കുറച്ചുദിവസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് വന്ന ഹരീഷും പിതാവും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെ പ്രകോപിതനായ മകന്‍ മരക്കഷണംകൊണ്ട് ശ്രീധര്‍ പൂജാരിയെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ബെൽത്തങ്ങാടി ഇൻസ്പെക്ടർ സന്ദേശാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 11 സാക്ഷികളെ വിസ്തരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka, Murder, Son killed mother