തിരുവനന്തപുരം: അദ്ധ്യാപകൻ തന്നെ തൊട്ടതു ‘ബാഡ് ടച്ച്’ ആണെന്ന് സ്കൂൾ വിദ്യാർത്ഥിനിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്റെ ജാമ്യപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശനനാണ് ജാമ്യപേക്ഷ തള്ളിയത്. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി. പ്രതി പല തവണ തൻ്റെ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.
പല തവണ ഇതാവർത്തിച്ചത് ‘ബാഡ് ടച്ച്’ ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ്സ്‌റൂമിന്റെ പുറത്ത് വെച്ച് കാണുമ്പോളൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി 10 ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. താൻ നിരപരാധി ആണെന്നും ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞാണ് പ്രതി ജാമ്യപേക്ഷ നൽകിയത്.
എന്നാൽ അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ലെന്ന് ജാമ്യപേക്ഷ എതിർത്തു കൊണ്ട് സ്പെഷ്യൽ പബ്ലിക്ക് പ്രൊസീക്യൂട്ടർ ആർഎസ് വിജയ് മോഹൻ പറഞ്ഞു. പ്രതിക്കെതിരെ മറ്റൊരു വിദ്യാർത്ഥിനി കൂടി പരാതി നൽകിയതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസീക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യ അപേക്ഷ തള്ളി.
മാതൃകയാകേണ്ട അദ്ധ്യാപകന്റെ പ്രവർത്തി ന്യായീകരിക്കാനില്ലായെന്ന് കോടതി ഉത്തരവിൽ പറയുന്നു. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലായെന്നും കോടതി വ്യക്തമാക്കി. മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതിക്കെതിരെ ഒരു കേസും കൂടി എടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.