Sreenath Bhasi| അഭിമുഖത്തിലെ ആഭാസം ലഹരി കാരണമെന്ന് സംശയം; ശ്രീനാഥ് ഭാസിയെ അടിമുടി പരിശോധിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകൾ പൊലീസ് പരിശോധനയ്ക്ക് അയച്ചു
കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിക്കും. ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകൾ പൊലീസ് പരിശോധനയ്ക്ക് അയച്ചു. അതേസമയം നടനോടും ചട്ടമ്പി എന്ന ചിത്രത്തിന്റെ നിർമാതാവിനോടും ഇന്ന് ഹാജരാകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് താരത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പൊലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനുശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് ശേഖരിച്ചിരുന്നു.
advertisement
തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടർന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങൾ ഹോട്ടലിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ചില അസ്വാഭാവികതകൾ കണ്ടു. ഇതേത്തുടർന്ന് അഭിമുഖത്തിന്റെ മുഴുവൻ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പൊലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാംപിളുകൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.
അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയോടും ചിത്രത്തിന്റെ നിർമാതാവിനോടും ഇന്ന് ഉച്ചയ്ക്ക് ഹാജരാകണമെന്നാണ് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയിൽ ഉറച്ചുനിൽക്കുമെന്നാണ് കഴിഞ്ഞദിവസവും അവതാരക വ്യക്തമാക്കിയത്.
advertisement
'ചട്ടമ്പി’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Location :
First Published :
September 27, 2022 11:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sreenath Bhasi| അഭിമുഖത്തിലെ ആഭാസം ലഹരി കാരണമെന്ന് സംശയം; ശ്രീനാഥ് ഭാസിയെ അടിമുടി പരിശോധിക്കും