രാത്രി മോഷണം നടത്തിയ ശേഷം നാട്ടിൽ പോകാൻ പോലീസിനോട് പണം ചോദിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ
- Published by:Ashli
- news18-malayalam
Last Updated:
മോഷണത്തിനു ശേഷം നടന്നുവരികയായിരുന്ന ഇയാൾ വെങ്ങല്ലൂർ ഷാപ്പുപടിയിൽ പൊലീസ് പട്രോൾ സംഘത്തെ കണ്ട് തിരികെ പോകാൻ ശ്രമിച്ചു
ഇടുക്കി: കടയിൽ മോഷണം നടത്തിയ ശേഷം നാട്ടിൽ പോകാൻ പോലീസിനോട് പണം ചോദിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ. തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ വില്ലുപുരം വിരിയൂർ പഴയന്നൂർ കോളനി ഹൗസ് നമ്പർ 24-ൽ രാധാകൃഷ്ണനെ (59) യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന ഇയാൾ 2 ലക്ഷം രൂപയാണ് കവർന്നത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ മുന്നിൽപെട്ടത്.
തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ കോതായിക്കുന്ന് റോഡിൽ വസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് ഇയാൾ മോഷണം നടത്തിയത്. ചില്ലു വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ ഇയാൾ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 2,06,030 രൂപ മോഷ്ടിച്ചു. മോഷണത്തിനു ശേഷം നടന്നുവരികയായിരുന്ന ഇയാൾ വെങ്ങല്ലൂർ ഷാപ്പുപടിയിൽ പൊലീസ് പട്രോൾ സംഘത്തെ കണ്ട് തിരികെ പോകാൻ ശ്രമിച്ചു. ഇതോടെ എസ്‌ഐ കെ.ഇ.നജീബ് സിപിഒമാരായ ബേസിൽ, നഹാസ്, രതീഷ് എന്നിവരടങ്ങുന്ന സംഘം ഇയാളെ തടഞ്ഞ് നിർത്തി കാര്യം അന്വേഷിച്ചു. ഏഴല്ലൂരിൽ ഹോട്ടൽ ജോലിക്ക് വന്നതാണെന്നും ജോലി ഇഷ്ടപ്പെടാത്തതിനാൽ തിരികെ പോകുകയാണെന്നും അയാൾ പറഞ്ഞു.
advertisement
ALSO READ: വിയ്യൂർ ജയിലിലെ ശ്രീലങ്കൻ തടവുകാരൻ ചാടിപ്പോയി; രക്ഷപ്പെട്ടത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോള്‍
വീട്ടിൽ പോകാൻ പണമില്ലെന്നും എന്തെങ്കിലും നൽകി സഹായിക്കണമെന്നും പൊലീസുകാരോട് അഭ്യർഥിച്ചു. എന്നാൽ, ഇയാളുടെ പോക്കറ്റിൽ പണം ഇരിക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതോടെ കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് മോഷണം വ്യക്തമായത്. പോക്കറ്റിൽനിന്ന് 6,000 രൂപ കിട്ടി. കൂടാതെ 2,06,030 രൂപ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു. പിന്നീട് മുട്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Location :
Idukki,Kerala
First Published :
July 26, 2024 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രി മോഷണം നടത്തിയ ശേഷം നാട്ടിൽ പോകാൻ പോലീസിനോട് പണം ചോദിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ