'കുടി' 'കുടുംബം' തകര്‍ത്തു; കുടിയൻ മദ്യവില്‍പനശാലയ്ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ജീവനക്കാരന്‍ മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്.
‘കുടി കുടിയെ കെടുത്തും’ എന്ന തമിഴ് ചൊല്ല് യാഥാര്‍ത്ഥ്യമായ ഒരു സംഭവമാണ് അടുത്തിടെ തമിഴ്നാട്ടില്‍ നടന്നത്. മദ്യപിച്ച് ലക്കുകെട്ട് മദ്യശാലയ്ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാസ്മാക് ജീവനക്കാരന്‍ മരിച്ചു. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം. തമിഴ്നാട് സര്‍ക്കാരിന്‍റെ മദ്യവിപണന കേന്ദ്രമായ പല്ലാത്തൂര്‍ ടാസ്മാകിലെ ജീവനക്കാരന്‍ ഇളയന്‍കുടി സ്വദേശി അര്‍ജുനാണ് (46) മരിച്ചത്. ഇവിടെ നിന്നും സ്ഥിരമായി മദ്യം വാങ്ങിയിരുന്ന ശിവഗംഗ സ്വദേശി രാജേഷ് എന്നയാളാണ് ടാസ്മാകിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്.
കടുത്ത മദ്യപാനം മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന രാജേഷ് തന്‍റെ കുടുംബം തകരാന്‍ കാരണം മദ്യവില്‍പ്പന ശാലയാണെന്നാണ് കരുതിയിരുന്നത്, ഇതിനോടുള്ള പ്രതിഷേധമായാണ് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് കടയിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞത്. മാര്‍ച്ച് മൂന്നിന് രാത്രിയിലായിരുന്നു സംഭവം. ബോംബേറില്‍ ഗുരുതരമായി പൊള്ളലേറ്റ ടാസ്മാക് ജീവനക്കാരന്‍ അര്‍ജുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ ഇന്ന് പുലര്‍ച്ചയോടെ മരണപ്പെട്ടു.
advertisement
ബോംബേറില്‍ പൊള്ളലേറ്റ രാജേഷും ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യക്കുപ്പികളിലേക്ക് തീ പടരാതിരുന്നതുകൊണ്ട് മാത്രമാണ് കടയിലുണ്ടായിരുന്ന കൂടുതൽ പേർക്ക് പൊള്ളലേൽക്കാതിരുന്നത്. സംഭവത്തില്‍ രാജേഷിനെതിരെ കാരക്കുടി പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അര്‍ജുന്‍റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Location :
Sivaganga,Sivaganga,Tamil Nadu
First Published :
March 16, 2023 8:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കുടി' 'കുടുംബം' തകര്‍ത്തു; കുടിയൻ മദ്യവില്‍പനശാലയ്ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ജീവനക്കാരന്‍ മരിച്ചു