മോർച്ചറിയുടെ അരികിലിരുന്ന ബൈക്ക് മോഷ്ടിച്ചു പാഞ്ഞ കുട്ടികൾ അപകടത്തിൽപെട്ട് മെഡിക്കൽ കോളജിൽ
- Published by:Sarika N
- news18-malayalam
Last Updated:
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘമാണ് അപകടത്തിൽപെട്ടത്
പത്തനംതിട്ട: ജനറൽ ആശുപത്രി മോർച്ചറിക്കടുത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന കൗമാര സംഘത്തിലെ പ്രധാനി വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ. ബൈക്ക് റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നത്. ശേഷം മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ രാത്രി 11 മണിയോടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദിരംപടി ജങ്ഷനിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ബ്ലോക്കുപടിയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കെട്ടിടത്തിലിടിച്ച് റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന 14 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഘത്തിലെ 14-ഉം 16-ഉം വയസ്സുള്ള മറ്റ് രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തുടർ നടപടികൾക്കായി ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള 14 വയസ്സുകാരൻ മുൻപും ബൈക്ക് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 07, 2025 6:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോർച്ചറിയുടെ അരികിലിരുന്ന ബൈക്ക് മോഷ്ടിച്ചു പാഞ്ഞ കുട്ടികൾ അപകടത്തിൽപെട്ട് മെഡിക്കൽ കോളജിൽ


