HOME » NEWS » Crime » THIEVES DRAG MAN ON BIKE AFTER SNATCHING MOBILE PHONE IN KOZHIKODE

മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു

ഫോൺ വിളിക്കാനായി മൊബൈൽ വാങ്ങിയശേഷം മോഷ്ടാക്കൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: July 3, 2021, 10:09 AM IST
മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു
CCTV Visuals
  • Share this:
കോഴിക്കോട്: മൊബൈല്‍ കവര്‍ച്ചാ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ചു. ബിഹാർ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവർച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

എളേറ്റിൽ വട്ടോളിയിലാണ് സംഭവം. ബൈക്കില്‍ രണ്ടുപേര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്ത് എത്തുകയും ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി അഭിനയിക്കുകയും ഉടനെ ബൈക്ക് മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്. റോഡില്‍ വീണ അലി അക്ബര്‍ വീണ്ടും ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണു. അലി അക്ബര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടി കൂടാനായില്ല.

കാലിന് സാരമായി പരിക്കേറ്റ അലി അക്ബറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിരമായി ബെക്കിലെത്തി ഫോണും മറ്റും തട്ടിപ്പറിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. മോഷ്ടാക്കളിലൊരാളുടെ ഫോൺ പിടിവലിക്കിടയിൽ താഴെ വീണിരുന്നു. അത് നാട്ടുകാർ പൊലീസിന് കൈമാറി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാക്കൂർ സ്വദേശികളായ സാനു കൃഷ്ണൻ, ഷംനാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടുക്കട ജീവനക്കാരുടെ വേഷത്തിൽ പൊലീസ്; ക്രിമിനൽ കേസ് പ്രതിയെ സിനിമാ സ്റ്റൈലിൽ വലയിലാക്കി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്രമിയെ തട്ടുകടയില്‍ ഭക്ഷണം കഴിക്കവേ സിനിമാ സ്റ്റൈലിൽ പൊലീസ് പിടികൂടി. അഹമ്മദാബാദ് പൊലീസ് ക്രൈം ബ്രാഞ്ചാണ് കിഷോര്‍ പാഞ്ചാള്‍ (29) എന്ന പ്രതിയെ തട്ടുകട ജീവനക്കാരായും മറ്റും വേഷം മാറിയെത്തി പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഓപറേഷന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

വേഷം മാറിയെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നാല് പൊലീസുകാർ ബറൂച്ചിലെ ഒരു തട്ടുകടയിലെത്തി ഒരു മേശയിലിരിക്കുന്നത് വീഡിയോയിൽ കാണാം. ഏതാനും നിമിഷങ്ങൾക്കുശേഷം, മേശയ്ക്കു കുറുകെ ഇരിക്കുന്ന പ്രതികളെ പിടികൂടാനായി പൊലീസ് സിനിമാ സ്റ്റൈലിൽ ചാടിവീഴുന്നു. കൂടുതൽ പൊലീസുകാരും അറസ്റ്റുചെയ്യാൻ ഉദ്ദേശിച്ച പ്രതിയുടെ ചുറ്റും വളയുന്നു.

ആയുധ മോഷണം ഉൾപ്പെടെയുള്ള കേസുകളിലും നിരവധി വാഹന മോഷണക്കേസുകളിലും പ്രതിയാണ് ഇയാൾ. വാഹന മോഷണവുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയായിരുന്നു. ചന്ദ്ഖേദ, സബർമതി പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിൽ പ്രതിക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതിനുശേഷം രഹസ്യമായി ഇയാളെ പിന്തുടരുകയായിരുന്നു പൊലീസ്.

Youtube Video


ജൂൺ 27 ന് അമർപുര ഗ്രാമത്തിലെ ഏക്താ റെസ്റ്റോറന്റിന് സമീപമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപ് പൊലീസ് തയാറെടുപ്പുകളും നടത്തിയിരുന്നു. പ്രദേശത്തിന് സമീപം ഒരു ടീമിനെ നിയോഗിച്ചിരുന്നു. അഹമ്മദാബാദിലെ 10 പോലീസ് സ്റ്റേഷനുകള്‍ക്കൊപ്പം രാജസ്ഥാനിലും ഇയാൾക്കെതിരെ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന രണ്ട് വാഹനമോഷണ കേസുകള്‍ ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ കിഷോര്‍. ബലാത്സംഗം, കൊള്ള തുടങ്ങിയ കേസുകളുമുണ്ട്. ഇയാളുടെ താമസസ്ഥലം കണ്ടെത്തിയ പൊലീസ് തട്ടുകടക്കാരായും മറ്റും വേഷം മാറി സ്ഥലത്ത് കൂടുകയായിരുന്നു. പ്രതിയില്‍ നിന്ന് ഒരു തോക്കും, രണ്ട് തിരകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Published by: Rajesh V
First published: July 3, 2021, 10:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories