തിരുവനന്തപുരം: കേരള സർവകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീല്‍ വ്യാജമായി നിര്‍മ്മിച്ച കേസില്‍ എസ്.എഫ്.ഐ മുന്‍ യൂണിറ്റ് പ്രസിഡന്റും യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയുമായ ശിവരഞ്ജിത്തിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. വ്യാജരേഖ ചമച്ചതിനാണ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ അറസ്റ്റ് കന്റോണ്‍മെന്റ് പൊലീസ് വീണ്ടും രേഖപ്പെടുത്തിയത്.
യൂണിവേഴ്‌സിറ്റി കേളജിലെ വിദ്യാര്‍ഥിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉത്തരകടലാസുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. എന്നാല്‍ സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സീല്‍ വ്യാജമാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തിയത്. ഇതിനു പിന്നാലെ ശിവരഞ്ജിത്തിനെതിരെ പ്രതിയാക്കി വ്യാജരേഖ ചമച്ചതിന് കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു.
ഇതിനിടെ വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തിന്റെയും നിസാമിന്റെയും ജാമ്യാപേക്ഷ വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. അഖിൽ ചന്ദ്രനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിവരഞ്ജിത്തിനും നസീമിനുമെതിരെ തെളിവില്ലെന്നായിരുന്നു പ്രതികളുടെ വാദം. ചോദ്യം ചെയ്യലടക്കം പൂർത്തിയായതിനാൽ ജാമ്യം നൽകണമെന്നും വാദവും കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും പ്രതികൾ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പ്രോസിക്യൂഷൻ വാദിച്ചത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.