കാർ പിറകോട്ടെടുത്ത് എ ഐ ക്യാമറ ഇടിച്ചുതകർത്ത യുവാവ് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ക്യാമറ തകർക്കാൻ ബോധപൂർവം ഇടിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ്
പാലക്കാട്: വടക്കഞ്ചേരി റോഡിലെ ആയക്കാട്ട് റോഡ് ക്യാമറ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. പാലക്കാട് പുതുക്കോട് മൈത്താക്കൽ വീട്ടിൽ മുഹമ്മദി(22)യാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം രണ്ടു പേർ കൂടി ഉണ്ടായിരുന്നുവെന്നണ് പോലീസിന് ലഭിച്ച വിവരം. ഇവർക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വാഹനവും കസ്റ്റഡിയിലെടുത്തേക്കും.
തകർന്ന ക്യാമറയുടെ പരിസരത്തു നിന്നു ലഭിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അജ്ഞാത വാഹനം എ ഐ ക്യാമറ ഇടിച്ചു തകർത്തത്. ഇടിച്ചിട്ട ക്യാമറ തെറിച്ച് സമീപത്തെ തെങ്ങിൻ തോപ്പിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. സിദ്ദാർത്ഥ് എന്നാണ് വാഹനത്തിന്‍റെ തകർന്ന ഗ്ലാസിൽ എഴുതിയിരുന്നത്. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.
advertisement
ക്യാമറ സ്ഥാപിച്ച സ്ഥലവും പിന്നിട്ട് കാർ 60 മീറ്ററോളം മുന്നോട്ടുപോയശേഷം പിറകോട്ടെടുത്ത് ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ക്യാമറ തകർക്കാൻ ബോധപൂർവം ഇടിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Location :
Palakkad,Palakkad,Kerala
First Published :
June 11, 2023 8:53 AM IST