തൃശൂർ: കള്ള് ഷാപ്പിൽ (Toddy Shop) മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ (dispute) മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. വരടിയം മൂര്‍ക്കനാട് വീട്ടിൽ അയ്യപ്പന്‍ (60) (Ayyappan) ആണ് മരിച്ചത്. വരടിയം ചെറുശാല വീട്ടില്‍ സുരേഷ് (കുട്ടൻ-43) (Suresh) ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി എട്ടോടെ വരടിയം കള്ള് ഷാപ്പിലായിരുന്നു സംഭവം. ഇരുവരും ഷാപ്പിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായിരുന്നു. ഇതിനിടയിൽ സുരേഷ് വാങ്ങിവെച്ച കള്ള് അയ്യപ്പൻ എടുത്ത് കുടിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയിലുമെത്തി.
ഷാപ്പിലുണ്ടായിരുന്നവർ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചുവെങ്കിലും സുരേഷ് കയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ കൊണ്ട് അയ്യപ്പനെ കുത്തുകയായിരുന്നു. നെഞ്ചിലും വയറിലും കുത്തേറ്റ അയ്യപ്പനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെയിന്റിങ് തൊഴിലാളിയാണ് സുരേഷ്. കുത്താനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.
മോഡലുകളുടെ വാഹനത്തെ ഔഡി കാറില്‍ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ
കൊച്ചിയിൽ മുൻ മിസ് കേരള (Miss Kerala) അടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ അവരെ പിന്തുടർന്ന സൈജു തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, അനുവാദമില്ലാതെ പിന്തുടരുക എന്നീ വകുപ്പുകൾ ആണ് സൈജുവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മോഡലുകളായ യുവതികൾ മരിച്ച സംഭവത്തിൽ നിർണായകമായ അറസ്റ്റാണ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഒരുതവണ ചോദ്യം ചെയ്യലിനു ശേഷം സൈജു തങ്കച്ചനെ പോലീസ് വിട്ടയച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും സൈജു എത്തിയിരുന്നില്ല. പിന്നീട് നോട്ടീസ് നൽകിയാണ് സൈജുവിനെ വീണ്ടും വിളിച്ചുവരുത്തിയത്. ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ സൈജുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്ക് കണ്ടെത്താൻ പോലീസിനായിട്ടില്ല. മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ സഹായത്താൽ പരിശോധന നടത്തിയെങ്കിലും ഇത് കണ്ടെത്താനായിട്ടില്ല. ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞു കളഞ്ഞു എന്നായിരുന്നു പ്രതികൾ നൽകിയ മൊഴി.
അതേസമയം മോഡലുകളുടെ മരണം സംബന്ധിച്ച് ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ എക്സൈസ് ചോദ്യം ചെയ്യും. ഹോട്ടലിൽ ലഹരിപാർട്ടി നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നമ്പർ 18 (Number18) ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന പരാതിയിൽ ജില്ല എക്സൈസ് മേധാവി എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും.
റിപ്പോർട്ടിലും ഹോട്ടലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ട്. ഒക്ടോബർ 23 ന് സമയം ലംഘിച്ച് മദ്യം വിളമ്പിയതിന് ഹോട്ടലിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഒക്ടോബർ 31 ന് സമയം ലംഘിച്ച് ഹോട്ടലിൽ വീണ്ടും മദ്യം വിളമ്പിയതായി എക്സൈസ് കണ്ടെത്തി. കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിൽ പൊലീസും എത്തിയിരുന്നു. ഇക്കാര്യങ്ങൾ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നൽകുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതിനെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഹോട്ടലിന്റെ തൊട്ട് സമീപത്ത് തന്നെയാണ് ഫോർട്ടുകൊച്ചി പോലീസ് സ്റ്റേഷനും അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസും. എന്നാൽ നാളിതു വരെയായി യാതൊരു വിധ പോലീസ് ഇടപെടലും ഹോട്ടലിൽ ഉണ്ടായിട്ടില്ല.
സമയ പരിധി കഴിഞ്ഞും ബാറും ഡി ജെ പാർട്ടികളും നടക്കുമ്പോഴും പരാതികളില്ലാതെ അന്വേഷിക്കാൻ ആവില്ലെന്ന് നിലപാടിലായിരുന്നു ഫോർട്ടുകൊച്ചി പോലീസ് . മോഡലുകളുടെ മരണം സംബന്ധിച്ച ദുരൂഹമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് ഹോട്ടലിൽ തന്നെയാണ് എന്ന വിശ്വാസത്തിലാണ് പോലീസ് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Murder, Thrissur, Toddy shop