Explained | കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വാക്സിൻ സ്വീകരിച്ച ആളുകളെ ബാധിക്കുമോ? സംശയങ്ങൾക്കുത്തരം അറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഡെൽറ്റ വകഭേദം ഉൾപ്പെടെയുള്ള പുതിയ വകഭേദങ്ങളെ ചെറുക്കാൻ ചില വാക്സിനുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിൽ വാക്സിൻ സ്വീകരിക്കുക എന്നത് അതിപ്രധാനമാണ്.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാവുകയും വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അൺലോക്ക് പ്രക്രിയ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലും കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളായ ഡെൽറ്റ, ഡെൽറ്റ പ്ലസ് എന്നിവയുടെ വ്യാപനം ആശങ്ക ഉയർത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിലേക്കുള്ള സൂചനയാണ് ഈ പുതിയ വകഭേദങ്ങൾ നൽകുന്നത്. ആരോഗ്യ പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും കോവിഡ് വാക്സിൻ സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ പൂർവ്വാധികം ശക്തിയോടെ കൈക്കൊള്ളുന്നുണ്ടെങ്കിലും വാക്സിനുകൾ നൽകുന്ന പ്രതിരോധശേഷിയെ മറികടക്കാനുള്ള ശേഷി ഈ പുതിയ വകഭേദങ്ങൾക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡെൽറ്റ പ്ലസ് വകഭേദത്തെ സംബന്ധിച്ചുയരുന്ന ആശങ്കകളും മറുപടികളും അറിയാം.
ഡെൽറ്റ പ്ലസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണോ?
കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് എന്ന വകഭേദം ആശങ്ക ഉയർത്തുന്ന വകഭേദങ്ങളുടെ വിഭാഗത്തിൽപ്പെടുന്നതാണെന്ന് ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഡെൽറ്റ പ്ലസ് എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഈ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് കർശനമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
കോവിഡ് പരിശോധന വ്യാപകമാക്കാനും മുൻഗണനാക്രമത്തിൽ വാക്സിനേഷൻ ഊർജിതമായി നടപ്പിലാക്കാനുമാണ് നിർദ്ദേശം. ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഒമ്പത് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. യു എസ്, യു കെ, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ, പോളണ്ട്, നേപ്പാൾ, ചൈന, റഷ്യ എന്നിവയാണ് മറ്റു രാജ്യങ്ങൾ.
ഡെൽറ്റ പ്ലസ് വകഭേദം ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുമോ?
മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഡെൽറ്റ പ്ലസിന് ശ്വാസകോശ കലകളോടുള്ള ആകർഷണം കൂടുതലാണെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻ ടി എ ജി ഐ) വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ കെ അറോറ പറയുന്നു. എന്നാൽ, അത് രോഗതീവ്രത കൂടാൻ കാരണമാകുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വകഭേദം മൂലമുണ്ടാകുന്ന രോഗബാധയുടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു വ്യക്തത വരൂ എന്നും ഒന്നോ രണ്ടോ വാക്സിൻ സ്വീകരിച്ചവരിൽ രോഗലക്ഷണങ്ങൾ പൊതുവെ കുറവാണെന്നും അദ്ദേഹം പറയുന്നു.
advertisement
രോഗവ്യാപനത്തിന്റെ പുതിയ തരംഗങ്ങൾക്ക് വൈറസിനുണ്ടാകുന്ന ജനിതക വ്യതിയാനങ്ങളുമായി ബന്ധമുണ്ടെങ്കിലും അത് മറ്റു ചില ഘടകങ്ങളെക്കൂടി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതിനാൽ, ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം ഏകപക്ഷീയമായി കോവിഡ് വ്യാപനത്തിന്റെ ഒരു മൂന്നാം തരംഗത്തിലേക്ക് വഴി വെക്കുമോ എന്ന കാര്യത്തിൽ തീർച്ച പറയാൻ കഴിയില്ല.
പുതിയ വകഭേദങ്ങൾക്കെതിരെ കോവിഡ് വാക്സിൻ എത്രത്തോളം ഫലപ്രദമാണ്?
കോവിഡ് വ്യാപനത്തിന് തുടക്കമിട്ട ആൽഫ വകഭേദത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കിയാണ് കോവിഡ് വാക്സിനുകൾ വികസിപ്പിച്ചിരിക്കുന്നത് എന്നതിനാൽ ഡെൽറ്റ വകഭേദത്തിനും പുതിയ മറ്റു വകഭേദങ്ങൾക്കും വാക്സിനുകൾ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളെ മറികടക്കാനുള്ള ശേഷിയുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധത്തെ മറികടക്കാനും വാക്സിൻ നൽകുന്ന സംരക്ഷണത്തെ അതിജീവിക്കാനും പുതിയ വകഭേദങ്ങളെ സഹായിക്കുന്ന പ്രത്യേകതകളെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
advertisement
Also Read-Explained | കോവിൻ പോർട്ടൽ വഴി വാക്സിൻ സർട്ടിഫിക്കറ്റിലെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ തിരുത്താം?
എന്നാൽ, ചില കോവിഡ് വാക്സിനുകൾക്ക് ഡെൽറ്റ വകഭേദത്തെ പ്രലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനങ്ങൾ അവകാശപ്പെടുന്നു. എങ്കിലും, ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ കാര്യത്തിൽ വാക്സിനുകൾ ഫലപ്രദമാകുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
പൂർണമായി വാക്സിനേഷൻ നേടിയ ആളുകളിൽ ഡെൽറ്റ പ്ലസ് വകഭേദം രോഗബാധ ഉണ്ടാക്കുമോ?
രാജസ്ഥാനിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് പൂർണമായും വാക്സിനേഷൻ നേടിയ, 65 വയസുകാരിയായ സ്ത്രീയിലാണെന്ന് ബിക്കാനർ ഹെൽത്ത് ഓഫീസർ ഡോ. ഒ പി ചാഹർ അറിയിക്കുന്നു. കഴിഞ്ഞ മെയിൽ കോവിഡ് രോഗമുക്തി നേടിയ ഈ വനിത വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു. ഈ സ്ത്രീയുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി മെയ് 30-ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയച്ചിരുന്നതായി ചാഹർ പറയുന്നു.
advertisement
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിപ്പോർട്ട് വന്നത്. "അവരുടെ സാമ്പിളിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ ഇതിനകം കോവിഡ് രോഗമുക്തിയും നേടിയിട്ടുണ്ട്", ചാഹർ പറഞ്ഞു. ആ സ്ത്രീയ്ക്ക് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, അവർ രോഗമുക്തി നേടുകയും ചെയ്തു. എങ്കിലും, പൂർണമായി വാക്സിനേഷൻ സ്വീകരിച്ച ആളുകളിലും കോവിഡ് രോഗമുക്തി നേടിയവരിലും ഡെൽറ്റ പ്ലസ് വകഭേദം രോഗബാധ സൃഷ്ടിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഇത്.
സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് നമ്മളെല്ലാം കരകയറി വരുന്നതേ ഉള്ളൂ. പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിൽ പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടി ആശങ്ക ഉയർത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള പോംവഴി. അതിലൂടെ മാത്രമേ വൈറസ് വ്യാപനത്തെ തടയാനും ആപത്കരമായ ഒരു മൂന്നാം തരംഗത്തെ പ്രതിരോധിക്കാനും നമുക്ക് കഴിയൂ.
advertisement
മുൻ വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ വകഭേദങ്ങളുടെ വ്യാപനശേഷി കൂടുതലാണെന്ന് തെളിഞ്ഞതിനാൽ സാമൂഹ്യ അകലം കൃത്യമായി പാലിക്കുക, ഇരട്ട മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്യുക തുടങ്ങിയ മാർഗനിർദ്ദേശങ്ങൾ നമ്മളെല്ലാം വിട്ടുവീഴ്ചയില്ലാതെ പിന്തുടരണം. വൈറസിനെതിരെ പ്രതിരോധം നേടാനുള്ള ഒരേയൊരു വഴി വാക്സിനേഷന് വിധേയമാവുക എന്നതാണ്. ഡെൽറ്റ വകഭേദം ഉൾപ്പെടെയുള്ള പുതിയ വകഭേദങ്ങളെ ചെറുക്കാൻ ചില വാക്സിനുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിൽ വാക്സിൻ സ്വീകരിക്കുക എന്നത് അതിപ്രധാനമാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2021 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വാക്സിൻ സ്വീകരിച്ച ആളുകളെ ബാധിക്കുമോ? സംശയങ്ങൾക്കുത്തരം അറിയാം