Agnipath | അ​​ഗ്നിപഥിലൂടെ നേപ്പാളി ​ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നത് എങ്ങനെ? ആശങ്കയ്ക്ക് കാരണമെന്ത്?

Last Updated:

ഇന്ത്യൻ ആർമിയിൽ ഗൂർഖകളെ എങ്ങനെയാണ് റിക്രൂട്ട് ചെയ്യുന്നത്? എന്തുകൊണ്ടാണ് പ്രഖ്യാപനം ചിലരിൽ അമ്പരപ്പുണ്ടാക്കുന്നത്? അതേക്കുറിച്ച് അറിയാം.

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കു (Agnipath scheme) കീഴിൽ നേപ്പാൾ സ്വദേശികളായ ഗൂർഖകളെയും (Nepali Gorkhas) റിക്രൂട്ട് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ജൂൺ 14-ന് പ്രഖ്യാപിച്ച പദ്ധതിയുടെ ഭാ​ഗമായി 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. അവരിൽ 25 ശതമാനം പേരെ, ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, 15 വർഷത്തേക്ക് കൂടി സർവീസിൽ തുടരാൻ അനുവദിക്കുകയും ചെയ്യുമെന്നും സർക്കാർ അറിയിച്ചിരുന്നു. പിന്നീട് 2022- വർഷത്തെ റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 23 വയസ്സായി കേന്ദ്രം നീട്ടുകയും ചെയ്തു. പുതിയ സ്കീമിന് കീഴിൽ റിക്രൂട്ട് ചെയ്യുന്ന ജീവനക്കാരെ അഗ്നിവീരന്മാർ എന്നാണ് വിളിക്കുക.
ഇന്ത്യൻ ആർമിയിൽ ഗൂർഖകളെ എങ്ങനെയാണ് റിക്രൂട്ട് ചെയ്യുന്നത്? എന്തുകൊണ്ടാണ് പ്രഖ്യാപനം ചിലരിൽ അമ്പരപ്പുണ്ടാക്കുന്നത്? അതേക്കുറിച്ച് കൂടുതൽ അറിയാം.
അഗ്നിപഥ് പദ്ധതിയിലൂടെ ഇന്ത്യൻ ആർമിയുടെ ഏഴ് ഗൂർഖ റെജിമെന്റുകളിലേക്ക് നേപ്പാൾ സ്വദേശികളെ റിക്രൂട്ട് ചെയ്യുമെന്ന് ​ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. നേപ്പാളി ഗൂർഖകളെ നാല് വർഷത്തേക്കായിരിക്കും റിക്രൂട്ട് ചെയ്യുകയെന്നും അതിനുശേഷം 25 ശതമാനം പേരെ 15 വർഷത്തേക്ക് സർവീസിൽ തുടരാൻ അനുവദിക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ പ്രിന്റിനോട് പറഞ്ഞു. അ​ഗ്നിപഥ് പദ്ധതിക്കു കീഴിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ സൈനികർക്കുള്ള വ്യവസ്ഥകൾ ഇവർക്കും ബാധകമായിരിക്കും.
advertisement
ഇന്ത്യൻ സൈന്യവും ഗൂർഖകളും
1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയും നേപ്പാളും ബ്രിട്ടനും തമ്മിൽ ഒപ്പുവച്ച ത്രികക്ഷി ഉടമ്പടി (tripartite treaty) പ്രകാരം ഇന്ത്യൻ സൈന്യത്തിന് ആറ് ഗൂർഖ റെജിമെന്റുകൾ കൈമാറിയിരുന്നു. നാലെണ്ണം ബ്രിട്ടീഷ് ആർമിയുടെ ഭാ​ഗമായി. നിലവിൽ ഇന്ത്യയ്‌ക്ക് 43 ഗൂർഖ ബറ്റാലിയനുകളുണ്ട്. മാതൃ ബറ്റാലിയനുകളുമായുള്ള പൂർവിക ബന്ധം തുടരാൻ നേപ്പാൾ ഗൂർഖകൾ ഇപ്പോഴും ഇന്ത്യൻ റെജിമെന്റുകളിൽ ചേരുന്നുണ്ടെന്ന് വിരമിച്ച മേജർ ജനറൽ അശോക് കെ മേത്ത ട്രിബ്യൂണിൽ എഴുതിയിരുന്നു. ഭൈർഹാവയ്ക്ക് സമീപമുള്ള ഇന്ത്യ-നേപ്പാൾ അതിർത്തിയിലുള്ള നൗതൻവയിലാണ് ഗൂർഖ റെജിമെന്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആദ്യം നടന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഡാർജിലിംഗിനടുത്തുള്ള കുൻഘട്ട്, ഗോരഖ്പൂർ, ഘൂം എന്നിവിടങ്ങളും ഗൂർഖ റിക്രൂട്ടിംഗിനായി തിരഞ്ഞെടുത്തു. നേപ്പാളിൽ നിന്നുള്ള റിക്രൂട്ടർമാർ, റിക്രൂട്ട്‌മെന്റ് ഡിപ്പോകളിലേക്ക് യുവ ഗൂർഖകളെ കൊണ്ടുവരാറുണ്ടായിരുന്നു. പിന്നീട് ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ടർമാർ നേപ്പാളിലേക്ക് പോയി യുവാക്കളായ ​ഗൂർഖകളെ തിരഞ്ഞെടുക്കാൻ ആരംഭിച്ചെന്നും മേജർ ജനറൽ അശോക് കെ മേത്ത പറയുന്നു. പടിഞ്ഞാറൻ നേപ്പാളിലെയും, കിഴക്കൻ നേപ്പാളിലെയും പൊഖാറ, ധരൻ തുടങ്ങിയ സ്ഥലങ്ങളിൽ റിക്രൂട്ട്‌മെന്റ് റാലികൾ നടന്നിരുന്നു എന്നും അദ്ദേഹം എഴുതി.
advertisement
രാജ്യത്തെ ​ഗൂർഖകളിൽ 60 ശതമാനം നേപ്പാളികളാണെന്നും ബാക്കിയുള്ളവർ ഇന്ത്യക്കാരാണെന്നും ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
35,000 ഓളം നേപ്പാൾ പൗരൻമാർ ഇന്ത്യൻ സൈന്യത്തിന്റെ ഭാ​ഗമായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ കണക്കനുസരിച്ച്, നേപ്പാളിലെ ഇന്ത്യൻ ആർമി എക്‌സ്-സർവീസ്‌മെൻ കമ്യൂണിറ്റിയിൽ ഏകദേശം 1.32 ലക്ഷം അംഗങ്ങളുണ്ട്.
നേപ്പാളി ഗൂർഖകളുടെ റിക്രൂട്ട്മെന്റ്
പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലും ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുമുള്ള രണ്ട് ഗൂർഖ റിക്രൂട്ട്‌മെന്റ് ഡിപ്പോകൾ (ജിആർഡി) വഴിയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്ന് ദി പ്രിന്റ് റിപ്പോർട്ടിൽ പറയുന്നു. നേപ്പാളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മൂന്ന് സേനകളുടെയും (ഇന്ത്യ, ബ്രിട്ടൻ, നേപ്പാൾ) പ്രതിനിധികൾ എഴുത്ത് പരീക്ഷയും, ശാരീരിക പരിശോധനകളും നടത്തും.
advertisement
”റിക്രൂട്ട്മെന്റ് റാലിയിൽ 100 പേർ എത്തിയെന്നിരിക്കട്ടെ, ബ്രിട്ടീഷുകാർക്ക് 20, ഇന്ത്യക്ക് 40, നേപ്പാൾ ആർമിക്ക് 50 എന്നിങ്ങനെയാണ് തിരഞ്ഞെടുക്കാവുന്നത്. ഏറ്റവും മികച്ച 20 പേർക്ക് ഏറ്റവും ഉയർന്ന ശമ്പളവും അലവൻസുകളും വാഗ്ദാനം ചെയ്യുന്ന ബ്രിട്ടീഷ് ആർമിയിൽ ചേരാനുള്ള അവസരം ലഭിക്കും. നേപ്പാൾ സൈന്യത്തിന്റെ 2.5 ഇരട്ടി ശമ്പളവും അലവൻസും നൽകുന്ന ഇന്ത്യയാണ് അടുത്ത ചോയ്സ്”, ഒരു ഉറവിടം ദി പ്രിന്റിനോട് പറഞ്ഞു. റിക്രൂട്ട്‌മെന്റിനുള്ള തീയതികൾ നിശ്ചയിക്കുന്നതിന് ഇന്ത്യൻ, നേപ്പാൾ, ബ്രിട്ടീഷ് സൈന്യങ്ങൾ തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.
advertisement
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഡാർജിലിംഗ്, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് വഴിയാണ് ഇന്ത്യൻ പൗരൻമാരായ ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നത്.
ആശങ്കക്കു കാരണം
അഗ്നിപഥ് പദ്ധതിക്കു കീഴിൽ നേപ്പാൾ സ്വദേശികളായ ഗൂർഖകളെ റിക്രൂട്ട് ചെയ്യുമെന്ന പ്രഖ്യാപനം ഇന്ത്യയിലും നേപ്പാളിലും ചില ആശങ്കകൾ ഉയർന്നു വരാൻ കാരണമായിട്ടുണ്ട്. നേപ്പാളി യുവാക്കളെ ഇന്ത്യൻ ഗൂർഖാ റെജിമെന്റുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന 1947ലെ ത്രികക്ഷി ഉടമ്പടിയുടെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നും റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് ആദ്യം നേപ്പാൾ സർക്കാർ അംഗീകാരം നൽകണമെന്നും നേപ്പാളി വെബ്‌സൈറ്റ് മൈ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തു. “തൃപ്‌തികരമായ പ്രകടനവും പെരുമാറ്റവും മാനണ്ഡമാക്കി, പെൻഷന് യോഗ്യത നേടുന്നതിന് എല്ലാ സൈനികരെയും മതിയായ സമയം സേവനുമനുഷ്ഠിക്കാൻ അനുവദിക്കണം”, എന്നാണ് ത്രികക്ഷി ഉടമ്പടിയിൽ പരാമർശിക്കുന്നത്. അ​ഗ്നിപഥ് പദ്ധതി പ്രകാരം നേപ്പാളി ഗൂർഖകളെ റിക്രൂട്ട് ചെയ്യുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും അക്കാര്യം നേപ്പാളിലെ അധികൃതരെ അറിയിക്കാനുള്ള മിനിമം മര്യാദ പോലും ഇന്ത്യ പാലിച്ചതായി തോന്നുന്നില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ മൈ റിപ്പബ്ലിക്കയോട് പറഞ്ഞു. അഗ്നിപഥ് പദ്ധതി നേപ്പാളി സമൂഹത്തെയും നേപ്പാളിന്റെ വിദേശ ബന്ധങ്ങളെയും ഒരുപോലെ ബാധിക്കുമെന്നും കമന്റേറ്റർ കനക് മണി ദീക്ഷിത് പറഞ്ഞു.
advertisement
“ഗൂർഖ റിക്രൂട്ട്‌മെന്റ് എന്നത് നേപ്പാളിന്റ പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും ഭാ​ഗമാണ്. രാജ്യത്തെ വലിയൊരു വിഭാഗത്തിന് തൊഴിലും വരുമാനവും ഈ ജോലിയിലൂടെ ലഭിച്ചിട്ടുണ്ട്. നേപ്പാൾ പുതിയൊരു യുഗത്തിലേക്ക് പ്രവേശിക്കുമ്പോൾ വിദേശ റിക്രൂട്ട്‌മെന്റുകൾ അവസാനിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പൗരന്മാർക്ക് മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിന്റെ ഭാ​ഗമാകേണ്ട ആവശ്യമില്ല. അഗ്നിപഥ് പദ്ധതിയിനുസരിച്ച് റിക്രൂട്ട് ചെയ്യപ്പെടുന്ന നേപ്പാളി പൗരന്മാർക്ക് ഇന്ത്യൻ ഗൂർഖ റെജിമെന്റുകളിൽ ചുരുങ്ങിയ കാലമേ ജോലി ചെയ്യാനാകൂ. എന്നാൽ വിദേശ റിക്രൂട്ട്മെന്റ് അനുവദിക്കുമ്പോൾ ഉണ്ടായിരുന്ന തൊഴിൽ സാഹചര്യം ഇങ്ങനെയായിരുന്നില്ല. ഇന്ത്യൻ സർക്കാർ ഇവിടെ ത്രികക്ഷി ഉടമ്പടി ലംഘിക്കുകയാണ് ചെയ്യുന്നത്”, കനക് മണി ദീക്ഷിത് കൂട്ടിച്ചേർത്തു.
advertisement
”നേപ്പാൾ ഇപ്പോഴും വൻതോതിലുള്ള തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്നുണ്ട്. മിക്ക ചെറുപ്പക്കാരും ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. ഗ്രാമങ്ങളിൽ വൃദ്ധരും സ്ത്രീകളും മാത്രമേ അവശേഷിക്കുന്നുള്ളൂ. പുതിയ റിക്രൂട്ട്‌മെന്റ് സ്കീമിന്റെ അനന്തരഫലങ്ങൾ ഉടനടി വിലയിരുത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇന്ത്യയിൽ സംഭവിച്ചതു പോലെ, നേപ്പാളിലും അ​ഗ്നിപഥിനെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ‍ നിരാശാജനകമായിരുന്നു”, നേപ്പാളിലെ മുൻ ഇന്ത്യൻ അംബാസഡർ രഞ്ജിത് റേ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Agnipath | അ​​ഗ്നിപഥിലൂടെ നേപ്പാളി ​ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നത് എങ്ങനെ? ആശങ്കയ്ക്ക് കാരണമെന്ത്?
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement