Nallathamby Kalaiselvi | ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയെ നയിക്കാൻ എൻ.കലൈശെൽവി; CSIR തലപ്പത്തെ ആദ്യവനിത

Last Updated:

പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിൽ ആദ്യമായി ഒരു വനിത സിഎസ്ഐആറിനെ നയിക്കുന്നു

Nallathamby Kalaiselvi
Nallathamby Kalaiselvi
ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി അഥവാ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ - CSIR) ആദ്യ വനിതാ ഡയറക്ടർ ജനറലായി നല്ലതമ്പി കലൈശെൽവി നിയമിതയായി. രാജ്യത്തുടനീളമുള്ള 38 ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് സിഎസ്ഐആ‍ർ. 1942ലാണ് രാജ്യത്ത് ഈ ഗവേഷണ സ്ഥാപനം ആരംഭിക്കുന്നത്. നല്ലതമ്പി കലൈശെൽവിയുടെ ജീവിതത്തെക്കുറിച്ചും അവരുടെ ഗവേഷണമേഖലയിലെ പാണ്ഡിത്യത്തെക്കുറിച്ചും കൂടുതൽ അറിയാം:
സിഎസ്‌ഐആറിൽ തന്നെയാണ് കലൈശൈൽവിയുടെ കരിയ‍ർ ആരംഭിക്കുന്നത്. അവിടെ എൻട്രി ലെവൽ ഗവേഷകയും ശാസ്ത്രജ്ഞയുമായി തുടങ്ങിയ സേവനം ഇന്ന് സ്ഥാപനത്തിന്റെ തലപ്പത്തെത്തിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിൽ ആദ്യമായി ഒരു വനിത സിഎസ്ഐആറിനെ നയിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.
കലൈശെൽവിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നേട്ടം ആദ്യമായിട്ടല്ല ലഭിക്കുന്നത് എന്നതാണ് രസകരമായ കാര്യം. നേരത്തെയും ഒരു സ്ഥാപനത്തിന്റെ ആദ്യ വനിതാ മേധാവിയായി ചുമതലയേറ്റ് ഇവ‍ർ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 2019-ൽ സെൻട്രൽ ഇലക്‌ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ (CSIR-CECRI) നയിക്കുന്ന ആദ്യ വനിതയായാണ് കലൈശെൽവി നേരത്തെ ചരിത്രത്തിൽ ഇടം പിടിച്ചത്.
advertisement
നിലവിൽ രണ്ട് വർഷത്തേക്കാണ് കലൈശെൽവിയെ സിഎസ്ഐആർ ഡയറക്ടർ ജനറലായി നിയമിച്ചിരിക്കുന്നത്. അതേസമയം, സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വകുപ്പ് സെക്രട്ടറിയായും അവർ നിയമിതയായിട്ടുണ്ട്.
ശേഖർ മണ്ടേയാണ് നേരത്തെ സിഎസ്ഐആറിനെ നയിച്ചിരുന്നത്. മണ്ടേയുടെ പിൻഗാമിയായാണ് കലൈശെൽവി ചുമതല ഏറ്റെടുക്കുന്നത്. മണ്ടേ ഏപ്രിലിലാണ് സ്ഥാപനത്തിൽ നിന്ന് വിരമിച്ചത്. പിന്നീട് ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയാണ് താൽക്കാലികമായി സിഎസ്ഐആ‍ർ ഡയറക്ടർ ജനറലിന്റെ ചുമതല ഏറ്റെടുത്തിരുന്നത്. രാജേഷ് ഗോഖലെയ്ക്ക് അധിക ചുമതല നൽകിയിരിക്കുകയായിരുന്നു.
advertisement
തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള സെൻട്രൽ ഇലക്‌ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് നിലവിൽ കലൈശെൽവി. ഈ പദവിയിൽ ഇരിക്കുമ്പോഴാണ് പുതിയ ചുമതല അവരെ തേടിയെത്തുന്നത്. തമിഴ്നാട്ടുകാരിയായ കലൈശെൽവിയുടെ സ്കൂൾ വിദ്യാഭ്യാസം തമിഴ് മീഡിയത്തിൽ തന്നെയായിരുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിൽ നിന്നാണ് അവരുടെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പഠിക്കുന്ന കാലത്ത് തന്നെ ശാസ്ത്ര വിഷയങ്ങളിലായിരുന്നു വലിയ താൽപര്യം. കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ ഈ മേഖലയിൽ പ്രതിഭാശാലിയാണെന്ന് അവർ തെളിയിക്കുകയും ചെയ്തു.
advertisement
ശാസ്ത്ര ഗവേഷണ മേഖലയിൽ വലിയ നേട്ടങ്ങളാണ് കലൈശെൽവി സ്വന്തമാക്കിയിട്ടുള്ളത്. 125ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ് പേറ്റന്റുകളും അവരുടെ പേരിലുണ്ട്. ലിഥിയം-അയൺ ബാറ്ററികളുടെ മേഖലയിലുള്ള ഗവേഷണങ്ങളാണ് അവരെ പ്രശസ്തയാക്കിയിട്ടുള്ളത്. ഈ മേഖലയിൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രഗവേഷകരിൽ ഒരാളാണ് കലൈശെൽവിയെന്ന് നിസ്സംശയം പറയാം. പ്രായോഗികമായ സോഡിയം-അയൺ/ലിഥിയം-സൾഫർ ബാറ്ററികളുടെയും സൂപ്പർകപ്പാസിറ്ററുകളുടെയും നി‍ർമ്മാണവും വികസനവുമായി ബന്ധപ്പെട്ട മേഖലയിലാണ് നിലവിൽ അവ‍ർ പ്രധാനമായും പ്രവർത്തിക്കുന്നത്.
ഗവേഷണ മേഖലയിൽ 25 വർഷത്തിലേറെ പരിചയം കലൈശെൽവിക്കുണ്ട്. പുതുതലമുറക്ക് ദിശാബോധം നൽകുന്നതിൽ ഈ പരിചയ സമ്പത്ത് തീർച്ചയായും ഗുണം ചെയ്യും. ഇലക്ട്രോകെമിക്കൽ പവർ സിസ്റ്റം മേഖലയിലും കലൈശെൽവി കാര്യമായ ഗവേഷണങ്ങൾ നടത്തുകയും സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Nallathamby Kalaiselvi | ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയെ നയിക്കാൻ എൻ.കലൈശെൽവി; CSIR തലപ്പത്തെ ആദ്യവനിത
Next Article
advertisement
"യുണൈറ്റ് ദി കിംഗ്ഡം" ; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ
"യുണൈറ്റ് ദി കിംഗ്ഡം" ; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ
  • ലണ്ടനിൽ നടന്ന "യുണൈറ്റ് ദി കിംഗ്ഡം" റാലിയിൽ പതിനായിരക്കണക്കിന് പേർ പങ്കെടുത്തു.

  • വൈറ്റ്ഹാളിലെ പരിപാടിക്കിടെ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിച്ചു.

  • പ്രതിഷേധം നേരിടാൻ 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്.

View All
advertisement