Explained | ആശങ്ക ഉയർത്തി കൊറോണ വൈറസിന്റെ കാപ്പ വകഭേദം; പുതിയ വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
- Published by:Joys Joy
- trending desk
Last Updated:
കൊറോണയുടെ മറ്റെല്ലാ വകഭേദങ്ങളെയും എന്ന പോലെ കാപ്പയെയും പ്രതിരോധിക്കാൻ മാസ്ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ, കൈകൾ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കൽ മുതലായ ശീലങ്ങൾ നമ്മൾ കർശനമായി പാലിച്ചേ മതിയാകൂ.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ വൈദ്യശാസ്ത്രത്തിനും ഡോക്ടർമാർക്കും നിരന്തരം വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്. കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ഉയർത്തിയ ആശങ്കകൾ പൂർണമായും അവസാനിക്കുന്നതിന് മുമ്പാണ് കാപ്പ എന്ന പുതിയ വകഭേദം നമ്മുടെ രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഏഴ് രോഗികളിലാണ് നിലവിൽ കാപ്പ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാപ്പ വകഭേദം റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് കാപ്പയും.
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ എസ് എം എസ് മെഡിക്കൽ കോളേജിൽ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവായ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിരുന്നു. കോവിഡിന്റെ രണ്ടാം വ്യാപനഘട്ടത്തിൽ അയച്ച 174 സാമ്പിളുകളിൽ 166 എണ്ണത്തിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയപ്പോൾ അഞ്ചെണ്ണത്തിലാണ് കാപ്പ വകഭേദം സ്ഥിരീകരിച്ചത്. സമാനമായി ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ കോളേജിൽ നിന്ന് അയച്ച 109 സാമ്പിളുകളിൽ 107 എണ്ണത്തിലും ഡെൽറ്റ വകഭേദവും രണ്ടെണ്ണത്തിൽ കാപ്പ വകഭേദവും സ്ഥിരീകരിച്ചു. ഡെൽറ്റ, ഡെൽറ്റ പ്ലസ്, ലാംഡ എന്നീ വകഭേദങ്ങൾക്ക് ശേഷം ഇപ്പോൾ കാപ്പ വകഭേദമാണ് വലിയ തോതിൽ ആശങ്കകൾ ഉയർത്തുന്നത്.
advertisement
എന്താണ് കൊറോണ വൈറസിന്റെ കാപ്പ വകഭേദം?
കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് കാപ്പ. B.1.617 എന്ന വിഭാഗത്തിൽപ്പെടുന്ന വകഭേദങ്ങളുമായി ബന്ധമുള്ള വകഭേദമാണ് കാപ്പ. മെയ് അവസാനമാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തിന് കാപ്പ എന്ന പേര് നൽകിയത്. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ B.1.617 എന്ന വകഭേദം വീണ്ടും ജനിതമാറ്റങ്ങൾക്ക് വിധേയമായാണ് B.1.617.1, B.1.617.2, B.1.617.3 എന്നീ വകഭേദങ്ങൾ രൂപപ്പെട്ടത്. ഇവയിൽ B.1.617.1 എന്ന വകഭേദത്തിനാണ് കാപ്പ എന്ന പേര് നൽകിയത്. B.1.617.2 ആണ് ഡെൽറ്റ എന്നറിയപ്പെടുന്നത്. മൂന്നാമത്തെ വകഭേദം കൂടുതലായി വ്യാപിച്ചിട്ടില്ലാത്തതിനാൽ പേരൊന്നും നൽകിയിട്ടില്ല,
advertisement
കാപ്പ വകഭേദം കൊറോണ വൈറസിന്റെ പുതിയ വകഭേദമാണോ? എന്നാണ് ഇത് ആദ്യമായി കണ്ടെത്തിയത്?
കാപ്പ വകഭേദം കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമല്ല. ലോകാരോഗ്യസംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം, കാപ്പ വകഭേദം 2020 ഒക്ടോബറിൽ ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തുന്നത്. കാപ്പയ്ക്ക് പുറമെ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യവും ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണ്.
കാപ്പ വകഭേദം എത്രത്തോളം അപകടകാരിയാണ്?
ലോകാരോഗ്യ സംഘടന 'വേരിയന്റ് ഓഫ് ഇൻറ്റ്രസ്റ്റ്' എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വകഭേദമാണ് കാപ്പ. ഇത് ഏതെങ്കിലും തരത്തിൽ ആശങ്ക ഉയർത്തുന്ന വകഭേദമല്ല എന്ന് സാരം. ജനിതകമാറ്റത്തിന്റെ സ്വഭാവം മുൻകൂട്ടി പ്രവചിച്ചിട്ടുള്ള വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന 'വേരിയന്റ് ഓഫ് ഇൻറ്റ്രസ്റ്റ്' എന്ന പട്ടികയിൽ ഉൾപ്പെടുത്തുന്നത്. അവയ്ക്കുണ്ടായിട്ടുള്ള ജനിതകമാറ്റം വളരെ സ്വാഭാവികമായി ഉണ്ടാകുന്നതാണ് എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. അതിനാൽ ഈ വകഭേദത്തിന്റെ വ്യാപനം, അത് ഉണ്ടാക്കുന്ന രോഗബാധയുടെ തീവ്രത, മനുഷ്യരിലെ രോഗപ്രതിരോധശേഷിയിൽ അതുണ്ടാക്കുന്ന പ്രതികരണം, മരുന്നുകളെ അതിജീവിക്കാനുള്ള അതിന്റെ ശേഷി എന്നിവയെക്കുറിച്ചെല്ലാം നമുക്ക് മുന്നറിവ് ഉണ്ട്.
advertisement
എന്നാൽ, നിരവധി രാജ്യങ്ങളിൽ കൊറോണ രോഗബാധിതരുടെ കമ്മ്യൂണിറ്റികളും ക്ലസ്റ്ററുകളും രൂപപ്പെടാൻ ഈ വകഭേദം കാരണമായേക്കാം എന്ന സൂചന ലോകാരോഗ്യ സംഘടന നൽകുന്നുണ്ട്. കാപ്പ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉത്തർപ്രദേശിലെ അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം) അമിത് മോഹൻ പ്രസാദ് അറിയിച്ചു. കൊറോണ വൈറസിന്റെ സ്വാഭാവിക വകഭേദമായ കാപ്പ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതേയുള്ളൂ.
നിലവിലെ കോവിഡ് വാക്സിനുകൾ കാപ്പ വകഭേദത്തെ പ്രതിരോധിക്കാൻ പര്യാപ്തമാണോ?
കാപ്പ വകഭേദത്തിന് L453R എന്ന ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ഈ ജനിതകമാറ്റം മൂലം കാപ്പയെ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് പ്രതിരോധിക്കാൻ കഴിയില്ലെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതേയുള്ളൂ. ഈ വാദത്തെ സാധൂകരിക്കാനോ തള്ളിക്കളയാനോ കഴിയുന്ന വിധത്തിലുള്ള ആധികാരിക വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.
advertisement
എന്നാൽ, ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ കാപ്പ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐ സി എം ആർ അറിയിച്ചിട്ടുണ്ട്. കോവിഷീൽഡ് വാക്സിനും കാപ്പ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ജൂണിൽ ഓക്സ്ഫോർഡ് സർവകലാശാലയും അറിയിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് കൂടുതലായി ലഭ്യമാകുന്നത്.
കാപ്പ വകഭേദത്തെ പ്രതിരോധിക്കാൻ എന്താണ് ചെയ്യേണ്ടത്?
കൊറോണയുടെ മറ്റെല്ലാ വകഭേദങ്ങളെയും എന്ന പോലെ കാപ്പയെയും പ്രതിരോധിക്കാൻ മാസ്ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ, കൈകൾ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കൽ മുതലായ ശീലങ്ങൾ നമ്മൾ കർശനമായി പാലിച്ചേ മതിയാകൂ. അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കണം. മാത്രമല്ല, എത്രയും വേഗം കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിക്കാൻ ശ്രമിക്കുക.
advertisement
കോവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് കാപ്പ വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമോ?
ഫ്രാൻസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ പ്രകാരം, കോവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് കൊറോണ വൈറസിന്റെ ആൽഫ, ഡെൽറ്റ വകഭേദങ്ങളെ പൂർണമായും പ്രതിരോധിക്കാൻ കഴിയില്ല. നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് ആസ്പദമായ പഠനം ആസ്‌ട്രാസെനെക്ക, ഫൈസർ ബയോഎൻടെക് എന്നീ വാക്സിനുകൾ സ്വീകരിച്ചവരിലാണ് സംഘടിപ്പിച്ചത്. ഇന്ത്യയിൽ ആസ്‌ട്രാസെനെക്ക വാക്സിനാണ് കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിൽ 10 ശതമാനം പേർക്ക് മാത്രമാണ് ആൽഫ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞത്. എന്നാൽ, രണ്ട് ഡോസുകളും സ്വീകരിച്ചവരിൽ ഈ വകഭേദങ്ങൾക്കതിരെയുള്ള ഫലപ്രാപ്തി 95 ശതമാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാൽ, കാപ്പ വകഭേദത്തിനെതിരെ വാക്സിന്റെ ഒരു ഡോസ് പൂർണമായും ഫലപ്രദമാകില്ല എന്ന് നമുക്ക് അനുമാനിക്കാം. എത്രയും വേഗം എല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയാണ് ഏറ്റവും ഉത്തമം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 14, 2021 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | ആശങ്ക ഉയർത്തി കൊറോണ വൈറസിന്റെ കാപ്പ വകഭേദം; പുതിയ വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം