• HOME
 • »
 • NEWS
 • »
 • explained
 • »
 • Pegasus|പെഗാസസിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി; അന്വേഷണത്തിന് സാങ്കേതികവിദഗ്ദ്ധരുടെ സ്വതന്ത്ര സമിതി

Pegasus|പെഗാസസിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി; അന്വേഷണത്തിന് സാങ്കേതികവിദഗ്ദ്ധരുടെ സ്വതന്ത്ര സമിതി

പെഗാസസ് കേസിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ദേശീയ സുരക്ഷയുടെ വാദം ഉന്നയിക്കുന്ന കേന്ദ്രത്തെ കോടതി വിമര്‍ശിച്ചു.

Supreme Court

Supreme Court

 • Last Updated :
 • Share this:
  ന്യൂഡൽഹി: ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ (National security)ഉന്നയിച്ച് പെഗാസസ് (Pegasus)കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് എല്ലായ്പ്പോഴും കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സുപ്രീംകോടതി( Supreme Court). പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ ഒരു സ്വതന്ത്ര സമിതിക്ക് (Independent Committee of Technical Experts)സുപ്രീംകോടതി രൂപം നല്‍കുകയും ചെയ്തു.

  കേന്ദ്രം പെഗാസസിന്റെ ഉപയോഗം നിഷേധിച്ചിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.''അതിനാല്‍, ഹരജിക്കാരന്റെ നിവേദനങ്ങള്‍ പ്രഥമദൃഷ്ട്യാ സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. അതിനാല്‍ ഞങ്ങള്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കുന്നു. അതിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി മേല്‍നോട്ടം വഹിക്കും". സുപ്രീം കോടതി ഉത്തരവിട്ടു.

  പെഗാസസ് കേസിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ദേശീയ സുരക്ഷയുടെ വാദം ഉന്നയിക്കുന്ന കേന്ദ്രത്തെ കോടതി വിമര്‍ശിച്ചു. ഓരോ തവണയും കോടതി ജുഡീഷ്യല്‍ അവലോകനം നടത്തുമ്പോള്‍ ഫ്രീ പാസ് നേടാനുള്ള വാദം നടത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ''ദേശീയ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് സര്‍ക്കാരിന് ഓരോ തവണയും ഫ്രീ പാസ് ലഭിക്കില്ല. ജുഡീഷ്യല്‍ പുനഃപരിശോധന തടയാൻ ആവശ്യപ്പെടാനാവില്ല. കേന്ദ്രം ഇവിടെ തങ്ങളുടെ നിലപാട് സാധൂകരിക്കേണ്ടതായിരുന്നു, കോടതിയെ നിശബ്ദ കാഴ്ചക്കാരനാക്കരുത്,'' സുപ്രീംകോടതി പറഞ്ഞു.

  പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതി രൂപം നല്‍കിയ വിദഗ്ധ സമിതിയുടെ അധ്യക്ഷനായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്. സമിതിയുടെ സഹായത്തിനായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അലോക് ജോഷി, ഡോ സന്ദീപ് ഒബ്‌റോയ്, ഡോ.നവീന്‍ കുമാര്‍ ചൗധരി ( നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി ഡീന്‍, ഗാന്ധിനഗര്‍, ഗുജറാത്ത്), ഡോ.പ്രഭാഹരന്‍ പി (പ്രൊഫസര്‍,അമൃത വിശ്വവിദ്യാപീഠം, കേരളം), ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ ( ഐഐടി ബോംബെ) തുടങ്ങിയ വിദഗ്ദ്ധരും ഉണ്ടായിരിക്കും.

  Also Read-Mullaipperiyar | ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കും; കേരളത്തിന് തമിഴ്‌നാടിന്റെ കത്ത്

  പൗരന്മാരെ നിരീക്ഷിക്കാന്‍ പെഗാസസ് സ്പൈവെയര്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ കേന്ദ്രം ഉപയോഗിച്ചോ ഇല്ലയോ എന്നറിയാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്ന് കോടതി പറഞ്ഞിരുന്നു. ഇസ്രായേല്‍ സ്ഥാപനം എന്‍എസ്ഒയുടെ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ച് തങ്ങളുടെ ഫോണ്‍, കേന്ദ്രം ചോർത്തിയെന്ന് രാജ്യത്തെ ചില പ്രമുഖകര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സാങ്കേതിക വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അന്വേഷണത്തിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിക്കുകയും ചെയ്തു. മുഴുവന്‍ പ്രശ്നങ്ങളും പരിശോധിക്കാന്‍ സ്വന്തമായി ഒരു വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന കേന്ദ്രത്തിന്റെ പ്രസ്താവന കണക്കിലെടുത്ത് സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

  പെഗാസസ് കേസിനെക്കുറിച്ച് അറിയേണ്ടതെല്ലാം:

  എന്താണ് പെഗാസസ് വിഷയം?

  പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് 300-ലധികം ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നിരീക്ഷിച്ചതായിനടത്തിയിരുന്നുവെന്ന് ഒരു അന്താരാഷ്ട്ര മീഡിയ കണ്‍സോര്‍ഷ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, നിലവിലുള്ള രണ്ട് കേന്ദ്ര മന്ത്രിമാര്‍, ഒരു മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സുപ്രീം കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാര്‍, ഒരു മുന്‍ ജഡ്ജിയുടെ പഴയ നമ്പര്‍, ഒരു മുന്‍ അറ്റോര്‍ണി ജനറലിന്റെ അടുത്ത സഹായി, 40 മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

  തങ്ങളുടെ ഉപഭോക്താക്കള്‍ സര്‍ക്കാരുകളും അവരുടെ ഏജന്‍സികളും മാത്രമാണെന്ന് സോഫ്റ്റ്വെയര്‍ വെണ്ടര്‍ എന്‍എസ്ഒ പറഞ്ഞതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും സമ്മര്‍ദത്തിലായി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രതിപക്ഷം കേന്ദ്രത്തോട് ഇത് സംബന്ധിച്ച് ഉത്തരം തേടി. പിന്നാലെ, പെഗാസസ് സ്നൂപ്പിംഗ് വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്ക്കൊപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ഒരു കൂട്ടം ഹര്‍ജികളാണ് നിലവില്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.

  Also Read-Mullaipperiyar | 'ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ'; മറുപടി ക്യാംപെയ്‌നുമായി ട്വീറ്റുകള്‍

  സര്‍ക്കാരിന്റെ നിലപാട് എന്താണ്?

  രാജ്യം ഒരു പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന വെളിപ്പെടുത്തല്‍ രാജ്യ സുരക്ഷയെ അപകടത്തിലാക്കുമെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വാദിച്ചത്. ''നിങ്ങളുടെ നിലപാട് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ സത്യവാങ്മൂലം ഉണ്ടായിരിക്കണം. കൂടുതല്‍ ഒന്നും പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,'' കോടതി മേത്തയോട് പറഞ്ഞു. ഒപ്പം ഒരു സ്‌പൈവെയര്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നിയമം സ്ഥാപിച്ച നടപടിക്രമം അനുസരിച്ചായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

  സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അതിനാലാണ് ആരോപണങ്ങള്‍ പരിശോധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡൊമെയ്ന്‍ വിദഗ്ധരുടെ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സ്വന്തം നിലയില്‍ പറഞ്ഞതെന്നും ലോ ഓഫീസര്‍ പറഞ്ഞിരുന്നു. ''സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഉണ്ടായെന്ന് അവകാശപ്പെടുന്ന വ്യക്തികളോട് എനിക്ക് വിരോധമില്ല. ഇത് ഗൗരവമുള്ള വിഷയമാണ്. അതിലേക്ക് കടക്കേണ്ടതുമാണ്. പെഗാസസ് ആണോ മറ്റെന്തെങ്കിലും ആണോ എന്നതാണ് ചോദ്യം. ഞങ്ങളുടെ നിലപാട് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തുന്നത് ദേശീയ താല്‍പ്പര്യത്തിന് ഗുണം ചെയ്യില്ല. അതിനാല്‍ സര്‍ക്കാര്‍ അംഗങ്ങളില്ലാതെ ഈ രംഗത്തെ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ഞങ്ങളെ അനുവദിക്കൂ,'' മേത്ത കൂട്ടിച്ചേര്‍ത്തു.

  ഈ വിഷയം പൊതു ചര്‍ച്ചയ്ക്കുള്ള വിഷയമല്ലാത്തതിനാൽഒരു പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. നിയമവിരുദ്ധമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവനയും നടത്തി. എന്നാല്‍, ഇരുസഭകളിലും ഈ വിഷയത്തില്‍ ചര്‍ച്ച നടക്കാത്തത് പ്രതിപക്ഷ എതിര്‍പ്പിന് ശക്തികൂട്ടി.

  സുപ്രീംകോടതി ഇതുവരെ എന്താണ് പറഞ്ഞത്?

  ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യം തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പൗരന്മാരുടെ മേല്‍ ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പെഗാസസ് കേന്ദ്രം ഉപയോഗിച്ചിരുന്നോയെന്നും, അത് നിയമാനുസൃതമാണോയെന്നുള്ളത് അറിയണമെന്ന് ബെഞ്ച് പറഞ്ഞിരുന്നു. പെഗാസസ് ഉപയോഗിച്ചുള്ള സ്വകാര്യതയുടെ ലംഘനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞിരുന്നു.

  സെപ്തംബര്‍ 23 ന്, വിഷയം കേള്‍ക്കുന്നതിനിടെ, കുറ്റാരോപണങ്ങളിലേക്ക് പോകാന്‍ കോടതി വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് ചീഫ് ജസ്റ്റീസ് സൂചന നല്‍കിയിരുന്നു. കമ്മിറ്റിയുടെ ഭാഗമാക്കാന്‍ ഉദ്ദേശിച്ചിരുന്ന ചില വിദഗ്ദ്ധര്‍ വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ആ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ ഉത്തരവിന് സമയമെടുക്കുന്നതായും ചീഫ് ജസ്റ്റീസ് പറഞ്ഞു.

  എന്താണ് പെഗാസസ് സ്‌പൈവേര്‍?

  ഇസ്രയേല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ എന്‍ എസ് ഒ-യുടെ വികസിപ്പിച്ച ഒരു ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ് (Pegasus). സാങ്കേതികമായി സ്‌പൈവേര്‍ (spyware) എന്നാണ് ഇതിനെ പറയുന്നത്. ഒരു വ്യക്തിയെക്കുറിച്ചോ ഒരു സംഘടനയെക്കുറിച്ചോ അവര് അറിയാതെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ സമ്മതമില്ലാതെ അത്തരം വിവരങ്ങള്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചവരുടെ പക്കല്‍ എത്തിക്കുകയും ചെയ്യുന്ന ജോലിയാണ് ഈ സ്‌പൈവെയറുകള്‍ ചെയ്യുന്നത്. വാട്സ്ആപ്പിലേക്ക് ഒരു മിസ്ഡ് വീഡിയോ കോള്‍ വരുന്നതോട് കൂടിയോ അല്ലെങ്കില്‍ ഇമെയില്‍, വൈബര്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ടെലഗ്രാം, സ്‌കൈപ്പ് തുടങ്ങി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയെല്ലാം മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന രീതിയാണ് ഇസ്രായേലി സ്‌പൈവെയറായ പെഗാസസിനുള്ളത്.

  അതായത് പെഗാസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തേണ്ട ആളിന്റെ മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വഴി നിര്‍ദോഷമെന്ന് തോന്നുന്ന ഒരു പ്രത്യേക ലിങ്ക് അയച്ചുകൊടുക്കും. ഉടമ ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ ആ ഉപകരണങ്ങളില്‍ പെഗാസസ് സ്‌പൈവേര്‍ ഇന്‍സ്റ്റാള്‍ ആവും. ഇതോട് കൂടി മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ പൂര്‍ണമായും നിരീക്ഷകരുടെ നിയന്ത്രണത്തിലാവും. അവര്‍ക്ക് പെഗാസസിന്റെ സഹായത്തോടെ ആ മൊബൈല്‍ ഫോണ്‍ / കമ്പ്യൂട്ടറില്‍ നിരീക്ഷണം നടത്തി ടെക്സ്റ്റ് സന്ദേശങ്ങള്‍ വായിക്കുന്നതിനും, കോള്‍ ട്രാക്കിംഗിനും, വെബ് ട്രാക്കിംഗിനും, പാസ്‌വേര്‍ഡ് ചോര്‍ത്തുന്നതിനും ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിയുന്നതിനും ഒക്കെ സാധിക്കും. കൂടാതെ ആ ഉപകരണങ്ങളിലെ കാമറ, മൈക്രോഫോണ്‍ എന്നിവ ഉപയോഗിച്ച് ഉടമ പോലും അറിയാതെ വിവരങ്ങള്‍ ശേഖരിക്കാനാവും

  ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് തങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ നല്‍കുന്നത് എന്നാണ് നിര്‍മ്മാതാക്കളായ എന്‍ എസ് ഒ പറയുന്നത്. ഒട്ടേറെ ലോകരാജ്യങ്ങള്‍ തങ്ങളുടെ രാജ്യസുരക്ഷയുടെ ഭാഗമായി പെഗാസസിന്റെ പല പല വിഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വന്‍ കോര്‍പ്പറേറ്റുകളും, പരസ്യ കമ്പനികളും, രാജ്യാധികാരികളും തങ്ങളുടെ പൗരന്മാരെയും, രാഷ്ട്രീയ എതിരാളികളെയും, ബിസിനസ് എതിരാളികളെയും നിരീക്ഷിക്കാന്‍ പെഗാസസ് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ശക്തമായ വിമര്‍ശനങ്ങളുണ്ട്. ഒപ്പം സ്വകാര്യതകള്‍ ലംഘിക്കുന്ന പെഗാസിസിന്റെ ഉപയോഗത്തെ സംബന്ധിച്ച് ഇസ്രായേല്‍ കമ്പനിയ്‌ക്കെതിരെ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ ലോകവ്യാപകമായി എത്തുന്നുണ്ട്.
  Published by:Naseeba TC
  First published: