• HOME
 • »
 • NEWS
 • »
 • explained
 • »
 • KMB: മറവിരോഗത്തിന് മറയ്ക്കാനാകാത്ത മൂന്നക്ഷരം; കെ എം ബഷീറിന്റെ മൂന്നാം ചരമവാർഷികം

KMB: മറവിരോഗത്തിന് മറയ്ക്കാനാകാത്ത മൂന്നക്ഷരം; കെ എം ബഷീറിന്റെ മൂന്നാം ചരമവാർഷികം

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സെപ്റ്റംബർ രണ്ടിന് വാദം കേൾക്കും

 • Last Updated :
 • Share this:
  മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീർ എന്ന കെഎംബി കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്നുവർഷം. മാധ്യമമേഖലയ്ക്കപ്പുറം കേരള പൊതുസമൂഹത്തിലാകെ ഇന്നും മായാതെ നിൽക്കുന്ന പേരാണ് ബഷീറിന്റേത്. പ്രിയപ്പെട്ടവൻ പോയിട്ട് മൂന്നുവർഷം പിന്നിട്ടിട്ടും നീതി തേടിയുള്ള പോരാട്ടത്തിലാണ് കുടുംബം. കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറാക്കിയ നടപടി ജനരോഷത്തെ തുടർന്ന് സർക്കാർ പിൻവലിച്ചത് കഴിഞ്ഞ ദിവസമാണ്. കേസ് അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ ബഷീറിന്‍റെ കുടുംബത്തെ ആശങ്കയിലാക്കുന്നുണ്ട്.

  ബഷീറിന്റെ ഭാര്യക്ക് ജോലി നൽകിയതിൽ മാത്രമാണ് സർക്കാർ ഇതുവരെ വാക്കുപാലിച്ചത്. ബഷീറിന്‍റെ ഭാര്യ ജസീലയും രണ്ട് മക്കളും തിരൂർ വാണിയന്നൂരിൽ മൂത്ത സഹോദരൻ താജുദ്ദീനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. തിരൂർ എംഇടി സ്കൂളിൽ നാലാം ക്ലാസിലാണ് എട്ടുവയസ്സുകാരിയായ മൂത്ത മകൾ ജന്ന ബഷീർ പഠിക്കുന്നത്. രണ്ടാമത്തെ മകൾ അസ്മി ബഷീറിന് മൂന്ന് വയസ്സ് പിന്നിട്ടു. കേസില്‍ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.

  ആ രാത്രി

  2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെ 1.45 നാണ് തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപം വച്ച് സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് കെ എം ബഷീർ വോക്സ് വാഗൺ വെന്റോ വാഹനമിടിച്ച് കൊല്ലപ്പെട്ടത്.
  മദ്യലഹരിയിൽ അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൽ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെ എം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫീസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. അധികം വൈകാതെ സ്ഥലത്തെത്തിയ പൊലീസ് ആദ്യം കാറോടിച്ചയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ആളേ തിരിച്ചറിഞ്ഞതോടെ ഓച്ഛാനിച്ചു നിന്ന് സല്യൂട്ടടിച്ചു. പിന്നെ നടന്നത് ഞെട്ടിക്കുന്ന അസംബന്ധ നാടകങ്ങൾ, നിയമ ലംഘനങ്ങൾ. ആദ്യം ശ്രീറാമിന്റെ കൂട്ടുകാരിയെ സുരക്ഷിതയാക്കി വീട്ടിലെത്തിച്ചു. ഉദ്യോഗസ്ഥ പ്രമാണിയെ രക്ഷിച്ചെടുക്കാൻ ക്രിമിനൽ നടപടി ചട്ടങ്ങളാകെ പൊലീസ് കാറ്റിൽപ്പറത്തി. ജില്ലാ കളക്ടറും ഐഎഎസ് ഉന്നതരും സഹപ്രവർത്തകനു വേണ്ടി രക്ഷാദൗത്യത്തിനിങ്ങി. രക്തപരിശോധന ഒഴിവാക്കിയും ഡയാലിസിസ് നടത്തിയും തെളിവുകൾ ഇല്ലാതാക്കി.  അപകടം നടന്ന ഉടന്‍ തന്നെ ഐഎഎസ് ബുദ്ധി കേസില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ തുടങ്ങി. ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തേക്കിറങ്ങി അപകടം നടന്ന സ്ഥലത്തു നിന്നും ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് പരിശോധന വൈകിപ്പിക്കാനും രക്തത്തില്‍ മദ്യത്തിന്റെ അംശം കാണപ്പെടുന്നത് ഒഴിവാക്കാനുമായിരുന്നു. അതിനു പുറമെ കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന വഫ ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു പൊലീസ് ഇതിന് കൂട്ടുനിന്നു.  പൊലീസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷപ്പെട്ട ശ്രീറാമിന്റെ തന്ത്രം വിജയിച്ചു. അടുത്ത ദിവസം രാവിലെ ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തെങ്കിലും മണിക്കൂറുകള്‍ വൈകിയുള്ള രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. അതേ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നു എന്ന് ആദ്യം പരിശോധിച്ച ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കെ എല്‍ 01ബി എം 360 നമ്പര്‍ വോക്‌സ് വാഗണ്‍ വെന്‌‍‍റോ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് വഫ ഫിറോസ് വ്യക്തമാക്കി. ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ വഫയെ ഹാജരാക്കി പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

  റെട്രൊഗ്രേഡ് അംനേഷ്യ

  തുടര്‍ന്ന് റെട്രൊഗ്രേഡ് അംനേഷ്യ എന്ന മറവി രോഗത്തിന്റെ സർട്ടിഫിക്കറ്റ് നൽകി ഡോക്ടർമാരും പഴയ സഹപ്രവർത്തകന് കവചം തീർത്തു. പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തു. മാസങ്ങള്‍ക്കകം തിരിച്ചെടുത്തു. പിന്നാലേ ഗുരുതര മറവി രോഗിക്ക് ആരോഗ്യവകുപ്പിൽ ഉന്നത പദവി.

  ഒടുവിൽ ദിവസങ്ങൾക്കു മുൻപ് ആലപ്പുഴ ജില്ലയുടെ കളക്ടറാക്കി അധികാരവും ചെങ്കോലും നൽകി. പക്ഷേ പ്രതിഷേധത്തിനൊടുവിൽ സർക്കാരിന് തീരുമാനം തിരുത്തേണ്ടി വന്നു.

  വിചാരണ വൈകിപ്പിക്കാൻ ശ്രമം

  പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആറു മാസത്തിനൊടുവില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അപകടസമയത്ത് താനല്ല കാര്‍ ഓടിച്ചിരുന്നതെന്നാണ് ശ്രീറാം അന്വേഷണ സംഘത്തിന് മുന്നിലും വകുപ്പ് തല അന്വേഷണ സമിതിക്ക് മുന്നിലും മൊഴി നല്‍കിയിരുന്നത്. ഇതെല്ലാം ഖണ്ഡിക്കുന്നതായിരുന്നു കുറ്റപത്രത്തിലെ ശാസ്ത്രീയമായ കണ്ടെത്തലുകള്‍.

  Sriram Venkitaraman, K M Basheer, kanthapuram, kerala muslim jamaat, kuwj, journalist, ശ്രീറാം, ശ്രീറാം വെങ്കിട്ടരാമൻ, കെഎംബി, കെ എം ബഷീർ, കാന്തപുരം വിഭാഗം, കേരള മുസ്ലിം ജമാഅത്ത്,  കേരള പത്രപ്രവർത്തക യൂണിയൻ

  കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന വോക്‌സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ശിപാര്‍ശ ചെയ്തു കൊണ്ട് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഇതിനെതിരെ സിറാജ് മാനേജ്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂണിയനും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തളളി സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

  2020 ഫെബ്രുവരി ഒന്നിന് ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കിയും അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് 2020 ഫെബ്രുവരി 24ന് ശ്രീറാം വെങ്കിട്ടരാമനും വഫയും നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. പ്രതികള്‍ രണ്ടു പേരും അന്ന് ഹാജരായില്ല. കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ അകാരണമായ ന്യായങ്ങള്‍ നിരത്തി കോടതിയില്‍ ഹാജരാകാതെ മാറി നില്‍ക്കാനാണ് ശ്രീറാം ശ്രമിച്ചത്. അപകടം സംഭവിച്ച ഉടന്‍ നടത്തിയ രക്ഷപ്പെടല്‍ തന്ത്രമാണ് കേസിന്റെ വിചാരണാ വേളയിലും ശ്രീറാം വെങ്കിട്ടരാമന്‍ ആവര്‍ത്തിക്കുന്നത്.  സെപ്റ്റംബർ രണ്ടിന് വാദം കേൾക്കും

  കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സെപ്റ്റംബർ രണ്ടിന് വാദം കേൾക്കും. വാദം ബോധിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നേരത്തേ നിർദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്ന് കോടതിയിൽ നിന്ന് കമ്മിറ്റ് ചെയ്ത കേസിൽ കുറ്റപത്രത്തിലാണ് ഇരു ഭാഗവും വാദം ബോധിപ്പിക്കുക. കൊലപാതകമല്ലാത്ത, കുറ്റകരമായ നരഹത്യാവകുപ്പ് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നിൽക്കുമെന്ന് സെഷൻസ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

  നീതിക്കായി തെരുവില്‍

  കുറ്റവാളിക്ക് അനുകൂല ഗൂഢനീക്കങ്ങൾക്കെതിരെ മാധ്യമങ്ങളും പൊതുസമൂഹവും ജാഗരൂകരാണ്. ബഷീറിന് നീതിക്കായി കണ്ണും കാതും കൂർപ്പിച്ച് ഞങ്ങളിവിടെയുണ്ടെന്ന് സിറാജ് മാനേജ്‌മെന്റും ബഷീർ പ്രതിനിധാനം ചെയ്ത പത്രപ്രവർത്തക യൂണിയനും വ്യക്തമാക്കുന്നു. അപകടസമയം മുതൽ ഒടുവിൽ സർക്കാർ ഇറക്കിയ നിയമന ഉത്തരവ് വരെ ബഷീറിന്റെ നീതിക്കായി കേരളത്തിലുയർന്ന ഇടപെടലുകളും പ്രതിഷേധങ്ങളും ചരിത്രമാണ്. ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് ശ്രീറാമിനെ ആലപ്പുഴയിൽ കലക്ടറായി നിയമിച്ചപ്പോൾ, കാന്തപുരം വിഭാഗം സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് തെരുവിലിറങ്ങിയതും കേരളം കണ്ടു.

  km basheer, sriram venkitaraman, kerala jamaat, kanthapuram aboobaker, kanthapuram faction, statewide protest, കെ എം ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ, കേരള മുസ്ലിം ജമാഅത്ത്, പ്രതിഷേധമാർച്ച്, കാന്തപുരം വിഭാഗം

  ശ്രീറാം കലക്ടറായി എത്തുന്ന ദിവസം ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ പ്രതിഷേധം വിഷയത്തെ കൂടുതൽ സജീവമാക്കി. നെഹ്‌റു ട്രോഫി വള്ളംകളി സംഘാടക സമിതി യോഗം ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും തീരുമാനം ശ്രീറാമിനെതിരെയുള്ള പ്രതിഷേധത്തിന്റെ തീവ്രത വർധിപ്പിച്ചു. ശ്രീറാമിനെ കളക്ടറായി പ്ര ഖ്യാപിച്ചതു മുതൽ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് കമന്റ്‌ബോക്‌സ് പൂട്ടി. കേരള പത്രപ്രവർത്തക യൂനിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സമര രംഗത്ത് സജീവമായി. ഇടത് എം എൽ എ പി വി അൻവർ, മുൻ ഇടത് എം എൽ എ കാരാട്ട് റസാഖ് എന്നിവരും ശ്രീറാമിന്റെ നിയമനം പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ചു.
  Published by:Rajesh V
  First published: