ഇങ്ങനെ ഹർത്താൽ നടത്താൻ പറ്റുമോ; കേരളാ ഹൈക്കോടതി പറഞ്ഞതെന്ത് ?
- Published by:Rajesh V
- news18-malayalam
Last Updated:
ഹർത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാർട്ടികളും ഏഴുദിവസം മുൻപ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നൽകണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്
ദേശീയ, സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിലും ഓഫീസുകൾ റെയ്ഡ് ചെയ്തതിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച (സെപ്റ്റംബർ 23) കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. എന്നാൽ ഹർത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാർട്ടികളും ഏഴുദിവസം മുൻപ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നൽകണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾ കോടതി കയറിയിറങ്ങേണ്ടിവരും.
2019 ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നൽ ഹർത്താലുകൾക്ക് പൂട്ടിട്ടത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് 2019 ജനുവരി മൂന്നിന് സംസ്ഥാന വ്യാപകമായി ബന്ദിന് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഉത്തരവ് വന്നത്. മിന്നൽ ഹർത്താലുകൾ ജനജീവിതവും സാമ്പത്തിക സ്ഥിതിയും തകർക്കുകയാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
Also Read- ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റ്; സംസ്ഥാനത്ത് നാളെ ഹർത്താലിന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു
advertisement
ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ ഏഴ് ദിവസം മുമ്പ് പബ്ലിക് നോട്ടീസ് നൽകണമെന്ന് പറയുന്നത് എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാൻ വേണ്ടിയാണ്. ജനതാത്പര്യം സംരക്ഷിക്കുന്നതിനായി മുൻകൂർ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും സമയം ലഭിക്കും. ഈ നിർദേശങ്ങൾ ലംഘിച്ചുള്ള ഹർത്താലുകൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം ഹർത്താലുകൾ ആഹ്വാനം ചെയ്യുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതിഷേധിക്കാനുള്ള സമരക്കാരുടെ മൗലികാവകാശത്തേക്കാൾ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിനാണ് മുൻതൂക്കമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഏഴുദിവസം മുമ്പ് നോട്ടീസ് നൽകിയാൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും കൂടുതൽ സമയം ലഭിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജന ജീവിതത്തെ ബാധിക്കുന്ന സമരവും ഹർത്താലുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവർ നൽകിയ ഹർജികളിലായിരുന്നു കോടതി ഉത്തരവ്.
advertisement
സംസ്ഥാനത്ത് ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജി 2021 സെപ്റ്റംബർ 24ന് ഹൈക്കോടതി തള്ളിയിരുന്നു. രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച കോടതി, ഹർത്താലുമായി സഹകരിക്കാൻ ആഗ്രഹിക്കാത്തവർക്ക് ജോലിക്ക് പോകണമെങ്കിൽ മതിയായ സംരക്ഷണം നൽകണമെന്ന് വ്യക്തമാക്കി.
പണിമുടക്ക് മൂലം അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ശാസ്താംകോട്ട സ്വദേശി സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്. ഇക്കാര്യത്തിൽ കോടതി നേരത്തെ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും കോടതി പറഞ്ഞു. ഹർത്താലിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി ചൂണ്ടിക്കാട്ടി. 1997 ൽ ബന്ദ് ഭരണഘടനാ വിരുദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2022 7:23 PM IST